നിസ്താര്‍ എം നഹാസ്
പെരിന്തല്‍മണ്ണ: കഴിഞ്ഞ മാസം പടപ്പറമ്പില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാട്ടുകാരനും കുട്ടിയുടെ സുഹൃത്തുമായ യുവാവിനെ കൊളത്തൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. പരവക്കല്‍ അമ്പലംപടി മണ്ണാര്‍ത്തൊടി സുധീഷിനെയാണ് കൊളത്തൂര്‍ സിഐ പി.എം ഷമീര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 7ാം തീയതി വൈകിട്ട് പടപ്പറമ്പ് തോണിക്കല്ലിലുള്ള കുട്ടിയുടെ അമ്മയുടെ മൂത്ത സഹോദരിയുടെ വീട്ടില്‍ കിടപ്പുമുറിയുടെ ഇടവട്ടത്തില്‍ സാരിയില്‍ കെട്ടിത്തൂങ്ങി മരണപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് പത്താം ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചതിനാല്‍ കഴിഞ്ഞ മാര്‍ച്ച് 23 മുതല്‍ ഒറ്റക്ക് താമസിക്കുന്ന വല്യമ്മയുടെ വീട്ടിലായിരുന്നു കുട്ടി നിന്നിരുന്നത്. പോലീസ് ഇന്‍ക്വസ്റ്റിലും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗം നടത്തിയ പോസ്റ്റുമാര്‍ട്ടത്തിലും മരണത്തില്‍ എന്തെങ്കിലും അസ്വഭാവികതയോ കുട്ടിക്കെതിരെ എന്തെങ്കിലും അതിക്രമങ്ങള്‍ നടന്നതായോ കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം കൊളത്തൂര്‍ സിഐയുടെ നേതൃത്വത്തില്‍ സയന്റിഫിക് ഓഫീസര്‍ ഫിംഗര്‍പ്രിന്റ്, സൈബര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രതിക്ക് കുട്ടിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് സൂചന കിട്ടി. തുടര്‍ന്നാണ് സുധീഷിനെ അറസ്റ്റ് ചെയ്തത്.
പ്രതി മൂന്നു മാസത്തിലേറെയായി കുട്ടിയുമായി അടുപ്പത്തിലായിരുന്നു. രാത്രികളില്‍ കുട്ടിയുമായി വല്യമ്മയുടെ ഫോണില്‍ സംസാരിക്കുക പതിവാണ്. മരിക്കുന്നതിന്റെ തലേദിവസം രാത്രിയില്‍ പ്രതി ആവശ്യപ്പെട്ടിട്ടും കുട്ടി വീടിന് പുറത്ത് ഇറങ്ങി വന്നില്ല. പിറ്റേന്ന് യുവാവ് കുട്ടിയെ ഫോണില്‍ കൂടി കഠിനമായി അധിക്ഷേപിച്ചു. ബന്ധമുപേക്ഷിക്കുമെന്നും ഭീഷണി മുഴക്കി. അങ്ങനെയെങ്കില്‍ താന്‍ ജീവിച്ചിരിക്കില്ലെന്നും കുട്ടി പറഞ്ഞു. എന്നാല്‍ അങ്ങനെ ചെയ്‌തോ എന്ന് പറഞ്ഞതിനെ തുടര്‍ന്ന് കുട്ടി കടുത്ത മാനസിക വിഷമത്തിലായി. തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പോലിസ് പറയുന്നത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കുറ്റത്തിനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം ഫോണില്‍ കൂടി ബന്ധപ്പെട്ട കുറ്റത്തിന് പോക്‌സോ നിയമപ്രകാരവുമാണ് യുവാവിനെതിരേ കേസെടുത്തിട്ടുള്ളത്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ആവശ്യമെങ്കില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലിസ് പറഞ്ഞു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അത് ഫോറന്‍സിക് വിഭാഗത്തിന് കൈമാറുമെന്നും സിഐ അറിയിച്ചു.
കേസന്വേഷണത്തില്‍ സിഐയെ കൂടാതെ എസ്‌ഐ റെജിമോന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷറഫുദ്ദീന്‍, സൗമ്യ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ പെരിന്തല്‍മണ്ണ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കി. 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

