ആത്മവിശ്വാസമാണ് പകരേണ്ടത്; കുറ്റപ്പെടുത്തലുകളല്ല

Update: 2018-12-27 16:22 GMT

കുട്ടികളായാലും കൗമാരക്കാരായാലും ആത്മവിശ്വാസം നഷ്ടപ്പെട്ടാല്‍ ഭാവി പുഷ്പിക്കില്ല. നല്ല ചിന്തകളും നല്ല ആശയങ്ങളും നാമ്പിടേണ്ട കൗമാരകാലത്ത് അവരെ തീര്‍ത്തും നിരാശരാക്കിയാല്‍ ബുദ്ധിവളര്‍ച്ചയെയും അത് ബാധിക്കും. കുട്ടിക്കാലം അവഹേളനത്തിനും അവഗണനക്കും ഇരയായി മോഹഭംഗത്തിലും നിരാശയിലും വളരാന്‍ ഇടയാക്കിയാല്‍ എത്ര പണം കൊടുത്താലും അവനെ നേരെയാക്കാനാവില്ല.

ഇവിടെയാണ് ആത്മവിശ്വാസം എന്ന പദം നാം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടത്. ആത്മവിശ്വാസം കൈമുതലുള്ളവര്‍ എന്തു പ്രതിസന്ധിയെയും ധീരതയോടെ മറികടക്കും. അവന്റെ ഓരോ നീക്കങ്ങള്‍ക്കും മത്സരബുദ്ധിയുണ്ടാവും. വ്യക്തിത്വം നഷ്ടപ്പെട്ടെന്ന് ഭയന്ന് ഒളിഞ്ഞിരിക്കുന്ന ഇത്തരക്കാരെ കൈപിടിച്ചുയര്‍ത്താനാണ് കുടുംബാംഗങ്ങളും സമൂഹവും തയ്യാറാവേണ്ടത്. അതിന് അവനെ/അവളെ കണ്ടെത്തി പ്രശ്‌നം എന്താണെന്നു

മനസ്സിലാക്കി കൊടുക്കണം. തന്റെ ദൗര്‍ബല്യം എന്തെന്ന് അവര്‍ തിരിച്ചറിഞ്ഞാല്‍ അത് പരിഹരിക്കാനുള്ള മാര്‍ഗം കാണിച്ചുകൊടുക്കണം. മറ്റുള്ളവരെ കാണുമ്പോള്‍ സംസാരിക്കാന്‍ പേടിയുള്ളവരാണെങ്കില്‍ അതിനെ പരിശീലിച്ച് മറികടക്കണം. ബാഹ്യ സൗന്ദര്യവും പ്രധാനമാണ്. സൗന്ദര്യബോധം വ്യക്തിത്വവികാസത്തിന് അത്യന്താപേക്ഷിതമാണ്. സ്വന്തത്തോട് തന്നെ പുച്ഛം തോന്നിയാല്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ലല്ലോ. ആത്മവിശ്വാസമുള്ള വ്യക്തികളോടൊപ്പം ചങ്ങാത്തം കൂടുന്നതും നല്ലതാണ്.

മറ്റുള്ളവരേക്കാള്‍ മികച്ചുനില്‍ക്കണമെന്ന ചിന്ത എപ്പോഴും ഉണ്ടായാല്‍ തന്നെ നമ്മള്‍ അറിയാതെ പുരോഗതി പ്രാപിക്കും. എന്നാല്‍ ഇന്നത്തെ യുവാക്കള്‍ക്ക് അബദ്ധം പറ്റുന്നത് മറ്റൊരിടത്താണ്. തന്റെ കഴിവുകളില്‍ കണക്കിലേറെ വിശ്വാസം പുലര്‍ത്തി താന്‍ ഒരു സംഭവമാണെന്ന് തോന്നിപ്പിക്കും. ഒടുവില്‍ കാര്യത്തോടടുക്കുമ്പോള്‍ ഒന്നുമല്ലാതാവുന്നതോടെആത്മവഞ്ചകനായി എല്ലാം നശിച്ചെന്ന തോന്നലില്‍ അവന്‍ പിന്നോട്ടുപോവും. പിന്നീട് ജീവിതം തിരിച്ചുപിടിക്കുക പ്രയാസമാവും. 

Tags:    

Similar News