കോവിഡ് 19: ആരാധനാലയങ്ങളില്‍ തെര്‍മല്‍ സ്‌കാനര്‍ വേണം

രോഗ ലക്ഷണങ്ങളുള്ള ആരേയും ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കരുതെന്നും പൊതു ടാങ്കില്‍ നിന്നുള്ള വെള്ളം ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കരുതെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

Update: 2020-06-11 14:39 GMT

മലപ്പുറം: ജില്ലയില്‍ തുറക്കുന്ന ആരാധനാലയങ്ങളില്‍, കോവിഡ് വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത പുലര്‍ത്തുകയും കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇക്കാര്യങ്ങള്‍ ആരാധനാലയ അധികൃതര്‍ ഉറപ്പുവരുത്തണം. ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കാന്‍ തെര്‍മല്‍ സ്‌കാന്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരുക്കണം. രോഗ ലക്ഷണങ്ങളുള്ള ആരേയും ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കരുതെന്നും പൊതു ടാങ്കില്‍ നിന്നുള്ള വെള്ളം ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കരുതെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതിനും പുറത്ത് കടക്കുന്നതിനും പ്രത്യേകം കവാടങ്ങള്‍ ഉണ്ടാകണം. അന്നദാനം, ചോറൂണ്, പ്രസാദം, തീര്‍ഥജലം തളിക്കല്‍ എന്നിവ പാടില്ല.

എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിക്കരുത്. 10 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍, 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റ് രോഗങ്ങളുള്ളവര്‍ എന്നിവരെ ഒരു കാരണവശാലും ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കരുത്. ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും കൂട്ടമായി പാടുന്നത് ഒഴിവാക്കേണ്ടതാണ്. ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നവരെല്ലാം നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

ഹസ്തദാനം, ആലിംഗനം ചെയ്യല്‍, കൂട്ടംകൂടിയിരിക്കല്‍ തുടങ്ങിയവ അനുവദിക്കില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓരോരുത്തരും അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ രേഖപ്പെടുത്തിയ പോസ്റ്റര്‍ ആരാധനാലയങ്ങളിലെ പ്രവേശന കവാടത്തില്‍ പ്രദര്‍ശിപ്പിക്കണം.

രണ്ട് പേര്‍ തമ്മില്‍ ആറ് അടിയെങ്കിലും അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പ്രവേശന കവാടത്തില്‍ സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കുകയും അതില്‍ ആരാധനാലയങ്ങളില്‍ എത്തുന്നവവര്‍ സ്വന്തം പേന ഉപയോഗിച്ച് പേര്, മേല്‍വിലാസം, സ്ഥലം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. പ്രവേശന കവാടത്തിനടുത്ത് കൈ - കാലുകള്‍ കഴുകുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണം.

പ്രാര്‍ഥനക്കെത്തുന്നവര്‍ ആവശ്യമായ പായ, വിരിപ്പ് തുടങ്ങിയവ കൊണ്ടുവരണം. ഒരാള്‍ ഉപയോഗിച്ച ഇത്തരം വസ്തുക്കള്‍ മറ്റുള്ളവര്‍ ഉപയോഗിക്കരുത്. സ്ഥല സൗകര്യത്തിനനുസരിച്ച് സാമൂഹ്യ അകലം ഉറപ്പാക്കി മാത്രമേ ആളുകളെ അകത്ത് പ്രവേശിപ്പിക്കാവൂ എന്നും മലപ്പുറം ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.


Tags: