കോടികള്‍ വിലയുള്ള വൈറ്റില ഹബ്ബിലും അദാനിക്ക് പങ്കാളിത്തം

Update: 2020-11-15 08:57 GMT

കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ വികസനത്തിന് സ്വകാര്യനിക്ഷേപം സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍ സംസ്ഥാനത്തെ ആദ്യ 'മള്‍ട്ടി മോഡല്‍ ഹബ്ബ്' എന്ന രീതിയില്‍ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതാണ് വൈറ്റില മൊബിലിറ്റി ഹബ്ബ്. ഇതിനായി സ്വകാര്യപങ്കാളിത്തം തേടാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇതിനിടെ സി.എന്‍.ജി. ഫില്ലിങ് സ്റ്റേഷന്‍ തുടങ്ങുന്നതിനായി ഹബ്ബിന്റെ 50 സെന്റ് ഭൂമി സ്വകാര്യകമ്പനിക്ക് കൈമാറാനുള്ള നടപടികളുമായിട്ടുണ്ട്. ഇതേ കമ്പനിയെത്തന്നെ ലക്ഷ്യമിട്ടാണ് 'പൊതു-സ്വകാര്യ പങ്കാളിത്തം' എന്ന തീരുമാനമെന്നാണ് ആരോപണം. ഇതിനെ കുറിച്ച് എക്‌സ്‌ക്ലൂസീവ് ചീഫ് എഡിറ്റര്‍ എസ്. ജഗദീഷ് ബാബു എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്.

എസ്. ജഗദീഷ് ബാബു എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാവരുടെയും ശ്രദ്ധ ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡില്‍ കേന്ദ്രീകരിച്ച ദിവസം ഇരുചെവിയറിയാതെ അദാനിക്കായി ഒരു കച്ചവടം. 1000 കോടിയോളം ആസ്തിയുള്ള വൈറ്റില മൊബിലിറ്റി ഹബ്ബ് അദാനിക്ക് പങ്കാളിത്തമുള്ള കമ്പനിയാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു.

ഇതുവരെ വൈറ്റില ഹബ്ബിന്റെ നിയന്ത്രണം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സൊസൈറ്റിക്കായിരുന്നു. ഇതുമാറ്റി കമ്പനിയാക്കുന്നതോടെ സര്‍ക്കാരിന്റെ നിയന്ത്രണങ്ങളെല്ലാം ഇല്ലാതാകും. ഈ നീക്കത്തെ നേരത്തെ മാനേജിംഗ് ഡയറക്ടറായിരുന്ന ആര്‍.ഗിരിജ ഐഎഎസ് എതിര്‍ത്തിരുന്നു. അവരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയശേഷമാണ് കമ്പനി നീക്കം തുടര്‍ന്നത്. ഇന്ന് നടന്ന ഓണ്‍ലൈന്‍ ജനറല്‍ ബോഡി മീറ്റിംഗില്‍ ചെയര്‍മാനായ മുഖ്യമന്ത്രി പിണറായി അധ്യക്ഷത വഹിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് പകരം വൈസ് ചെയര്‍മാന്‍ മന്ത്രി എ.സി മൊയ്തീനാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും പങ്കെടുത്തു.

മന്ത്രി ശശീന്ദ്രന്റെ മകന്‍ അദാനി ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് മാനേജരാണ് എന്നുകൂടി അറിയുമ്പോഴാണ് കോടിക്കണക്കിന് രൂപ ആസ്തിയുള്ള, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വൈറ്റില ഹബ്ബ് കമ്പനിയാക്കി മാറ്റുന്നതിലെ തീവെട്ടിക്കൊള്ള വെളിപ്പെടുന്നത്. വൈറ്റില സൊസൈറ്റി കമ്പനിയാക്കി മാറ്റാന്‍ തന്നെ അഞ്ചുകോടി രൂപ ചെലവ് വരും.

