വാരിയന്‍കുന്നന്‍: സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഭാരതീയ വിചാരകേന്ദ്രം!; ജനം ടിവി മുന്‍ പ്രോഗ്രാം ഹെഡ് മനോജ് മനയില്‍ എഴുതുന്നു

സംഘപരിവാറിന്റെ ബുദ്ധിജീവകള്‍ക്ക് ആലി മുസ് ല്യാരും കുഞ്ഞഹമ്മദ് ഹാജിയും യഥാര്‍ത്ഥ സ്വാതന്ത്ര്യസമരസേനാനികളും രക്തസാക്ഷികളുമാണെന്നതില്‍ സംശയമില്ല എന്നതാണ്. അങ്ങനെയെങ്കില്‍ വിമതസിനിമയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടവര്‍ സംഘപരിവാറുകരല്ല എന്നും നാം തിരിച്ചറിയണം. അതിന്റെ പേരില്‍ നടക്കുന്ന പണപ്പിരിവില്‍ ആരാണ് പണം സംഭാവന കൊടുക്കുന്നത് എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണവും ഓഡിറ്റിങും വേണ്ടതല്ലേ എന്നൊരു സാധാരണ ഹിന്ദു സംശയിച്ചാല്‍ കുറ്റംപറയാന്‍ പറ്റുമോ?

Update: 2020-09-04 13:55 GMT

കോഴിക്കോട്: മലബാറിലെ സ്വാതന്ത്ര്യ സമരപോരാളി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സംഘപരിവാര കേന്ദ്രങ്ങള്‍ വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ, കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണല്ലോ. വാരിയന്‍കുന്നനെ കുറിച്ചുള്ള സിനിമ പുറത്തിറക്കുന്നുവെന്ന പ്രഖ്യാപനത്തിനു പിന്നാലെ തുടങ്ങിയ വിവാദങ്ങളും കെട്ടടങ്ങിയിട്ടില്ല. ഇപ്പോള്‍ സംഘപരിവാര നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തന്നെ വാരിയന്‍കുന്നനെയും ആലി മുസ് ല്യാരെയും പ്രകീര്‍ത്തിക്കുമ്പോള്‍, മലക്കം മറിയാനും കൈയൊഴിയാനുമുള്ള സംഘപരിവാര അനുകൂലികളെ തുറന്നുകാട്ടുകയാണ് സംഘപരിവാര എഴുത്തുകാരനും സംഘപരിവാര നിയന്ത്രണത്തിലുള്ള ചാനലായ ജനം ടിവിയുടെ മുന്‍ പ്രോഗ്രാം ഹെഡ് കൂടിയായ മനോജ് മനയില്‍. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നേരത്തേ, മലയാള സിനിമയിലെ നിത്യ ഹരിത നായകന്‍ പ്രേം നസീറിനെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയിരുന്ന മനോജ് മനയില്‍, ശബരിമല സ്ത്രീപ്രവേശന വിഷയത്തിലും സംഘപരിവാരത്തിന്റെ ഹിഡന്‍ അജണ്ടകള്‍ക്കെതിരേ രംഗത്തെത്തിയിരുന്നു.


മനോജ് മനയിലിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

     സംഘപരിവാറിലെ ന്യായീകരണത്തൊഴിലാളികള്‍ ഇനി നന്നായി വിയര്‍ക്കേണ്ടിവരും. 2018ല്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചതും, പ്രധാനമന്ത്രി നരേന്ദ്രമോദി 2019 മാര്‍ച്ച് 7ന് ന്യൂഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗില്‍ നടന്ന പരിപാടിയില്‍ പുറത്തിറക്കിയതുമായ 'രക്തസാക്ഷി നിഘണ്ടു-ഇന്ത്യന്‍ സ്വാതന്ത്ര്യസമരം: 1857മുതല്‍ 1947 വരെ'(DICTIONARY OF MARTYRS, INDIA'S FREEDOM STRUGGLE-1857-1947) എന്ന ഗ്രന്ഥം എന്തുകൊണ്ടും വിവാദമാണ്.

