''രഥയാത്ര അനുവദിച്ചാല്‍ ജഗന്നാഥ ഭഗവാന്‍ പൊറുക്കില്ല''- പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി സുപ്രിംകോടതി

Update: 2020-06-18 09:58 GMT

ന്യൂഡല്‍ഹി: ജൂണ്‍ 23ന് ആരംഭിക്കുന്ന പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കും അനുബന്ധ ആഘോഷങ്ങള്‍ക്കും സുപ്രിംകോടതി വിലക്കേര്‍പ്പെടുത്തി. സംസ്ഥാനത്ത് രഥയാത്രയുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും വിലക്കുണ്ട്. ഇത്തരമൊരു പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ രഥയാത്രയ്ക്ക് അനുമതി നല്‍കുകയാണെങ്കില്‍ ഭഗവാന്‍ ജഗന്നാഥന്‍ നമ്മോട് പൊറുക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ നിരീക്ഷിച്ചു.

ഒഡീഷയിലെ എന്‍ജിഒ ആയ ഒഡീഷ വികാസ് പരിഷത്ത് ആണ് കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ രഥയാത്ര വിലക്കണമെന്ന ആവശ്യവുമായി  സുപ്രിംകോടതിയെ സമീപിച്ചത്. മാസങ്ങളായി രാജ്യത്ത് ലോക്ക് ഡൗണ്‍ നിലവിലുണ്ടെന്നും ഈ സാഹചര്യത്തില്‍ രഥയാത്ര അനുവദിക്കരുതെന്നുമാണ് ആവശ്യം. 

രഥയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടരുന്നു

ഹരജിയില്‍ തീരുമാനമെടുക്കും വരെ രഥയാത്രയുമായി ബന്ധപ്പെട്ട ഒന്നിനും അനുമതി നല്‍കരുതെന്ന് ഒഡീഷ സര്‍ക്കാരിന് നിര്‍ദേശം നല്‍കണം. ഇത്തരത്തിലുള്ള ഒരു ആഘോഷം നടത്തുന്നത് അപകടകരമാണ്. സംസ്ഥാന സര്‍ക്കാരിന്റെ മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ മെയ് 30 ഉത്തരവിലും കൂടിച്ചേരലുകള്‍ രോഗവ്യാപനത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്- ഹരജിയില്‍ പറയുന്നു.

ഇതിനിടില്‍ പുരിയില്‍ രഥയാത്രയുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ തുടരുകയാണ്. 144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭക്തരെ കൂടാതെ ആചാരം മാത്രമായി നടത്താനും ക്ഷേത്ര ഭാരവാഹികള്‍ ആലോചിക്കുന്നുണ്ട്. 

ജൂണ്‍ 30 വരെ എല്ലാ മതാഘോഷങ്ങള്‍ക്കും ഒഡീഷ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.  

Similar News