നേരത്തെ അദാനിക്ക് വൈറ്റില ഹബ്ബിന്റെ 28 സെന്റ് സ്ഥലം വഴി ഉള്‍പ്പെടെ 50 സെന്റ് സര്‍ക്കാര്‍ നല്‍കിയിരുന്നു. വന്‍ വിവാദമായ ഈ കച്ചവടം സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. അദാനിക്ക് ഗ്യാസ് പമ്പിന് വേണ്ടിയാണ് മാസങ്ങള്‍ക്ക് മുന്‍പ് 50 സെന്റ് സ്ഥലം നല്‍കിയത്. 30 വര്‍ഷം മുതല്‍ 90 വര്‍ഷം വരെയുള്ള പാട്ടത്തിനാണ് വൈറ്റിലയിലെ കണ്ണായ സ്ഥലം അദാനിക്ക് നല്‍കിയത്. സപ്ലൈകോ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പലതും പമ്പിനു വേണ്ടി സ്ഥലം ചോദിച്ചിട്ടും നല്‍കാത്ത സര്‍ക്കാരാണ് അദാനിക്ക് നിസാര വിലയ്ക്ക് 50 സെന്റ് നല്‍കിയത്. ഈ നീക്കത്തിനെതിരെയും മുന്‍ മാനേജിംഗ് ഡയറക്ടര്‍ ആര്‍.ഗിരിജ നിലപാട് സ്വീകരിച്ചിരുന്നു. ഗതാഗത വകുപ്പ് സെക്രട്ടറിയും ഈ നീക്കങ്ങളെ എതിര്‍ത്തിരുന്നു. പുതിയ മാനേജിംഗ് ഡയറക്ടറായി നിയമിക്കപ്പെട്ടത് കൊച്ചിയിലെ മുന്‍ സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗാണ്. ഇദ്ദേഹം ഇപ്പോള്‍ കണ്ണൂര്‍ ഡെവലപ്പ്മെന്റ് കമ്മീഷണറായി പ്രവര്‍ത്തിക്കുകയാണ്.

ഏറെക്കാലമായി വൈറ്റില ഹബ്ബിന്റെ 20 ഏക്കറോളം വരുന്ന ഭൂമിയിലും ലാഭത്തിലും കണ്ണു വെച്ചുകൊണ്ട് വ്യവസായികള്‍ പലരും രംഗത്തുണ്ട്. സെന്റിന് 25 ലക്ഷം രൂപയാണ് വൈറ്റിലയിലെ ഭൂമി വില. 20 ഏക്കറിന് ഏറ്റവും കുറഞ്ഞത് 500 കോടിയോളം വില വരും. ഇതിനുപുറമെയാണ് ബസ് സ്റ്റാന്റുമായി ബന്ധപ്പെട്ട കെട്ടിട സമുച്ചയം. വാടകയിനത്തിലും ബസുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനവും കൂടിയാകുമ്പോള്‍ വൈറ്റില ഹബ്ബ് വളരെ ലാഭകരമായിട്ടാണ് പ്രവര്‍ത്തിച്ചുവരുന്നത്. വൈറ്റില പോലെ ഭൂമിക്ക് മോഹവിലയുള്ള സ്ഥലത്തെ 20 ഏക്കര്‍ ഭൂമിയിലാണ് എല്ലാവരുടെയും കണ്ണ്.

തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ നടത്തിപ്പ് അദാനിക്ക് ലഭിക്കാനിടയാക്കിയതു തന്നെ സര്‍ക്കാരിന്റെ കള്ളക്കളിയാണെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് വൈറ്റില ഹബ്ബ് അദാനിക്ക് പങ്കാളിത്തമുള്ള കമ്പനിയാക്കി സര്‍ക്കാര്‍ മാറ്റുന്നത്. കമ്പനിയായി മാറുന്നതോടെ ഇപ്പോള്‍ സര്‍ക്കാരിനുള്ള എല്ലാ നിയന്ത്രണങ്ങളും ഇല്ലാതാകും. നിലവില്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാന്‍ തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്തീനും മാനേജിംഗ് ഡയറക്ടര്‍മാരായി നിയമിക്കപ്പെടുന്നത് ഐഎഎസുകാരായ ഉദ്യോഗസ്ഥരുമാണ്.

