കേന്ദ്ര ബജറ്റ്: സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രാജ്യത്തെ കരകയറ്റാന്‍ അപര്യാപ്തമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്

Update: 2021-02-02 04:28 GMT

ഡോ. ടി എം തോമസ് ഐസക്ക്

സാമ്പത്തികമാന്ദ്യത്തില്‍ നിന്നും രാജ്യത്തെ കരകയറ്റുന്നതിന് തീര്‍ത്തും അപര്യാപ്തമാണ് പുതിയ ബജറ്റ്. 2020-21ലെ പുതുക്കിയ കണക്കുകളെ അപേക്ഷിച്ച് വര്‍ദ്ധന വെറും ഒരു ശതമാനം മാത്രമാണ്. ഇതിനെ എങ്ങനെ ഉത്തേജകപാക്കേജെന്ന് വിശേഷിപ്പിക്കാന്‍ കഴിയും?

ബജറ്റ് മതിപ്പുകണക്കിനെ അപേക്ഷിച്ച് റവന്യു വരുമാനം 2021-22ല്‍ 12 ശതമാനം കുറവാണ്. തല്‍ഫലമായി ചെലവ് ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഈ കുറവ് നികത്താന്‍ ശ്രമിക്കുന്നത് പൊതുമേഖലയെ വിറ്റു തുലച്ചുകൊണ്ടാണ്. 1.75 ലക്ഷം കോടി രൂപയാണ് പൊതുമേഖല ഓഹരി വില്‍പ്പനയിലൂടെ നേടാന്‍ ശ്രമിക്കുന്നത്. ആദ്യമായി രണ്ട് പൊതുമേഖലാ ബാങ്കുകളും ഇന്‍ഷ്വറന്‍സ് കമ്പനിയും വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്.

കാര്‍ഷിക മേഖലയുടെ ഗണ്യമായി അടങ്കല്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും 2020-21 ബജറ്റിനെ അപേക്ഷിച്ച് വകയിരുത്തല്‍ കുറവാണ്. 1.54 ലക്ഷം കോടിയില്‍ നിന്ന് 1.48 ലക്ഷം കോടിയായി കുറഞ്ഞു. മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷനും വില പിന്തുണാ സ്‌കീമിനും വേണ്ടിയുള്ള അടങ്കല്‍ 2,000 കോടിയില്‍ നിന്ന് 1,501 കോടിയായി കുറച്ചു. ക്രോപ്പ് ഇന്‍ഷ്വറന്‍സ് സ്‌കീമിന് വെറും 300 രൂപയാണ് വര്‍ദ്ധന. കൃഷിക്കാര്‍ക്കുള്ള പലിശ സബ്‌സിഡി 2,000 കോടി രൂപ കുറഞ്ഞു. 900 കോടി രൂപ വകയിരുത്തിയിട്ടുള്ള അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് മാത്രമാണ് എന്തെങ്കിലും ശ്രദ്ധേയമായ ഇടപെടല്‍. കാര്‍ഷികമേഖലയ്ക്ക് ഒരുണര്‍വും ഈ ബജറ്റ് സംഭാവന ചെയ്യുന്നില്ല.

ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 1.11 ലക്ഷം കോടി രൂപ 2020-21ല്‍ ചെലവഴിച്ചെങ്കില്‍ അടുത്ത വര്‍ഷം 0.73 ലക്ഷം കോടി രൂപയേ വകയിരുത്തിയിട്ടുള്ളൂ.

പെന്‍ഷനടക്കമുള്ള സാമൂഹ്യക്ഷേമ ചെലവുകള്‍ 2020-21ല്‍ 43,000 കോടി രൂപയായിരുന്നെങ്കില്‍ പുതിയ ബജറ്റില്‍ 9,200 കോടി രൂപയേയുള്ളൂ.

രാഷ്ട്രീയ സ്വസ്ത്യ ഭീമ യോജനയില്‍ 2020-21ലെ 6,400 കോടി രൂപയേ ഈ വര്‍ഷമുള്ളൂ. ദേശീയ ആരോഗ്യ മിഷനില്‍ നാമമാത്രമായ വകയിരുത്തലേയുള്ളൂ. കഴിഞ്ഞ വര്‍ഷം 36,000 കോടി രൂപ ചെലവഴിച്ചെങ്കില്‍ ഇപ്പോള്‍ 37,000 കോടി രൂപയേയുള്ളൂ.

