മാള സബ്ബ് സ്‌റ്റേഷന്‍: വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി തടസ്സവും ജനങ്ങളെ ദുരിതത്തിലാക്കുന്നു

Update: 2020-03-12 16:30 GMT

മാള (തൃശ്ശൂര്‍): വാള്‍ട്ടേജ് ക്ഷാമവും നിരന്തരമായുള്ള വൈദ്യുതി തടസ്സവും ജനങ്ങളെ ദുരിതത്തിലാക്കുന്നു. 230 വോള്‍ട്ടിലുള്ള വൈദ്യുതി ലഭ്യമാക്കേണ്ട സ്ഥാനത്ത് 180 മുതല്‍ പരമാവധി 220 വോള്‍ട്ട് വൈദ്യുതിയാണ് മാള സബ്ബ് സ്‌റ്റേഷനില്‍ നിന്നും കുറച്ച് ആഴ്ചകളായി ലഭിക്കുന്നത്. പകല്‍ സമയങ്ങളില്‍ 180 മുതല്‍ 200 ഓ 205 ഓ വോള്‍ട്ടിലുള്ള വൈദ്യുതിയാണ് ലഭിക്കുന്നത്.

180 വോള്‍ട്ടിലുള്ള വൈദ്യുതിയില്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉപകരണങ്ങള്‍ തകരാറിലാകാനും വൈദ്യുത ഉപഭോഗം വളരെയധികം വര്‍ധിക്കാനും കാരണമാകും. ശരാശരി 230 വോള്‍ട്ടിലുള്ള വൈദ്യുതി ലഭിച്ചാലാണ് ഉപകരണങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുക. മിക്‌സി, െ്രെഗന്റര്‍ പോലുള്ള ഉപകരണങ്ങള്‍ കുറഞ്ഞ വോള്‍ട്ടേജില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉപകരണത്തിന്റെ ശബ്ദം കൂടുകയും കൂടുതല്‍ നേരം പ്രവര്‍ത്തിപ്പിക്കുകയും വേണം. കുറഞ്ഞ വോള്‍ട്ടേജില്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് ടാങ്കില്‍ വെള്ളം നിറക്കാനേറെ സമയമെടുക്കുകയും വൈദ്യുതി ഉപഭോഗം കൂടുകയും ചെയ്യും. വൈദ്യുതോപയോഗം കുറയാനും ഉപകരണങ്ങള്‍ കൂടുതല്‍ കാലം നിലനില്‍ക്കാനും ഗുണമേന്‍മയുള്ള വൈദ്യുതി ആവശ്യമാണ്. പകല്‍ നേരത്തെ കനത്ത ചൂടില്‍ വാര്‍ക്കയും മറ്റും ചൂടായി രാത്രി മുറികള്‍ക്കകത്തേക്ക് ചൂട് പകരുകയാണ്. ഇതിനെ പ്രതിരോധിക്കാനായി ഫാനുകള്‍ പരമാവധി സ്പീഡില്‍ പ്രവര്‍ത്തിപ്പിച്ചാലും ആവശ്യത്തിന് കാറ്റ് കിട്ടാത്ത അവസ്ഥയാണ്.

