മാതാപിതാക്കളെ ഉപേക്ഷിച്ചാല്‍ ഇനി കോടതി കയറും

വൃദ്ധസദനങ്ങളില്‍നിന്ന് മാതാപിതാക്കളെ ഒപ്പംകൂട്ടാന്‍ തയ്യാറാവാത്ത മക്കള്‍ക്കെതിരേ നിയമനടപടിയുമായാണ് സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുള്ളത്.

Update: 2018-12-28 04:43 GMT

പോറ്റിവളര്‍ത്തിയ മാതാപിതാക്കളെ ഏതെങ്കിലും വൃദ്ധസദനത്തില്‍ ഉപേക്ഷിച്ച് അങ്ങനെ സുഖമായി ഉറങ്ങാമെന്നു ഇനി കരുതേണ്ട. വൃദ്ധസദനങ്ങളില്‍നിന്ന് മാതാപിതാക്കളെ ഒപ്പംകൂട്ടാന്‍ തയ്യാറാവാത്ത മക്കള്‍ക്കെതിരേ നിയമനടപടിയുമായാണ് സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുള്ളത്. ഇത്തരം വയോജനങ്ങളെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും മാതാപിതാക്കളെ വീട്ടിലേക്ക് കൊണ്ടുപോകാത്തവര്‍ക്കെതിരേ നടപടിയെടുക്കണമെന്നു കാണിച്ച് സാമൂഹികനീതി വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. മാത്രമല്ല, അന്തേവാസികളുടെ ബന്ധുക്കളെ കണ്ടെത്താന്‍ വൃദ്ധസദനങ്ങള്‍ക്കും

നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്തേവാസികളുടെ വ്യക്തിഗത വിവരങ്ങള്‍ കൃത്യമായി ശേഖരിച്ച് രജിസ്റ്ററുകളില്‍ രേഖപ്പെടുത്തണം. സര്‍ക്കാര്‍ ഗ്രാന്റ് വാങ്ങുന്ന 516 വൃദ്ധസദനങ്ങളാണ് കേരളത്തിലുള്ളത്. സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന 16 കേന്ദ്രങ്ങളുമുണ്ട്. ആകെ 20,000ത്തിലേറെ അന്തേവാസികളുണ്ടെന്നാണ് കണക്ക്. ഇതില്‍ 46 ശതമാനത്തോളം പേര്‍ക്ക് മക്കളടക്കമുള്ള അടുത്ത ബന്ധുക്കളുണ്ടെന്ന് സാമൂഹിക സുരക്ഷാ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഭൂരിഭാഗവും മക്കളുടെയോ മരുമക്കളുടെയോ പീഡനം കാരണമാണ്

വൃദ്ധസദനങ്ങളില്‍ അഭയം തേടിയത്. മക്കളോ അടുത്ത ബന്ധുക്കളോ ഉള്ളവരെ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സദനങ്ങളില്‍ പ്രവേശിപ്പിക്കരുതെന്നാണു നിയമം. ഇത് പാലിക്കാതെയാണ് പലതും പ്രവര്‍ത്തിക്കുന്നത്. ഉപേക്ഷിക്കപ്പെടുന്നവരുടെ മക്കളെ കണ്ടെത്തി തിരിച്ചുകൊണ്ടുപോകാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയടക്കമുള്ളവയും സന്നദ്ധ സംഘടനകളും ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും ഫലമുണ്ടാവാറില്ല.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഉത്തരം പട്ടികയിലുണ്ടെങ്കിലും രക്ഷിതാക്കള്‍ക്ക് ജീവനാംശം നല്‍കാനും ഭൂരിഭാഗവും തയ്യാറാവുന്നില്ല. ഇതേത്തുടര്‍ന്നാണ്, സാമൂഹികനീതി വകുപ്പ് 2007ല്‍ പാസാക്കിയ വയോജനക്ഷേമ സംരക്ഷണ നിയമമനുസരിച്ച് മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരേ തടവുശിക്ഷയും പിഴയും ഉള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നത്. 

Tags:    

Similar News