ഈ മാതാപിതാക്കള്‍ ഇനി ആരോടാണ് യാചിക്കേണ്ടത്?

ഗള്‍ഫിലെ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയുടെ പോസ്റ്റ്

Update: 2020-04-28 09:06 GMT

ഇന്ന് നമ്മുടെ നാട്ടിലേക്ക് അയക്കാന്‍ ഏഴ് മൃതദേഹങ്ങളുണ്ടായിരുന്നു. മുഴുവന്‍ മൃതദേഹങ്ങളും കോഴിക്കോട് വിമാനത്താവളത്തിലേക്ക് അയച്ചു. അതില്‍ ഒന്ന് 11വയസ്സുളള ഒരു കുട്ടിയുടെതായിരുന്നു കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഷാനി ദേവസ്യയുടെയും ഷീബയുടെയും മൂത്ത മകന്‍ ഡേവിഡിന്റേത്. എംബാമിംഗ് കഴിഞ്ഞ് കൊച്ചുമകന്റെ ശരീരം പെട്ടിക്കുളളില്‍ വെച്ച് ആണി തറക്കുമ്പോള്‍ മാതാപിതാക്കളുടെ കരച്ചില്‍ എനിക്കും സഹപ്രവര്‍ത്തകര്‍ക്കും സഹിക്കാവുന്നതിനപ്പുറമായിരുന്നു.

കുഞ്ഞ് വാവയായിരുന്നപ്പോള്‍ ഡേവിഡിനെ ഗള്‍ഫില്‍ കൊണ്ടു വന്ന് വളര്‍ത്തി, സ്‌കൂളില്‍ ചേര്‍ത്തു. 11 വയസ്സുവരെ മാത്രമെ ആ മാതാപിതാക്കള്‍ക്ക് അവനെ പരിപാലിക്കുവാനും സ്‌നേഹിക്കുവാനുളള അവസരം ദൈവം കൊടുത്തുളളു.കുഞ്ഞു ഡേവിഡ് ദൈവത്തിന്റെ സന്നിധിയിലേക്ക് യാത്രയായി. മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ നാട്ടിലേക്ക് അയച്ചു. ഇവിടെയും നമ്മുടെ കേന്ദ്രസര്‍ക്കാരിന്റെ പിടിവാശി മൂലം മാതാപിതാക്കള്‍ക്ക് നാട്ടിലേക്ക് പോകാന്‍ സാധിച്ചില്ല. മകന്‍ നഷ്ടപ്പെട്ട വേദന ഒന്ന്, അതുപോലെ തന്നെ പൊന്നുമകന്റെ അന്ത്യകര്‍മ്മം പോലും ചെയ്യാന്‍ ഭാഗ്യം ഇല്ലാതെ പോകുന്ന ഒരു അവസ്ഥ, ഒന്ന് ചിന്തിച്ചു നോക്കു. ഈ വേദനകള്‍ ഒക്കെ നേരില്‍ കാണുന്നവരാണ് പ്രവാസികളായ ഞങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍. ഈ മാതാപിതാക്കളുടെ കണ്ണ്‌നീരിന് പരിഹാരം കാണാന്‍ ആരോടാണ് യാചിക്കേണ്ടത്. ഇലക്ഷന്‍ സമയത്ത് വോട്ട് ചോദിക്കാനും പൈസാ പിരിവിനും വേണ്ടി വിമാനം കയറി ഇവിടെ വരുന്ന നേതാക്കളോടാണോ? അല്ലെങ്കില്‍ ഏതെങ്കിലും പാര്‍ട്ടി രാജ്യ തലസ്ഥാനത്ത് അധികാരത്തില്‍ വരുമ്പോള്‍ അവര്‍ നോമിനേറ്റ് ചെയ്യുന്ന മന്ത്രിമാരോടാണോ ഞങ്ങള്‍ ചോദിക്കേണ്ടത്?

ഞങ്ങള്‍ പ്രവാസികളെ രണ്ടാം പൗരന്മരായി കാണുന്ന നിങ്ങളുടെ നയം തിരുത്തു.ഇനിയും നിങ്ങള്‍ തീരുമാനങ്ങള്‍ എടുക്കാന്‍ വൈകിയാല്‍ വലിയ വിലകൊടുക്കേണ്ടി വരും. അത് ഉറപ്പാണ്. എന്ത് പറഞ്ഞാണ് ഈ കുടുംബത്തിനെ സമാധാനപ്പെടുത്തണം എന്ന് എനിക്കറിയില്ല. എല്ലാം നേരിടാനുളള മനക്കരുത്ത് ദൈവം അവര്‍ക്ക് നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. 


Full View


Similar News