പുത്തുമലയിലും കവളപ്പാറയിലും തിരച്ചിലിന് റഡാറുകളും സ്നിഫർ ഡോഗുകളും

തിരച്ചിലിനായി സ്കാനർ ഉപയോഗപ്പെടുത്താൻ ആലോചിച്ചിരുന്നെങ്കിലും മരവും കല്ലും വെള്ളവും നിറഞ്ഞ ഭൂമിയിൽ സ്കാനർ പരിശോധന ദുഷ്കരമായതിനാൽ അതുപേക്ഷിച്ചു.

Update: 2019-08-14 13:48 GMT
കൽപ്പറ്റ: ഉരുൾപൊട്ടലിൽ പത്ത് പേർ മരിക്കുകയും ഏഴ് പേരെ കാണാതാവുകയും ചെയ്ത മേപ്പാടി പുത്തുമലയിലും നിലമ്പൂർ കവളപ്പാറയിലും മൃതദേഹങ്ങൾ തിരയാനായി ഹൈദരാബാദിൽ നിന്ന് റഡാറുകൾ കൊണ്ടുവരും. പരിശോധനയ്ക്കായി ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ (ജിപിആർ) സംവിധാനം നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്ന രണ്ട് ഏജൻസികൾ പിൻവാങ്ങിയ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ സ്ഥാപനമായ ഹൈദരാബാദ് നാഷണൽ ജിയോ ഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഹായം തേടിയതെന്ന് സബ് കലക്ടർ എൻഎസ്കെ ഉമേഷ് പറഞ്ഞു. നിലമ്പൂർ കവളപ്പാറയിലേക്കും വയനാട്ടിലേക്കുമായാണ് സംസ്ഥാന സർക്കാർ റഡാർ ആവശ്യപ്പെട്ടത്. തിരച്ചിലിനായി സ്കാനർ ഉപയോഗപ്പെടുത്താൻ ആലോചിച്ചിരുന്നെങ്കിലും മരവും കല്ലും വെള്ളവും നിറഞ്ഞ ഭൂമിയിൽ സ്കാനർ പരിശോധന ദുഷ്കരമായതിനാൽ അതുപേക്ഷിച്ചു. മനുഷ്യ സാന്നിധ്യമോ മൃതദേഹങ്ങളോ ഉണ്ടോയെന്നറിയാൻ കേരള പോലിസിന്റെ സ്നിഫർ ഡോഗുകളെയും കൊണ്ടുവരും. എറണാകുളത്ത് നിന്നുള്ള പോലിസ് നായകളെയാണ് കൊണ്ടുവരുന്നതെന്ന് സബ് കലക്ടർ പറഞ്ഞു. അഞ്ചാം ദിവസമായ ബുധനാഴ്ചയും നടത്തിയ തിരച്ചിൽ വിഫലമായി. കാണാതായ ഏഴ് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

Similar News