എറണാകുളം കളക്ടറായിരുന്ന ഡോ.ബീനയായിരുന്നു മൊബിലിറ്റി ഹബ്ബിന്റെ ആദ്യത്തെ മാനേജിംഗ് ഡയറക്ടര്‍. ഇവരുടെ നേതൃത്വത്തിലാണ് മൊബിലിറ്റി ഹബ്ബ് ഭൂമി ഏറ്റെടുത്തതും യാഥാര്‍ത്ഥ്യമാക്കി മാറ്റിയതും. ആര്‍.ഗിരിജ മാനേജിംഗ് ഡയറക്ടറായി വന്നപ്പോഴും ഹബ്ബിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടുപോയിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ഹബ്ബിന്റെ 50 സെന്റ് ഭൂമി ആവശ്യപ്പെട്ടുകൊണ്ട് അദാനി രംഗത്തുവന്നത്. ഇത് കൊടുക്കാന്‍ പാടില്ലെന്ന ശക്തമായ നിലപാടാണ് അവര്‍ സ്വീകരിച്ചത്. അതിന്റെ ഫലമായി അവരെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തു. സൊസൈറ്റിയായി പ്രവര്‍ത്തിക്കുന്ന വൈറ്റില ഹബ്ബ് കമ്പനിയാക്കാനുള്ള നീക്കങ്ങള്‍ വളരെക്കാലമായി നടന്നുവന്നിരുന്നു. ജനറല്‍ ബോഡി തീരുമാനം ഇല്ലാതെ ഇത്തരം ഒരു നടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിയില്ല. കൊവിഡിന്റെ മറവിലാണ് തിരക്കിട്ട് ഓണ്‍ലൈനിലൂടെ ജനറല്‍ ബോഡി വിളിച്ച് കമ്പനി രൂപീകരിക്കാനുള്ള തീരുമാനം തിടുക്കത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. കമ്പനിയാകുമ്പോള്‍ 51 ശതമാനം പങ്കാളിത്തം സര്‍ക്കാരിനുണ്ടാകുമെങ്കിലും നിയന്ത്രണം സ്വകാര്യവ്യക്തികളിലേക്ക് മാറുകയും അഴിമതിക്കുള്ള സാധ്യതകള്‍ വര്‍ദ്ധിക്കുകയും ചെയ്യും.

ഐഎഎസുകാരായ നോര്‍ത്ത് ഇന്ത്യന്‍ ലോബിയാണ് ഇപ്പോള്‍ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്. രാജസ്ഥാനിയായ വിശ്വാസ് മേത്തയാണ് ചീഫ് സെക്രട്ടറി. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള ഡിജിപിയും നോര്‍ത്ത് ഇന്ത്യനാണ്. കൊച്ചി മെട്രോയുടെ മാനേജിംഗ് ഡയറക്ടര്‍ മറ്റൊരു നോര്‍്ത്ത് ഇന്ത്യനായ അല്‍കേഷ് കുമാര്‍ ശര്‍മ്മയാണ്. സര്‍ക്കാരിന്റെ 50 മെഗാ പ്രോജക്ടുകളുടെ മോണിറ്ററിംഗ് ഓഫീസറും ഇദ്ദേഹമാണ്. ഇത്തരത്തില്‍ മലയാളികളായ ഐഎഎസുകാരെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടാണ് സര്‍ക്കാരിന്റെ എല്ലാ പദ്ധതികളുടെയും തലപ്പത്ത് നോര്‍ത്ത് ഇന്ത്യന്‍ ലോബി പിടിമുറുക്കിയിരിക്കുന്നത്. ഇവരാകട്ടെ, നോര്‍ത്ത് ഇന്ത്യക്കാരായ വന്‍ വ്യവസായികള്‍ക്ക് വേണ്ടി കേരളത്തിന്റെ താല്‍പര്യങ്ങള്‍ ബലികഴിക്കുകയാണ്.

ഉദാഹരണത്തിന് ഒരു രാജസ്ഥാനിയായ വ്യവസായി കളമശേരിയില്‍ ഒരു വലിയ ഗോഡൗണ്‍ നടത്തുന്നുണ്ട്. ഇദ്ദേഹം തന്നെ കണ്ണൂരിലും തൃശൂരിലും സമാനമായ ഗോഡൗണുകള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. കളമശേരിയിലെ ഗോഡൗണില്‍ രാജസ്ഥാന്‍കാരായ ജീവനക്കാരെയും തൊഴിലാളികളെയുമാണ് നിയമിച്ചിരിക്കുന്നത്. ഇതിനെതിരെ സിഐടിയു നേതൃത്വം പ്രക്ഷോഭം നടത്തുകയും കേസ് ഹൈക്കോടതിയിലെത്തുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ നിലപാട് രാജസ്ഥാനിയായ വ്യവസായിക്ക് അനുകൂലമായതോടെ കേസില്‍ സിഐടിയു തോല്‍ക്കുകയാണുണ്ടായത്. നോര്‍ത്ത് ഇന്ത്യക്കാരായ ഐഎഎസ് ലോബിയാണ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ചരട് വലിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വൈറ്റില ഹബ്ബ് അദാനിക്ക് പങ്കാളിത്തമുള്ള കമ്പനിയാക്കി മാറ്റാനുള്ള തീരുമാനം.




Similar News