ദേശീയ വിദ്യാഭ്യാസ മിഷന്റെ അടങ്കല്‍ 39,000 കോടിയില്‍ നിന്നും 34000 കോടിയായി വെട്ടിക്കുറച്ചിരിക്കുകയാണ്. ജല ജീവന്‍ മിഷനൊഴികെ മറ്റു കേന്ദ്രാവിഷ്‌കൃത പദ്ധതികളിലൊന്നും ശ്രദ്ധേയമായ വര്‍ദ്ധനവേ ഇല്ല.

കമ്മിയും കടവും ഉയര്‍ത്തിയെന്ന് കേരള ബജറ്റിനെ വിമര്‍ശിച്ച ബിജെപി നേതാക്കള്‍ക്ക് കേന്ദ്രബജറ്റു വന്നതോടെ പറഞ്ഞതൊക്കെ വിഴുങ്ങേണ്ടി വന്നിരിക്കുകയാണ്. 2020-21ലെ കേന്ദ്ര ബജറ്റ് കമ്മി 9.5 ശതമാനമായിരുന്നു. 2021-22ലെ കമ്മി 6.8 ശതമാനമാണ്.

കേരളം മാത്രമല്ല, സംസ്ഥാനങ്ങളുടെ ധനക്കമ്മി കേന്ദ്ര ധനക്കമ്മിയുടെ പകുതിയേ വരൂ. 2020-21ല്‍ കേരളത്തിന്റെ ധനക്കമ്മി 4.25 ശതമാനമായിരുന്നു. 2021-22ല്‍ ഇത് 3.5 ശതമാനമാവുമാണ്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ശതമാനം വായ്പ അധികമെടുക്കാന്‍ സംസ്ഥാനങ്ങളെ അനുവദിച്ചതുകൊണ്ട് പുതുക്കിയ ബജറ്റില്‍ കമ്മി 4.5 ശതമാനമായി ഉയരും. ഇതിന് ആനുപാതികമായി മൂലധനച്ചെലവും ഉയരും.

ഇനി കടത്തിന്റെ കാര്യമാണെങ്കില്‍ 2020-21ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 8 ലക്ഷം കോടി രൂപയാണ് വായ്പയെടുക്കാന്‍ തീരുമാനിച്ചത്. ഇതിനുപകരം വായ്പയെടുത്തത് 18.5 ലക്ഷം കോടി രൂപ. ഇപ്പോഴത്തെ ബജറ്റ് പ്രകാരം 15.1 ലക്ഷം കോടി രൂപയാണ് വായ്പയെടുക്കാന്‍ ലക്ഷ്യമിടുന്നത്.

കേരളത്തിന് ദേശീയപാത വികസനത്തിന് 65,000 കോടി രൂപ വകയിരുത്തിയിരിക്കുന്നു എന്നുപറഞ്ഞ് കോള്‍മയിര്‍ കൊള്ളുന്നവരുണ്ട്. അതൊരു തമാശയാണ്. നാഷണല്‍ ഹൈവേ അതോറിറ്റി വായ്പയെടുത്ത് മുതല്‍ മുടക്കുന്ന തുകയാണിത്. നമ്മുടെ കിഫ്ബി വായ്പപോലെ. ഇതൊരു പുതിയ പ്രഖ്യാപനവുമല്ല. ദേശീയപാത വികസനത്തിനുള്ള തുക നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞതാണ്.

കൊച്ചി മെട്രോയ്ക്കുള്ള 1,957 കോടി രൂപയില്‍ 338 കോടി രൂപയേ കേന്ദ്രത്തില്‍ നിന്നും ഓഹരി മൂലധനമായി കിട്ടൂ. ഇതിനു തുല്യമായ തുക സംസ്ഥാനവും നല്‍കണം. ബാക്കിയുള്ള തുക വിദേശത്തു നിന്നോ നാട്ടില്‍ നിന്നോ വായ്പയെടുക്കണം.

ധനകാര്യ കമ്മീഷന്റെ റിപോര്‍ട്ട് പൂര്‍ണ്ണമായും വായിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും നടപ്പുവര്‍ഷത്തെ അപേക്ഷിച്ച് നമുക്കുള്ള ധനസഹായം ചെറിയ തോതിലെങ്കിലും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിന്റെ നികുതി വിഹിതം 1.943 ആയിരുന്നത് 1.925 ആയി കുറഞ്ഞു. പക്ഷെ, നമ്മുടെ റവന്യുക്കമ്മി ഗ്രാന്റ് 15,323 കോടി രൂപയായിരുന്നത് 19,891 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് റിപ്പോര്‍ട്ട് പൂര്‍ണ്ണമായും വായിക്കേണ്ടതുണ്ട്.

Tags:    

Similar News