കനത്തമഴയില്‍ പോളിങ് തടസ്സപ്പെടുന്നു; വോട്ടിങ് മാറ്റിവയ്ക്കുന്നത് തീരുമാനമായില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

Update: 2019-10-21 04:43 GMT

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെടുപ്പും മന്ദ​ഗതിയിൽ. വോട്ടിങ് മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. വോട്ടിങ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധവുമായി എറണാകുളത്ത് രം​ഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളും വോട്ടിങ് മാറ്റിവയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യുഡിഎഫും ബിജെപിയും ഇതിനോടകം ആവശ്യവുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. വോട്ടെടുപ്പ് പലയിടത്തും മുടങ്ങിയിട്ടുണ്ട്. വൈദ്യുതി മുടങ്ങിയതും പോളിങ് ബൂത്തില്‍ വെള്ളം കയറിയതും തിരിച്ചടിയായി. പലയിടങ്ങളിലും ബൂത്തുകൾ മാറ്റിസ്ഥാപിച്ചെങ്കിലും പോളിങ് മന്ദ​ഗതിയിലാണ്. മഴയ്ക്ക് ശമനമായെങ്കിലും ആളുകൾ വോട്ടിങിന് എത്തുന്നില്ല. സ്ത്രീ വോട്ടർമാരുടെ കുറവ് പ്രകടമായിരുന്നു. ചില ബൂത്തുകളിൽ മുട്ടോളം വെള്ളം നിറഞ്ഞിട്ടുണ്ട്. കൊച്ചിയിലെ മിക്ക റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടതും വോട്ടര്‍മാരെ വലയ്ക്കുകയാണ്. എറണാകുളത്ത് 40ശതമാനം പോളിങ് ബൂത്തുകളിലും വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. അയ്യപ്പൻകാവിലെ അഞ്ചു ബൂത്തുകളിൽ വെള്ളം കയറിയിട്ടുണ്ട്. 8000കുറവ് വോട്ടുകൾ മാത്രമാണ് എറണാകുളത്ത് പോൾ ചെയ്തിരിക്കുന്നത്.

അതേസമയം, കനത്ത മഴ തുടരുന്നതിനാല്‍ എറണാകുളത്തെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിലവില്‍ വോട്ടെടുപ്പ് മാറ്റിവെയ്ക്കേണ്ട സാഹചര്യമില്ലെന്നു ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

നിലവില്‍ വോട്ടെടുപ്പ് മാറ്റിവെയ്ക്കാന്‍ തീരുമാനമില്ലെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസും പ്രതികരിച്ചു. പ്രശ്നങ്ങള്‍ നേരിടുന്ന ബൂത്തുകളിലും പ്രദേശങ്ങളിലും സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും നിരീക്ഷകരോട് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Similar News