കന്യാസ്ത്രീയുടേത് മുങ്ങി മരണമെന്ന് പ്രാഥമിക നിഗമനം

Update: 2018-09-10 09:45 GMT


കൊല്ലം: പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ സിസ്റ്റര്‍ സി ഇ സൂസമ്മയുടേത് (55) മുങ്ങിമരണമെന്നു സൂചന. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ പ്രാഥമിക നിഗമനം ഇതാണെന്ന് പോലിസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. അന്നനാളത്തില്‍ നിന്ന് നാഫ്ത്തലിന്‍ ഗുളികയുെ അംശം കണ്ടെത്തി. കൈത്തണ്ടകളിലെ മുറിവല്ലാതെ മറ്റു മുറിവുകളൊന്നും ശരീരത്തില്‍ ഇല്ല. വെള്ളം ഉളളില്‍ ചെന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്.

അതേസമയം, അന്വേഷണ സംഘം ഇന്നും മഠത്തിലെ കന്യാസ്ത്രീകളുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തിലെ അസ്വാഭാവികത സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് പൊലിസ് തീരുമാനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ച മൊഴികളും ഒത്ത് നോക്കിയ ശേഷം അന്തിമ തീരുമാനത്തിലെത്തുമെന്നാണ് പൊലിസ് പറയുന്നത്.

ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണു കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ സിസ്റ്റര്‍ സൂസമ്മയെ മരിച്ചനിലയില്‍ കണ്ടത്. കഴിഞ്ഞ മാസം 15 മുതല്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന ഇവര്‍ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നു ബന്ധുക്കള്‍ പൊലിസിനോടു പറഞ്ഞിരുന്നു. അസ്വാഭാവിക മരണത്തിനാണു കേസെടുത്തിരിക്കുന്നത്.

മൗണ്ട് താബൂര്‍ ദേറയിലെ കിടപ്പുമുറിയില്‍ നിന്ന് 60 മീറ്റര്‍ ദൂരത്ത് കീഴ്ക്കാംതൂക്കായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കിണറിന്റെ ഭാഗത്തേക്ക് ഇരു കൈയിലേയും മുറിവുമായി കന്യാസ്ത്രീ എങ്ങനെ എത്തി എന്നതാണ് പൊലിസിനെ കുഴക്കുന്ന ചോദ്യം. സൂസണ്‍ മാത്യൂ മുടി മുറിച്ചത് എന്തിനായിരുന്നു എന്നതിലും അന്വേഷണം നടക്കുന്നു.

ഡോ. ശശികലയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടന്നത്. നടപടികളുടെ ദൃശ്യങ്ങള്‍ പൊലിസ് പകര്‍ത്തുന്നുണ്ട്. നിലവിലെ അന്വേഷണ സംഘത്തെ മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.

അന്‍പതോളം കന്യാസ്ത്രീകളാണു മഠത്തിലുള്ളത്. സിസ്റ്റര്‍ സൂസമ്മ മുറിയില്‍ തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്. രാവിലെ കുര്‍ബാനയ്ക്കു മൗണ്ട് താബോര്‍ ദയറാ വളപ്പിലെ പള്ളിയിലോ ചാപ്പലിലോ സിസ്റ്റര്‍ എത്താതിരുന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.
Tags:    

Similar News