10 വര്‍ഷം തോല്‍ക്കാതെ പോരാട്ടം; ഒടുവില്‍ പുഷ്പലതയ്ക്ക് ജോലി

അങ്കണവാടിയില്‍ ഹെല്‍പറായി നിയമനം ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ചാണ് ആലിപ്പറമ്പ് പഞ്ചായത്തിലെ കാമ്പുറം കണക്കഞ്ചേരി അങ്കണവാടിക്ക് കെട്ടിടം നിര്‍മിക്കാന്‍ ആകെയുള്ള 11.5 സെന്റില്‍നിന്ന് മൂന്നു സെന്റ് വില്ലേജ് ഓഫിസര്‍ മുഖേന സര്‍ക്കാരിലേക്ക് 2009ല്‍ വിട്ടുനല്‍കിയത്.

Update: 2019-06-04 14:14 GMT

പെരിന്തല്‍മണ്ണ: അധികൃതര്‍ പറഞ്ഞുപറ്റിച്ച ടി പുഷ്പലതയ്ക്ക് 10 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ അങ്കണവാടിയില്‍ ആശ്രിത നിയമനം. അങ്കണവാടിയില്‍ ഹെല്‍പറായി നിയമനം ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ചാണ് ആലിപ്പറമ്പ് പഞ്ചായത്തിലെ കാമ്പുറം കണക്കഞ്ചേരി അങ്കണവാടിക്ക് കെട്ടിടം നിര്‍മിക്കാന്‍ ആകെയുള്ള 11.5 സെന്റില്‍നിന്ന് മൂന്നു സെന്റ് വില്ലേജ് ഓഫിസര്‍ മുഖേന സര്‍ക്കാരിലേക്ക് 2009ല്‍ വിട്ടുനല്‍കിയത്.

എന്നാല്‍, 2013 ല്‍ സാമൂഹിക നീതി വകുപ്പിന്റെ ഉത്തരവില്‍ അങ്കണവാടിക്കായി ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള ആശ്രിത നിയമനത്തിന് 2011 മുതലാണ് പ്രാബല്യം നല്‍കിയത്. ഇതോടെ പുഷ്പലത ആനുകൂല്യത്തിന് പുറത്തായി. പിന്നീട് വകുപ്പ് മന്ത്രിക്ക് ഉള്‍പ്പെടെ ഒട്ടേറെ പരാതികള്‍ നല്‍കി. തുടര്‍ന്ന് ആശ്രിത നിയമന പ്രാബല്യം ഭൂമി വിട്ടു നല്‍കിയ തീയതി മുതല്‍ എന്ന് ഭേദഗതി വരുത്തി. പരാതിക്കാരിക്ക് പെരിന്തല്‍മണ്ണ അഡീഷനല്‍ പ്രൊജക്ടില്‍ അങ്കണവാടി ഹെല്‍പര്‍ തസ്തികയില്‍ സ്ഥിര നിയമനം നല്‍കാന്‍ ഡയറക്ടര്‍ ഉത്തരവിട്ടു. എന്നാല്‍ സിഡിപിഒ നിയമനം നല്‍കിയത് 18 കിലോമീറ്റര്‍ അകലെയുള്ള കേന്ദ്രത്തിലാണ്. ഭൂമി വിട്ടു നല്‍കിയ അതേ സെന്ററില്‍ തന്റെ നിയമനം മാറ്റിത്തരണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു.

ഇതേ തുടര്‍ന്ന് പുഷ്പലതയുടെ പരാതിയില്‍ ജില്ലാ ഓഫിസര്‍ അടിയന്തര തീര്‍പ്പ് കല്‍പ്പിക്കണമെന്ന 2016ലെ ഹൈക്കോടതി വിധിയും അധികൃതര്‍ പാലിച്ചില്ല. വീണ്ടും സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍, നിര്‍ദിഷ്ട ഭൂമി അങ്കണവാടിക്കു വേണ്ടി വിലയ്ക്ക് വിറ്റതാണെന്നായിരുന്നു അഡീഷനല്‍ പ്രോജക്ട് ഓഫിസര്‍ സര്‍ക്കാരിലേക്കു നല്‍കിയ റിപോര്‍ട്ട്.

ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ പുഷ്പലതയ്ക്ക് നല്‍കിയ നിയമനം ഏകപക്ഷീയമായി റദ്ദാക്കി. ഇതിനെതിരേ വീണ്ടും ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അണ്ടര്‍ സെക്രട്ടറി ഏറ്റവും അടുത്തുള്ള അങ്കണവാടിയിലെ ഒഴിവില്‍ നിയമനം നല്‍കി ഉത്തരവിട്ടു. ആലിപ്പറമ്പ് പഞ്ചായത്തിലെ പാറല്‍ അങ്കണവാടിയില്‍ സ്ഥിരം ഹെല്‍പറായിട്ടാണ് നിയമനം.

Tags:    

Similar News