    ഈ പരമ്പര പ്രസിദ്ധീകരിച്ചിരിക്കുന്നത് കേന്ദ്ര സാംസ്‌കാരിക വകുപ്പും ICHRD(Indian Council Of Historical Research)യും സംയുക്തമായാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ അഞ്ചാം വോള്യത്തിലാണ് കേരളത്തിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളില്‍ പങ്കെടുത്ത് രക്തസാക്ഷികളായവരെ കുറിച്ചുള്ളത്. ഇതില്‍ 1921ലെ മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരില്‍ പ്രധാനികളായ ആലി മുസ്‌ല്യാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഉള്‍പ്പെടുന്നു. അവര്‍ മാത്രമല്ല, 1921ലെ കലാപത്തില്‍ മരണമടഞ്ഞവരെല്ലാം ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. ഹ്രസ്വമാണ് കുറിപ്പുകളോരോന്നും. ആഷിഖ് അബുവിന്റെ 'വാരിയന്‍കുന്നന്‍' എന്ന സിനിമയുമായി ബന്ധപ്പെട്ടുനടന്ന വിവാദത്തില്‍, കേരളത്തിലെ ഹിന്ദു-മുസ് ലിം സംഘടനകളും വ്യക്തികളും പോര്‍വിളി മുഴക്കിയതു വാര്‍ത്താപ്രാധാന്യം നേടിയിരുന്നല്ലോ. വാരിയന്‍കുന്നന്റെ ചെയ്തികളിലേക്കോ, സിനിമയുടെ ധര്‍മാധര്‍മ വിചിന്തനങ്ങളിലേക്കോ ഈ എഴുത്ത് പ്രവേശിക്കുന്നില്ല.

    പ്രധാനമന്ത്രി പുറത്തിറക്കിയ ഈ പുസ്തകത്തില്‍ വാരിയന്‍കുന്നന്‍ സ്വാതന്ത്ര്യസമരസേനാനിയും സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ വീരചരമം പ്രാപിച്ച രക്തസാക്ഷിയുമാണെന്നു സാക്ഷ്യപത്രം(Certificate) നല്‍കിയത്, കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ ബൗദ്ധികസംഘടനായ ഭാരതീയ വിചാരകേന്ദ്രമാണെന്നത് ചുരുങ്ങിയത് സംഘപരിവാര്‍ ന്യായീകരണക്കാര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു!

    ഭാരതീയവിചാരകേന്ദ്രത്തെ സ്ഥാപിച്ചത് യശശ്ശരീരനായ പി പരമേശ്വരനാണ്. മരിക്കുന്നതുവരെ അദ്ദേഹമായിരുന്നു ഡയരക്ടര്‍. തിരുവനന്തപുരത്താണ് ഓഫിസ്. പി പരമേശ്വരന്‍ ആര്‍ എസ് എസ് പ്രചാരകന്‍ കൂടിയായിരുന്നു. സംഘപരിവാറിലെ ബുദ്ധിജീവികളുടെ സംഘടനയാണ് ഭാരതീയ വിചാരകേന്ദ്രം. തികച്ചും ആര്‍എസ്എസ് നിയന്ത്രണത്തിലാണിത് പ്രവര്‍ത്തിക്കുന്നത്. ഈ സംഘടനയില്‍ ചരിത്രകാരന്മാര്‍, രാഷ്ട്രീയനിരീക്ഷകര്‍, സാഹിത്യകാരന്മാര്‍, അധ്യാപകര്‍ തുടങ്ങി പലതരം ആളുകളുണ്ട്. ഭാരതീയവിചാരകേന്ദ്രത്തിന്റെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റാണ് ചരിത്രകാരനായ ഡോ. സി ഐ ഐസക്. ഇദ്ദേഹമാണ് ICHRലുള്ള കേരളത്തിലെ സംഘപരിവാര്‍ പ്രതിനിധി. ഇദ്ദേഹമാണ് DICTIONARY OF MARTYRS, INDIA'S FREEDOM STRUGGLE-1857-1947 എന്ന ഗ്രന്ഥത്തിന്റെ അഞ്ചാം വോള്യം പരിശോധിച്ച് അംഗീകാരം നല്‍കിയിരിക്കുന്നത്!

    ഇദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് ഗ്രന്ഥത്തിന്റെ മുഖവുരയില്‍ ജനറല്‍ എഡിറ്ററും ICHR ചെയര്‍മാനുമായ അരവിന്ദ് ജാംഖേദ്കര്‍ പറയുന്നതിപ്രകാരമാണ്: 'ദീര്‍ഘതയേറിയ ഈ ടൈപ്പ്സ്‌ക്രിപ്റ്റ് പരിശോധിക്കുകയും ഗുണകരമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്ത പ്രഫ. സി ഐ ഐസക്കിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.' ഇതിലപ്പുറം ഈ ഗ്രന്ഥത്തില്‍ ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡന്റിനുള്ള കര്‍തൃത്വത്തെ തെളിയിക്കേണ്ടതില്ലല്ലോ!. ആലി മുസലിയാരെക്കുറിച്ചും(പേജ്-7) വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദുഹാജിയെ കുറിച്ചും(പേജ്-248) വിപരീതമയൊരു പരാമര്‍ശംപോലും ഈ ഗ്രന്ഥത്തിലില്ല. നിഘണ്ടുരീതിയില്‍ തയ്യാറാക്കപ്പെട്ടതിനാല്‍ സത്താമാത്രപ്രധാനമാണ് കുറിപ്പുകള്‍. 1921ലെ മലബാര്‍ കലാപ രക്തസാക്ഷികളായ മറ്റുള്ളവരെക്കുറിച്ചും കുറിപ്പുകള്‍ ഇതിലുണ്ട് എന്നതും ശ്രദ്ധേയമാണ്.

    വാരിയന്‍കുന്നന്‍ സിനിമക്കാരും വിമതസിനിമക്കാരും അറിയേണ്ട പ്രധാനസംഗതി എന്താണെന്നുവച്ചാല്‍, സംഘപരിവാറിന്റെ ബുദ്ധിജീവകള്‍ക്ക് ആലി മുസ് ല്യാരും കുഞ്ഞഹമ്മദ് ഹാജിയും യഥാര്‍ത്ഥ സ്വാതന്ത്ര്യസമരസേനാനികളും രക്തസാക്ഷികളുമാണെന്നതില്‍ സംശയമില്ല എന്നതാണ്. അങ്ങനെയെങ്കില്‍ വിമതസിനിമയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടവര്‍ സംഘപരിവാറുകരല്ല എന്നും നാം തിരിച്ചറിയണം. അതിന്റെ പേരില്‍ നടക്കുന്ന പണപ്പിരിവില്‍ ആരാണ് പണം സംഭാവന കൊടുക്കുന്നത് എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണവും ഓഡിറ്റിങും വേണ്ടതല്ലേ എന്നൊരു സാധാരണ ഹിന്ദു സംശയിച്ചാല്‍ കുറ്റംപറയാന്‍ പറ്റുമോ? ബുദ്ധിയുള്ളവര്‍ക്കു കാര്യഗ്രഹണ ശേഷിയുണ്ടെന്നും അതില്ലാത്തവരാണ് വര്‍ഗീയത പറയുന്നതെന്നതും ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത് നാം മനസ്സിലാക്കാതെ പോവരുത്.

    //വിചാരകേന്ദ്രത്തില്‍നിന്നു പുറത്താക്കപ്പെട്ട എല്ലാ ബുദ്ധിജീവികള്‍ക്കും ഈ കുറിപ്പ് സമര്‍പ്പിക്കുന്നു. //


ചിത്രങ്ങള്‍:

1. ഭാരതീയവിചാരകേന്ദ്രം വൈസ് പ്രസിഡന്റ് ഡോ. സിഐ ഐസക്

2. പ്രധാനമന്ത്രി പുസ്തകം പുറത്തിറക്കുന്നു. സമീപം മന്ത്രി മഹേഷ് ശര്‍മ

3. വാരിയന്‍കുന്നനെ കുറിച്ചുള്ള കുറിപ്പ്

4. ആലി മുസലിയാരെ കുറിച്ചുള്ള കുറിപ്പ്



Full View

Variankunnan: Certificate issued by Bharathiya Vichara Kendra!; Former Janam TV programme head Manoj Manayil writes




Tags:    

Similar News