66 കെ വിയില്‍ നിന്നും മാള സബ്ബ് സ്‌റ്റേഷനെ 110 കെ വിയായി ഉയര്‍ത്തി പ്രക്യാപനം നടന്നത് 2019 ഡിസംബര്‍ 24 നാണ്. വൈദ്യുതി വകുപ്പുമന്ത്രി എം എം മണിയാണ് മാള ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പ്രഖ്യാപനം നടത്തിയത്. ഗുണമേന്‍മയുള്ള വൈദ്യുതി തടസ്സം കൂടാതെ നിരന്തരം എന്നായിരുന്നു പ്രഖ്യാപനം. സബ്ബ് സ്‌റ്റേഷന്റെ അപ്ഗ്രഡേഷന്‍ കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ വലിയ കുഴപ്പമില്ലാതെ പോയി. പിന്നീടാണ് വോള്‍ട്ടിലുള്ള കുറവും ഇടക്കിടെ വൈദ്യുതി തടസ്സവും തുടങ്ങിയത്. ഓരോ ദിവസവും മണിക്കൂറുകളാണ് വൈദ്യുതി തടസ്സപ്പെടുന്നത്. രാത്രയോ പകലോ സന്ധ്യാസമയമോ എന്നില്ലാതെ വൈദ്യുതി തടസ്സം തുടരുകയാണ്. കൂടുതലായി വൈദ്യുതി തടസ്സമുണ്ടാകുന്നത് സന്ധ്യാസമയങ്ങളിലാണ്. കഴിഞ്ഞ രാത്രിയില്‍ അര്‍ദ്ധരാത്രിക്ക് ശേഷം കാറ്റും മഴയുമുണ്ടായിരുന്നു. കുഴൂര്‍ സെക്ഷനില്‍ പുലര്‍ച്ചെ 3.45 ന് മുന്‍പായി തടസ്സപ്പെട്ട വൈദ്യുതി തിരികെ ഭൂരിഭാഗം പ്രദേശങ്ങളിലും എത്തിയത് പകല്‍ 10.05 ഓടെയാണ്. പിന്നീടും പലയാവര്‍ത്തി വൈദ്യുതി തടസ്സമുണ്ടായി. ശരാശരി 180 വോള്‍ട്ടിലുള്ളപ്പോള്‍ മാള സബ്ബ് സ്‌റ്റേഷനിലേക്ക് ഈ റിപ്പോര്‍ട്ടര്‍ വിളിച്ച് വിവരം ചോദിച്ചതിന് ശേഷം വൈദ്യുതി തടസ്സപ്പെട്ടു. വൈകാതെ ചാര്‍ജ്ജ് ചെയ്തപ്പോള്‍ വോള്‍ട്ടേജ് ശരാശരി 200 ലേക്കെത്തി. വീണ്ടും വൈദ്യുതി തടസ്സപ്പെട്ട് വന്നപ്പോള്‍ ശരാശരി 215 വോള്‍ട്ടേജായി. 3.5 കോടി രൂപ കൊണ്ട് സബ്ബ് സ്‌റ്റേഷന്റെ അപ്ഗ്രഡേഷന്‍ പൂര്‍ത്തീകരിച്ചതാണ്. ഇതോടെ വോള്‍ട്ടേജ് ക്ഷാമത്തിനും മറ്റും പരിഹാരമായത് കൂടാതെ ആവശ്യാനുസരണം വൈദ്യുതി നല്‍കാനുമാകുന്ന അവസ്ഥയിലെത്തുമെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞിരുന്നത്.

പ്രസരണ നഷ്ടം കുറയ്ക്കുക, വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുക, തടസ്സം കൂടാതെ ഗുണമേന്‍മയുള്ള വൈദ്യുതി ഉപഭോക്താക്കളിലെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് മാള 66 കെ വി സബ്ബ് സ്‌റ്റേഷനില്‍ നിന്നും 110 കെ വി സബ്ബ് സ്‌റ്റേഷനാക്കാനാക്കിയത്. മാള, അന്നമനട, പൊയ്യ, കുഴൂര്‍, പുത്തന്‍ചിറ, ആളൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളാണ് ഗുണഭോക്താക്കള്‍. 110 കെ വി ലൈനില്‍ തടസ്സം വന്നാല്‍ 66 കെ വി ലൈനും ഉപയോഗിക്കാമെന്ന മെച്ചവുമുണ്ടായിട്ടും വോള്‍ട്ടേജ് കുറവും വൈദ്യുതി തടസ്സവും മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതലാണിപ്പോള്‍. അതേസമയം സബ്ബ് സ്‌റ്റേഷനോടടുത്തുള്ള പ്രദേശങ്ങളില്‍ 235 വോള്‍ട്ട് ശരാശരിയുണ്ട് എന്നതും ശ്രദ്ധേയമാണ്. വാഗ്ദാനം പ്രാവര്‍ത്തികമാക്കണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം.

Tags:    

Similar News