തായ്‌ലന്റ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ കമ്പനിയുടെ സാങ്കേതിക ഉപദേശം

Update: 2018-07-11 07:13 GMT


ന്യൂഡല്‍ഹി: തായ്‌ലന്റിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളെ രക്ഷപ്പെടുത്തുന്നതിന് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സാങ്കേതിക ഉപദേശം ലഭിച്ചു. ഗുഹയിലെ വെള്ളം പമ്പ് ചെയ്ത കളയുന്നതിനാണ് തങ്ങളുടെ സഹായം തേടിയതെന്ന് കിര്‍ലോസ്‌കര്‍ ബ്രതേഴ്‌സ് ലിമിറ്റഡ്(കെബിഎല്‍) കമ്പനി അധികൃതര്‍ അറിയിച്ചു. തായ്‌ലന്റിലെ ഇന്ത്യന്‍ എംബസിയുടെ ശുപാര്‍ശയെ തുടര്‍ന്നായിരുന്നു ഇത്. കമ്പനിയുടെ ഇന്ത്യ, തായ്‌ലന്റ്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഇതിനായി സംഭവ സ്ഥലത്തെത്തി.

താം ലുവാങ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കുന്നതിന് ജൂലൈ 5നാണ് സംഘമെത്തിയത്. രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എത്രയും എളുപ്പത്തിലും വേഗത്തിലും ഗുഹയിലെ വെള്ളം എങ്ങിനെ വറ്റിച്ചു കളയാം എന്നതിനുള്ള സാങ്കേതിക ഉപദേശമാണ് വിദഗ്ധര്‍ നല്‍കിയത്.

ആവശ്യമെങ്കില്‍ ലഭ്യമാക്കാനായി നാല് ഹൈ കപാസിറ്റി ഓട്ടോപ്രൈം ഡീവാട്ടറിങ് പമ്പുകളും കമ്പനി തയ്യാറാക്കി വച്ചിരുന്നു. ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ അവസാനത്തെ അഞ്ചു പേരെ ഇന്നലെയാണ് പുറത്തെത്തിച്ചത്.