നടതള്ളരുതേ; അവര്‍ക്കല്‍പം സ്‌നേഹം നല്‍കൂ

Update: 2018-12-27 09:37 GMT

'മൂത്തവരുടെ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും, പിന്നെ മധുരിക്കും' എന്നാണു പഴമൊഴി. എന്നാല്‍, പുതുതലമുറയുടെ പെരുമാറ്റം കണ്ടാല്‍ ഇതെല്ലാം തിരുത്തിയെഴുതേണ്ടി വരും. ജനനം മുതല്‍ നമുക്ക് കൂട്ടായിരുന്ന മാതാപിതാക്കളെ നടതള്ളാന്‍ ആര്‍ക്കും ഒരു മനപ്രയാസവുമില്ല. നമ്മുടെ സസന്തോഷത്തിലും ആഹ്ലാദത്തിലും അവര്‍ക്കു ഇടമില്ല. ഒറ്റപ്പെടലിന്റെയും അവഗണനയുടേയും ആഴക്കടലിലേക്കാണ് അവരെ പലരും എടുത്തെറിയുന്നത്. അവര്‍ക്കു നിങ്ങളുടെ സ്വത്ത് വേണ്ട, സമ്പാദ്യം വേണ്ട, ഒരിറ്റു സ്‌നേഹം മാത്രമേ വേണ്ടൂ. അവരുടെ യൗവ്വനം നമുക്ക് വേണ്ടി വിയര്‍ത്തൊലിച്ചതാണ്. ഇന്ന് നാം പറക്കുന്നതുപോലെ ആഡംബര കാറുകളിലല്ല അവര്‍ വളര്‍ന്നത്. ശരീരം ശോഷിച്ചപ്പോള്‍, കാഴ്ച മങ്ങിയപ്പോള്‍, ചെവി കൂര്‍പ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അവരെ നമുക്ക് വേണ്ട. പരസഹായം വേണ്ടിവരുമ്പോള്‍ അവര്‍ നമുക്ക് കരിനിഴലായി മാറിയോ.

കേരളത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ 34 ലക്ഷവുമുണ്ടെന്നാണ് കണക്ക്. 1991 മുതല്‍ 2001 വരെയുള്ള കാലയളവില്‍ 60 വയസിന് താഴെയുള്ളവരുടെ എണ്ണം 12.91 ശതമാനമായിരുന്നു. 60 വയസിന് മുകളിലുള്ളവരുടെ വളര്‍ച്ച 30.22 ശതമാനവും. കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം 71 വയസ്സാണ്. എന്നാല്‍ മുതിര്‍ന്ന പൗര•ാര്‍ക്ക് അര്‍ഹമായ സാമൂഹിക അംഗീകാരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും സ്വന്തം മക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമാണ് അവഗണന നേരിടുന്നതെന്നതാണു യാഥാര്‍ഥ്യം. പോറ്റിവളര്‍ത്തിയ

മക്കളെയും കൊച്ചുമക്കളെയും കണ്‍കുളിര്‍ക്കെ കണ്ട് കളിചിരിയുമായി കണ്ണടയ്ക്കുകയെന്നത് അസാധ്യമാണിന്ന്. 1975ല്‍ അണുകുടുംബ നിയമം നിലവില്‍ വന്നതോടെ ബന്ധങ്ങള്‍ ചിതറിത്തെറിക്കുകയായിരുന്നു.

അച്ഛന്‍, അമ്മ, മക്കള്‍ എന്ന വിധത്തിലേക്ക് കുടുംബം ഒതുങ്ങി. വാര്‍ധക്യം ആര്‍്ക്കും വേണ്ടാത്തതായി മാറി.

എല്ലാവരും വാര്‍ധക്യത്തിലെത്തുമെന്ന് ഓര്‍ക്കാതെയാണ് പെരുമാറുന്നത്. എന്നിട്ടും ഒരിറ്റ് സ്‌നേഹം തേടുന്ന മാതാപിതാക്കളെ ഏതെങ്കിലും വൃദ്ധസദനത്തില്‍ ഉപേക്ഷിക്കുകയാണ്. ആറും അറുപതും ഒരു പോലെയെന്നാണു ചൊല്ല്. അതായത് മുതിര്‍ന്നവര്‍ ശിശുക്കളെ പോലെയാണ്. സ്വന്തം മക്കളോടുള്ളതിനേക്കാള്‍ പ്രത്യേക സ്‌നേഹം കൊച്ചുമക്കളോടായിരിക്കും. പക്ഷേ, ഇന്നത്തെ കാലത്ത് ആ സ്‌നേഹവും വാല്‍സല്യവും നുകരാന്‍ കൊച്ചുമക്കളെ ഒരിടത്തും കിട്ടാനില്ലെന്നതാണു യാഥാര്‍ഥ്യം. ലൈവ് യുഗത്തില്‍ വിദേശത്തുള്ള മക്കളെയും പേരമക്കളെയും വീഡിയോ കോളിലൂടെ കണ്ട് സായൂജ്യമടയുകയാണ് പല വൃദ്ധജന്‍മങ്ങളും.

Tags: