അമ്മയ്ക്ക് പൊതുജനങ്ങളുടെ പിന്തുണ വേണ്ട; രാജിവച്ച നടിമാര്‍ കുഴപ്പക്കാര്‍-ഗണേഷ് കുമാറിന്റെ ശബ്ദ സന്ദേശം പുറത്ത്

Update: 2018-06-30 05:55 GMT

കൊച്ചി: അമ്മയിലെ വിവാദത്തില്‍ ജനങ്ങളെയും രാഷ്ട്രീയക്കാരെയും വിമര്‍ശിച്ച് നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍. ഇമേജ് നോക്കി പ്രവര്‍ത്തിക്കുന്ന സംഘടനയല്ല അമ്മയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനയച്ച വാട്‌സ്ആപ്പ് സന്ദേശമാണ് ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്.

അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല. സിനിമയിലെ പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി രൂപീകരിച്ച സംഘടനയാണ്. അതിന് പൊതുജന പിന്തുണയുടെ ആവശ്യവുമില്ല. രാഷ്ട്രീയക്കാര്‍ നടത്തിയ പ്രസ്താവനകള്‍ ചാനലുകളില്‍ പേര് വരാന്‍ വേണ്ടി മാത്രമാണ്. പത്രവാര്‍ത്തയും ഫേസ്ബുക്കും കണ്ട് നമ്മള്‍ പേടിക്കരുത്. വാര്‍ത്തകള്‍ രണ്ടു ദിവസംകൊണ്ട് അടങ്ങുമെന്നും ഗണേഷ്‌കുമാര്‍ ശബ്ദസന്ദേശത്തില്‍ പറയുന്നു.

രാജിവച്ച നാലു നടിമാരെയും ഗണേഷ്‌കുമാര്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.  ഇവര്‍ അമ്മയോട് ശത്രുത പുലര്‍ത്തുന്നവരും സ്ഥിരമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരുമാണെന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തുന്നു. ഈ നാല് നടിമാര്‍ പുറത്തുപോയത് സംബന്ധിച്ച് അമ്മയുടെ ഒരംഗവും ചാനലുകളിലും മറ്റും പ്രതികരിക്കരുത്. അമ്മയില്‍ നിന്ന് പുറത്തുപോയ നാലുപേരും സിനിമയിലോ സംഘടനയിലോ സജീവമായിട്ടുള്ളവരല്ല. അമ്മ നടത്തിയ മെഗാ ഷോയില്‍ പോലും ഇവര്‍ സഹകരിച്ചിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഇവര്‍ പുറത്തു  പോയി വേറെ സംഘടന ഉണ്ടാക്കിയാല്‍ അമ്മയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും ഗണേഷ് കുമാര്‍ പറയുന്നു.
Tags:    

Similar News