ഇരിട്ടി സ്‌ഫോടനം: മുസ്ലിം ലീഗ് പ്രാദേശിക നേതാക്കള്‍ അറസ്റ്റില്‍

Update: 2018-09-05 09:11 GMT


ഇരിട്ടി: ഇരിട്ടി പുതിയ ബസ്റ്റാന്റിലെ ലീഗ് ഓഫിസ് കെട്ടിടത്തില്‍ നടന്ന സ്‌ഫോടവുമായി ബന്ധപ്പെട്ട് മുസ്്‌ലിം ലീഗിന്റെ നാല് പ്രാദേശിക നേതാക്കള്‍ അറസ്റ്റില്‍. കഴിഞ്ഞ ചൊവ്വാഴ്ച ഉണ്ടായ സ്‌ഫോടനവും തുടര്‍ന്ന് ബോംബുകളും മറ്റ് മാരക ആയുധങ്ങളും കണ്ടെടുത്ത സംഭവത്തിലാണ് 4 പേരെ ഇരിട്ടി സി ഐ രാജീവന്‍ വലിയ വളപ്പില്‍ അറസ്റ്റ് ചെയ്തത്.

മുസ്്‌ലിം ലീഗ് ഇരിട്ടി ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് പി വി നൗഷാദ്, സെക്രട്ടറി പി സക്കരിയ, ജോയിന്റ് സെക്രട്ടറി എം കെ ഷറഫുദ്ദീന്‍, വൈസ് പ്രസിഡന്റ് കെ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.



നഗരഹൃദയത്തില്‍ ടൗണ്‍ മുസ്‌ലിം ലീഗ് കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലായിരുന്നു ആഗസ്ത് 28ന് ഉഗ്രസ്‌ഫോടനം നടന്നത്. പിന്നാലെ പൊലിസ് നടത്തിയ തിരച്ചിലില്‍ മൂന്ന് നാടന്‍ ബോംബുകള്‍, മൂന്ന് വടിവാളുകള്‍, ആറ് ഇരുമ്പുദണ്ഡ്, രണ്ട് മരദണ്ഡ് എന്നിവ പിടികൂടി. സ്‌ഫോടനസമയം ആളുകള്‍ സമീപത്ത് ഇല്ലാതിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. സ്‌ഫോടനത്തില്‍ നാലു കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

കണ്ണൂരില്‍ നിന്നുള്ള ബോംബ് ഡിറ്റക്ഷന്‍ ഡിസ്‌പോസല്‍ സ്‌ക്വാഡ് എസ്‌ഐ ശശിധരന്റെ നേതൃത്വത്തിലുള്ള സംഘവും മട്ടന്നൂര്‍ സിഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള കൂടുതല്‍ പൊലിസുകാരും ചേര്‍ന്നു നടത്തിയ വിശദപരിശോധനയിലാണ് ഇതേ കെട്ടിടത്തിന്റെ തെക്കുഭാഗത്ത് ടെറസിലും ഗോവണിപ്പടിക്കടിയിലും മറ്റു സാധനങ്ങള്‍ക്കൊപ്പം ചാക്കില്‍ കെട്ടി ഒളിപ്പിച്ച നിലയില്‍ ആയുധങ്ങളും ബോംബുകളും കണ്ടെത്തിയത്.



സ്‌ഫോടകവസ്തു-ആയുധ നിയമങ്ങള്‍ പ്രകാരമാണ് പോലിസ് കേസെടുത്തിരുന്നത്. എന്നാല്‍, സ്‌ഫോടനത്തിനും ആയുധങ്ങള്‍ കണ്ടെടുത്തതിനും പിന്നില്‍ സിപിഎം ഗൂഡാലോചനയുണ്ടെന്ന് ലീഗ് ആരോപിക്കുന്നു.

 
Tags:    

Similar News