ക്രൈസ്തവ വൈദികരെല്ലാം മോശക്കാരാണെന്ന ചിത്രീകരണം നടത്തുന്നു: കോടിയേരി

Update: 2018-09-21 08:22 GMT


തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായി കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയുടെ പശ്ചാത്തലത്തില്‍ െ്രെകസ്തവ വൈദികരെല്ലാം മോശക്കാരാണെന്ന ചിത്രീകരണം നടത്തുകയാണെന്ന്് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിന്റെ മറവില്‍
െ്രെകസ്തവസഭയെത്തന്നെ അപകീര്‍ത്തിപ്പെടുന്ന ചില കേന്ദ്രങ്ങളുണ്ടെന്നും പാര്‍ട്ടി മുഖപത്രത്തില്‍ ബിഷപ്പ് കേസും സ്ത്രീ സുരക്ഷാ നയവും എന്ന എഡിറ്റോറിയല്‍ പേജിലെ ലേഖനത്തില്‍ കോടിയേരി കുറ്റപ്പെടുത്തുന്നു.

അത്തരം വര്‍ഗീയശക്തികളെ തിരിച്ചറിയണം. ഒരു ബിഷപ്പ്, കേസില്‍ ഉള്‍പ്പെട്ടതുകൊണ്ട് വൈദികരെല്ലാം മോശക്കാരാണെന്ന് ചിത്രീകരിക്കുന്നത് ദുരുദ്ദേശ്യപരമാണ്. കന്യാസ്ത്രീ സമരത്തിന്റെ മറവില്‍ എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ രാഷ്ട്രീയ വിദ്വേഷം പരത്താനാണ് നോട്ടം. ഇത്തരം രാഷ്ട്രീയ ശക്തികള്‍ കന്യാസ്ത്രീ സമരത്തെ ഹൈജാക്ക് ചെയ്യാനും സംസ്ഥാന വ്യാപകമായ സമര പരമ്പര സൃഷ്ടിക്കാനും ഒളിഞ്ഞും തെളിഞ്ഞും പറപ്പെട്ടിരിക്കുകയാണ്.

ഇതിന്റെ അപകടം ജനാധിപത്യ മതനിരപേക്ഷ വിശ്വാസികള്‍ തിരിച്ചറിയണം. ഒരു ബിഷപ്പിനെതിരെ സ്വന്തം സഭയിലെ കന്യാസ്ത്രീ പൊലിസില്‍ പരാതിയുമായി എത്തിയതും അവര്‍ക്ക് പിന്തുണയുമായ നാല് കന്യാസ്ത്രീകള്‍ പ്രത്യക്ഷ സമരത്തിന് വന്നതും സഭയില്‍തന്നെ സംഭവിച്ചിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണെന്നും കോടിയേരി പറഞ്ഞു.

ഹിന്ദുരാഷ്ട്രം അക്രമാസക്തമായി സ്ഥാപിക്കാന്‍ നിലകൊള്ളുന്ന വര്‍ഗീയശക്തികളുടെ വകതിരിവുകേടിനെ തുറന്നുകാട്ടണം. ബിഷപ്പിനെ രക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതായും അത് വോട്ട് ലാക്കാക്കിയാണെന്നും ചില കൂട്ടര്‍ തട്ടിവിടുന്നുണ്ട്. സ്ത്രീപീഡന കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ ബിഷപ്പായാലും സന്യാസിയായാലും മുക്രിയായാലും പോലീസ് നിയമ ഭരണചക്രങ്ങള്‍ ഉരുളുന്നതില്‍ ഒരു ദയാദാക്ഷിണ്യവും എല്‍ഡിഎഫ് ഭരണത്തില്‍ ഉണ്ടാകില്ല.

സ്ത്രീ പീഡിപ്പിക്കപ്പെട്ട കേസുകളില്‍ തെളിവുണ്ടെങ്കില്‍ പ്രതികള്‍ അഴിയെണ്ണുകയും നിയമനടപടിക്ക് വിധേയരാകുകയും ചെയ്യും. വോട്ട് അല്ല കുറ്റത്തിന്റെ ഗൗരവവും തെളിവുമാണ് നിയമനടപടിക്ക് അടിസ്ഥാനമെന്നും കോടിയേരി പറഞ്ഞു.
Tags: