നജീബ് അഹ്മദിന്റെ തിരോധാനം: പ്രതികളെ ചോദ്യം പോലും ചെയ്യാതെ സിബിഐ കേസ് അവസാനിപ്പിച്ചു; അനുമതി നല്‍കി ഹൈക്കോടതി

Update: 2018-10-08 06:56 GMT


ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ (ജെഎന്‍യു) വിദ്യാര്‍ഥി നജീബ് അഹ്മദിനെ കാണാതായ സംഭവത്തില്‍ കേസ് അവസാനിപ്പിക്കുന്നതായുള്ള റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി സിബിഐക്ക് അനുമതി നല്‍കി.

കേസ് സംബന്ധിച്ച തല്‍സ്ഥിതി റിപോര്‍ട്ടിന് നജീബിന്റെ മാതാവ് ഫാത്തിമ നഫീസിന് വിചാരണക്കോടതിയെ സമീപിക്കാവുന്നതാണ്. അതിന് ശേഷം പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കാവുന്നതാണെന്നും ജസ്റ്റിസുമാരായ എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടു.

2016 ഒക്ടോബറിലാണ് സര്‍വകലാശാലയ്ക്കടുത്തു നിന്നു നജീബിനെ കാണാതായത്. നജീബിന്റെ മാതാവ് ഫാത്തിമ നഫീസാണ് ഹരജി സമര്‍പ്പിച്ചത്. വാദംപൂര്‍ത്തിയായി വിധി പറയാന്‍ സപ്തംബര്‍ നാലിനാണു ഹരജി കോടതി മാറ്റിയത്.

കേസ് അവസാനിപ്പിക്കുന്ന റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നു കേസന്വേഷിച്ച സിബിഐ കോടതിയെ അറിയിച്ചിരുന്നു. നജീബിന്റെ തിരോധാനത്തിന്റെ എല്ലാവശവും പരിശോധിച്ചുവെന്നും അദ്ദേഹത്തിനെതിരേ അതിക്രമം നടന്നതായി കരുതുന്നില്ലെന്നും സിബിഐ പറഞ്ഞു.

2016 ഒക്ടോബര്‍ 15ന് എബിവിപി പ്രവര്‍ത്തകരുമായി കൈയാങ്കളി നടന്നതിനെ തുടര്‍ന്ന് ജെഎന്‍യുവിലെ മഹിമണ്ഡ്‌വി ഹോസ്റ്റലില്‍ നിന്നാണ് നജീബിനെ കാണാതായത്. നജീബിനെ എബിവിപി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതായും ആരോപണമുയര്‍ന്നിരുന്നു. നജീബിനെ കണ്ടെത്താന്‍ എസ്‌ഐടി രൂപീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. സിബിഐ വേണ്ട വിധം കേസ് അന്വേഷിച്ചില്ലെന്നും ഹരജിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.

ആവശ്യമായ തെളിവുകളില്ലാത്തതിനാല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ മോചിപ്പിക്കുന്ന 169ാം വകുപ്പ് പ്രകാരമാണ് സിബിഐ കോടതിയില്‍ കേസ് അവസാനിപ്പിക്കാനുള്ള റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്.

അതേ സമയം, സിബിഐയുടെ നീക്കത്തെ നജീബിന്റെ മാതാവിന്റെ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് എതിര്‍ത്തു. പ്രതികളെ ചോദ്യംപോലും ചെയ്യാതെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് സിബിഐ എന്ന് അദ്ദേഹം ആരോപിച്ചു. സിബിഐ അതിന്റെ യജമാനന്മാരുടെ സമ്മര്‍ദ്ദത്തിന് കീഴടങ്ങിയിരിക്കുകയാണ്. നീതിപൂര്‍വവും സത്യസന്ധവുമായല്ല കേസില്‍ അന്വേഷണം നടന്നത്. എന്ത് കൊണ്ട് സിബിഐ പ്രതികളെ കസ്റ്റിഡിയില്‍ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
Tags:    

Similar News