മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ സപ്തംബര്‍ 17 വരെ നീട്ടി

Update: 2018-09-12 09:17 GMT


ന്യൂഡല്‍ഹി: മാവോവാദി ബന്ധം ആരോപിച്ച് പോലിസ് അറസ്റ്റ് ചെയ്ത അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ സുപ്രിംകോടതി ഈ മാസം 17 വരെ നീട്ടി. ഇവരുടെ മോചനം തേടിയുള്ള ഹരജിയില്‍ 17ന് സുപ്രിം കോടതി വാദംകേള്‍ക്കും.

വലിയ വിമര്‍ശനത്തിനിടയാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരേ ചരിത്രകാരി റോമില ഥാപ്പറും മറ്റുനാലുപേരുമാണ് സുപ്രിംകോടതിയെ സമീപിച്ചത്.

ഭരണകൂടത്തിന് എതിരായി അഭിപ്രായം പറഞ്ഞതുകൊണ്ടോ വ്യത്യസ്തമായ രാഷ്ട്രീയ നിലപാട് പുലര്‍ത്തിയത് കൊണ്ടല്ല ഇവരെ അറസ്റ്റ് ചെയ്തതെന്നും മറിച്ച് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ബന്ധമുണ്ടെന്ന് വ്യക്തമായതിനാലാണെന്നും കഴിഞ്ഞയാഴ്ച മഹാരാഷ്ട്ര പോലിസ് സുപ്രിം കോടതിയെ അറിയിച്ചിരുന്നു.

അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ നിന്ന് പിടിച്ചെടുത്തുവെന്ന് പറയുന്ന കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, പെന്‍ ഡ്രൈവുകള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങളാണ് പോലിസ് ഇതിന് തെളിവായി ചൂണ്ടിക്കാട്ടിയത്.
Tags: