പന്തീരാങ്കാവ് യുഎപിഎ: പിണറായി സര്‍ക്കാറിന്റെ മൂടുതാങ്ങികള്‍ക്ക് ഇന്ത്യന്‍ ഫാഷിസ്റ്റുകളുടെ മുഖവും ശബ്ദവുമെന്ന് ഡോ. ആസാദ്

അലനെയും താഹയെയും മോചിപ്പിക്കണമെന്ന് ഒരേ ശബ്ദത്തില്‍ ആവശ്യപ്പെട്ടപ്പോള്‍ അലനു വേണ്ടി രംഗത്തുവന്ന ചിലരെങ്കിലും അലന്റെ മാത്രം മോചനം ആഗ്രഹിച്ചു. ഒരു മാപ്പുസാക്ഷിയാവാന്‍ തനിക്കുമേല്‍ സമ്മര്‍ദ്ദമുണ്ടായി എന്ന് അലന്‍തന്നെ പറഞ്ഞിട്ടുണ്ടല്ലോ.

Update: 2021-07-24 07:31 GMT

തിരുവനന്തപുരം: കേരളത്തില്‍നിന്നു രണ്ടു വിദ്യാര്‍ഥികളെ പിടിച്ചു യുഎപിഎ ചാപ്പകുത്തി ഫാഷിസ്റ്റ്  ഭീകരതയ്ക്ക് എറിഞ്ഞു കൊടുത്ത പിണറായി സര്‍ക്കാറിന്റെ മൂടുതാങ്ങികള്‍ക്ക് ഇന്ത്യന്‍ ഫാഷിസ്റ്റുകളുടെ  ശബ്ദവും മുഖവുമാണമെന്ന് ഇടതുചിന്തകന്‍ ഡോ. ആസാദ്.

രാജ്യത്താകെ എത്രയോ വിദ്യാര്‍ഥികളും അദ്ധ്യാപകരും ഇതര ബുദ്ധിജീവികളും യുഎപിഎ കേസുകളില്‍ ജയിലിലടയ്ക്കപ്പെട്ട കാലമാണ്. യുഎപിഎ റദ്ദാക്കണമെന്നും ഇത്തരം കേസുകളില്‍ അടയ്ക്കപ്പെട്ടവര്‍ക്ക് നീതി നല്‍കണമെന്നും രാജ്യത്താകെയുള്ള ജനാധിപത്യവാദികള്‍ ആവശ്യപ്പെടുന്നു. സിപിഎമ്മിനും അതേ അഭിപ്രായമാണ്. എന്നാല്‍ പന്തീരങ്കാവ് കേസില്‍മാത്രം അവര്‍ക്കു ഭിന്നാഭിപ്രായമുണ്ടെന്നും ഡോ. ആസാദ് ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അലന്‍- താഹാ യുഎപിഎ കേസ് സുപ്രീംകോടതിയില്‍ താഹ നല്‍കിയ ജാമ്യാപേക്ഷയുടെ വാദം കേള്‍ക്കലില്‍ എത്തിനില്‍ക്കുന്നു. അലന്റെ ജാമ്യം റദ്ദാക്കണമെന്ന വാദവുമായി എന്‍ഐഎ വാശിയിലാണ്. ഒരാഴ്ചയ്ക്കകം ഹരജി നല്‍കിയാല്‍ ഒന്നിച്ചു പരിഗണിക്കാമെന്ന് കോടതി നിശ്ചയിച്ചിട്ടുണ്ട്.

മാവോയിസ്റ്റുകളാണെന്ന് കുറ്റപത്രത്തില്‍ പറയുന്നില്ല. എന്തെങ്കിലും ക്രിമിനല്‍ കുറ്റംതെയ്തതായി ആരോപണമില്ല. മുമ്പ് ഏതെങ്കിലും കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. ഇപ്പോഴും ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിലെ ഏതെങ്കിലും വകുപ്പു ചാര്‍ത്തപ്പെട്ടിട്ടില്ല. ലോകത്തേക്കു തുറന്നുവെച്ച കണ്ണുകളുള്ള രണ്ടു വിദ്യാര്‍ത്ഥികള്‍ ഭരണകൂട അതിക്രമത്തിന് വിധേയമാവുകയാണ്.

രാഷ്ട്രീയാസൂത്രണങ്ങളില്‍ പലപ്പോഴും നിരപരാധികള്‍ രക്തസാക്ഷികളായി തീരുന്നു. യുഎപിഎ-എന്‍ഐഎ നിയമ ഭേദഗതിയുടെ ആദ്യ ഇരകള്‍ ഇടതുപക്ഷ വിചാരങ്ങളില്‍പെട്ട വിദ്യാര്‍ത്ഥികളാവണമെന്ന് ഫാസിസ്റ്റ് ഭരണകൂടത്തിനു തോന്നാം. അതിനു പക്ഷേ, എല്‍ഡിഎഫ് സര്‍ക്കാറും കമ്യൂനിസ്റ്റു പേരുള്ള പാര്‍ട്ടിയും കൂട്ടു നില്‍ക്കുമെന്ന് ആരും പ്രതീക്ഷിച്ചതല്ല.

അലനും താഹയും സുഹൃത്തുക്കളാണ്. ഒരേ ഭരണകൂടവേട്ടയ്ക്ക് ഇരകളായ സഖാക്കളാണ്. ജനാധിപത്യ കേരളം രണ്ടുപേരുടേയും മോചനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ വിചിത്രമായ ചില കാഴ്ച്ചകളുണ്ടായി. താഹയ്ക്കു വേണ്ടി സംസാരിച്ചവര്‍ അലനെയും താഹയെയും മോചിപ്പിക്കണമെന്ന് ഒരേ ശബ്ദത്തില്‍ ആവശ്യപ്പെട്ടപ്പോള്‍ അലനു വേണ്ടി രംഗത്തുവന്ന ചിലരെങ്കിലും അലന്റെ മാത്രം മോചനം ആഗ്രഹിച്ചു. ഒരു മാപ്പുസാക്ഷിയാവാന്‍ തനിക്കുമേല്‍ സമ്മര്‍ദ്ദമുണ്ടായി എന്ന് അലന്‍തന്നെ പറഞ്ഞിട്ടുണ്ടല്ലോ.

രാജ്യത്താകെ എത്രയോ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഇതര ബുദ്ധിജീവികളും യുഎപിഎ കേസുകളില്‍ ജയിലിലടയ്ക്കപ്പെട്ട കാലമാണ്. യുഎപിഎ റദ്ദാക്കണമെന്നും ഇത്തരം കേസുകളില്‍ അടയ്ക്കപ്പെട്ടവര്‍ക്ക് നീതി നല്‍കണമെന്നും രാജ്യത്താകെയുള്ള ജനാധിപത്യവാദികള്‍ ആവശ്യപ്പെടുന്നു. സിപിഎമ്മിനും അതേ അഭിപ്രായമാണ്. എന്നാല്‍ പന്തീരങ്കാവ് കേസില്‍മാത്രം അവര്‍ക്കു ഭിന്നാഭിപ്രായമുണ്ട്! ഈ കാപട്യത്തിന്റെ പങ്കുപറ്റി പ്രതികരിക്കുന്ന ബുദ്ധിജീവികളുടെ ഇരട്ടത്താപ്പ് വളരെ വ്യക്തവുമാണ്. തങ്ങളില്‍ ചിലര്‍ക്കു താല്‍പ്പര്യമുള്ള അലനെമാത്രം രക്ഷിച്ചെടുക്കാന്‍ അവരില്‍ ചിലര്‍ കച്ചകെട്ടിയിരുന്നു. യുഎപിഎ അറസ്റ്റിനോടു പരസ്യമായി പ്രതികരിക്കാന്‍പോലും ശേഷി കാണിക്കാത്തവര്‍ അണിയറയിലിരുന്ന് മാപ്പുസാക്ഷി നാടകത്തിന്റെ റിഹേഴ്‌സല്‍ നടത്തി. സംസ്ഥാന സര്‍ക്കാറിനോടു കൂറുകാണിക്കുന്നതിനപ്പുറം ഒരു സ്വതന്ത്രാഭിപ്രായവും അവര്‍ക്കില്ല. അവരോട് അലനുപോലും മമതയുണ്ടായില്ല.

ഇരയും വേണം വേട്ടക്കാരനും വേണം എന്നു കരുതുന്നവരാണ് അവരെന്നു തോന്നാം. എന്നാല്‍, ആത്യന്തിക നിമിഷത്തില്‍ വേട്ടക്കാരനേ വേണ്ടൂ എന്നു നിശ്ചയിച്ചവരാണവര്‍. അലനോടുള്ള കപട സ്‌നേഹത്തിന്റെ പ്രകടനത്തിന് രാഷ്ട്രീയ ധ്വനികളില്ല. കേരളത്തില്‍നിന്നു രണ്ടു വിദ്യാര്‍ത്ഥികളെ പിടിച്ചു യുഎപിഎ ചാപ്പകുത്തി ഫാസിസ്റ്റ് ഭീകരതയ്ക്ക് എറിഞ്ഞു കൊടുത്ത പിണറായി സര്‍ക്കാറിന്റെ മൂടുതാങ്ങികള്‍ക്ക് ഇന്ത്യന്‍ ഫാഷിസ്റ്റുകളുടെ ശബ്ദവും മുഖവുമാണ്.

സുപ്രീംകോടതിയില്‍ എന്തു വിധിയുണ്ടാവട്ടെ, ഈ കേസില്‍ അലനും താഹയ്ക്കും യുഎപിഎ ചുമത്തിയതിന് എതിരായ സമരത്തില്‍ അവസാനം വരെ കൂട്ടുചേരാന്‍ ജനാധിപത്യ രാഷ്ട്രീയത്തിന് ബാദ്ധ്യതയുണ്ട്. അലനും താഹയ്ക്കും ജാമ്യം അനുവദിച്ചുകൊണ്ട് എന്‍ഐഎ കോടതി പുറപ്പെടുവിച്ച വിധി കേരളം ആവര്‍ത്തിച്ചു വായിച്ചു മനസ്സിലാക്കേണ്ടതുണ്ട്.

Tags: