കരോള്‍ സംഘത്തിന് നേരേ ഡിവൈഎഫ്‌ഐ ആക്രമണം; ആറ് കുടുംബങ്ങള്‍ പള്ളിയില്‍ അഭയം തേടിയിട്ട് 10 നാള്‍

ആക്രമണത്തിന്റെ പേരില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ജാമ്യത്തിലിറങ്ങി കൊലവിളി ഭീഷണി നടത്തിയതിനെ തുടര്‍ന്നാണ് കരോള്‍ സംഘത്തിലെ ആറ് കുടുംബങ്ങള്‍ ഭയന്നുവിറച്ച് ദിവസങ്ങളായി പള്ളിയില്‍തന്നെ കഴിയുന്നത്.

Update: 2019-01-02 06:29 GMT

-അക്രമത്തിനിരയായവരെ പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചു

കോട്ടയം: പാത്താമുട്ടത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അക്രമത്തിനിരയായ കരോള്‍ സംഘം പള്ളിക്കുള്ളില്‍ അഭയം തേടിയിട്ട് പത്തുനാള്‍ പിന്നിടുന്നു. ആക്രമണത്തിന്റെ പേരില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ജാമ്യത്തിലിറങ്ങി കൊലവിളി ഭീഷണി നടത്തിയതിനെ തുടര്‍ന്നാണ് കരോള്‍ സംഘത്തിലെ ആറ് കുടുംബങ്ങള്‍ ഭയന്നുവിറച്ച് ദിവസങ്ങളായി പള്ളിയില്‍തന്നെ കഴിയുന്നത്. പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്നാണ് അക്രമികളുടെ ഭീഷണി.

ആക്രമണത്തിനിരയായി പള്ളിയില്‍ കഴിയുന്നവരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സന്ദര്‍ശിച്ച് എല്ലാവിധ പിന്തുണയും നല്‍കി. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയും ഇന്നലെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയിരുന്നു. ഡിസംബര്‍ 23ന് രാത്രിയാണ് പാത്താമുട്ടം കുമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെയും ഇവിടത്തെ സണ്‍ഡേ സ്‌കൂള്‍ യുവജനസ്ത്രീജന സംഖ്യം എന്നിവരുടെ ആഭിമുഖ്യത്തിലുള്ള കരോള്‍ സംഘത്തിന് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം നടന്നത്.

തുടര്‍ന്ന് ഇത്രയും ദിവസമായിട്ടും കരോള്‍ സംഘാംഗങ്ങള്‍ക്ക് വീട്ടിലേക്ക് മടങ്ങാനായില്ല. സ്ത്രീകളും കുട്ടികളുമടങ്ങിയ കരോള്‍ സംഘത്തെയാണ് പ്രാദേശിക യുവാക്കള്‍ അടങ്ങിയസംഘം ആക്രമിച്ചത്. സംഭവത്തില്‍ ആറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഏഴുപേരെ ചിങ്ങവനം പോലിസ് അറസ്റ്റുചെയ്തിരുന്നെങ്കിലും ഇവര്‍ക്കു ജാമ്യം ലഭിച്ചതോടെ ഭീഷണിയേറിയെന്നാണ് പരാതി. അക്രമിസംഘം പാത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയും അടിച്ചുതകര്‍ത്തിരുന്നു. അക്രമത്തില്‍ ഭയന്ന കുട്ടികളും സ്ത്രീകളും അള്‍ത്താരയ്ക്കു പിന്നില്‍ ഒളിച്ചാണ് രക്ഷപ്പെട്ടത്.

കരോള്‍ സംഘത്തിനൊപ്പം കയറി നഗ്‌നതാ പ്രദര്‍ശനം നടത്തിയ അക്രമികളെ ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണം. ആക്രമണത്തില്‍ പള്ളിയിലെ ഉപകരണങ്ങള്‍ നശിപ്പിച്ച സംഘം പരിസരത്തെ 4 വീടുകള്‍ക്കുനേരെയും ഇരുചക്രവാഹനങ്ങള്‍, ഓട്ടോ എന്നിവയ്ക്കുനേരെയും ആക്രമണം നടത്തി. ഭക്ഷണം നശിപ്പിച്ച സംഘം സ്ത്രീകളുടെ വസ്ത്രവും വലിച്ചുകീറി. പെണ്‍കുട്ടികളെ അപമാനിക്കാനും ശ്രമിച്ചു. ബിടെക് വിദ്യാര്‍ഥിനിയായ യമിയ സി തങ്കച്ചന് കല്ലേറില്‍ ഗുരുതര പരിക്കേറ്റിരുന്നു. അമല്‍, രാഹുല്‍, രാകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് പരാതിക്കാര്‍ പറയുന്നു.

 പ്രതികള്‍ക്ക് പോലിസിന്റെയും പ്രാദേശിക സിപിഎം നേതാക്കളുടെയും സംരക്ഷണം ലഭിക്കുന്നുണ്ട്. നിസാര വകുപ്പുകള്‍ ചേര്‍ത്തതിനാലാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. അക്രമം നടന്ന മേഖലയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് അക്രമികള്‍ ഇപ്പോള്‍ പ്രദേശത്തു വിഹരിക്കുകയാണെന്നും സഭാംഗങ്ങള്‍ക്കു വധഭീഷണിയുണ്ടെന്നും ചര്‍ച്ച് കമ്മിറ്റി സെക്രട്ടറി പി സി ജോണ്‍സണ്‍ പറഞ്ഞു. അക്രമികളില്‍നിന്ന് രക്ഷതേടുന്നതിന് പള്ളിയില്‍ കഴിയുന്നവര്‍ കോട്ടയം എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, പ്രാദേശിക പ്രശ്‌നമാണെന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്റെ പ്രതികരണം.