മാതാവിനെ കണ്ട നിർവൃതിയിൽ സക്കരിയ മടങ്ങി

Update: 2019-10-21 05:02 GMT

ഹമീദ് പരപ്പനങ്ങാടി



പരപ്പനങ്ങാടി: ഒരുദിവസത്തെ പരോളിന്റ കനിവിൽ രോഗിയായ ഉമ്മയെ കാണാനെത്തിയ കോണിയത്ത് സക്കരിയ തിരിച്ച് യാത്രയായത് പുഞ്ചിരിയോടയാണെങ്കിലും യാത്രയാക്കാൻ വന്നവരെ കണ്ണീരണിയിപ്പിച്ചു. ബാംഗ്ലൂർ സ്ഫോടന കേസിൽ വിചാരണ തടവുകാരനായ പരപ്പനങ്ങാടി കോണിയത്ത് സക്കരിയക്ക് രോഗം കൊണ്ട് ഒരു ഭാഗം തളർന്ന മാതാവ് ബിയ്യുമ്മയെ കാണാൻ വിചാരണ കോടതി ഒരു ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നതിനെ തുടർന്ന് ഇന്നലെ (ഞായർ) രാവിലെ 8 മണിക്ക് പരപ്പനങ്ങാടി പുത്തൻ പീടികയിലെ വീട്ടിലെത്തിയിരുന്നു. ഉമ്മയെ കണ്ട് തിരിച്ച് രാത്രി 10 മണിക്ക് കർണ്ണാടകയിലേക്ക് പുറപ്പെടാൻ പോലിസ് വാഹനത്തിലേക്ക് കയറുമ്പോൾ സക്കരിയ തന്നെ യാത്രയാക്കാൻ വന്നവരെ നിറപുഞ്ചിരിയോടെയാണ് അഭിവാദ്യം ചെയ്തത്.


ഇതോടെ ബന്ധുക്കളുടേയും, മറ്റും നെഞ്ച് പിടഞ്ഞ് പോവുന്ന തേങ്ങലാണ് ഉയർന്നത്. നീണ്ട കാരാഗ്രഹവാസത്തിനിടെ ആർജിച്ചെടുത്ത നെഞ്ചുറപ്പ് സക്കരിയക്ക് ഇത്തരം സന്ദർഭങ്ങളിൽ തുണയാകുന്നത് ദൈവിക നിശ്ചയം. നീതിയും നിയമവും നിരപരാധിയായ ഈ യുവാവിനെതിരെ കണ്ണടക്കുമ്പോൾ വിധി വലിയ പരീക്ഷണങ്ങളായാണ് സക്കരിയയുടെ കുടുംബത്തിന് നേരിടുന്നത്. മറ്റൊരു മകന്റെ മരണവും, സക്കരിയയുടെ ജയിൽവാസവും മാതാവ് ബിയ്യുമ്മക്ക് താങ്ങാവുന്നതിന് അപ്പുറമായിട്ടുണ്ട്. മകൻ നിരപരാധിയായി തിരിച്ച് വരുമെന്ന ആത്മവിശ്വാസം ഉണ്ടങ്കിലും അത് കാണാൻ തനിക്ക് കഴിയുമോ എന്ന ആശങ്ക പ്രാർത്ഥനയായി മാറുന്നു. ഒരു ദിവസമെങ്കിലും രോഗിയായ തന്റെ അരികിൽ സക്കരിയ എത്തിയത് ബിയ്യുമ്മക്ക് ആശ്വാസമായിട്ടുണ്ട്. മകനെ യാത്ര‌യാക്കാൻ രോഗകിടക്കയിൽ നിന്ന് ബന്ധുക്കളുടെ സഹായത്തോടെ ബിയ്യുമ്മയും എത്തിയിരുന്നു. ഉമ്മയെ കണ്ട് തിരിച്ചുപോവാനുള്ള ചെലവ് ലക്ഷമായിരുന്നു. ബന്ധുക്കളുടേയും, സുഹൃത്തുക്കളുടേയും കാരുണ്യത്താലാണ് തുക കെട്ടിവെച്ചത്.


Similar News