'ദേശീയ വിദ്യാഭ്യാസനയം 2020 ഹിന്ദുത്വവല്‍ക്കരണ- കച്ചവടപ്രക്രിയകള്‍ക്ക് തീവ്രത വര്‍ധിപ്പിക്കുന്നത്'

സിലബസ് പരിഷ്‌കരണങ്ങളിലൂടെയും വെട്ടിക്കുറക്കലുകളിലൂടെയും ആര്‍എസ്എസ് തുടങ്ങിവച്ച വിദ്യാഭ്യാസത്തിന്റെ ഹിന്ദുത്വവല്‍ക്കരണപ്രക്രിയ എന്‍ഇപി 2020 ലൂടെ സമഗ്രമായി നടപ്പാക്കാന്‍ പോവുന്നു. സംസ്‌കൃതവും, ഹിന്ദിയുമൊക്കെ അടിച്ചേല്‍പ്പിക്കുന്നത് ഇതിന്റെ ഭാഗമായാണ്.

Update: 2020-08-01 14:26 GMT

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയം 2020 നെതിരേ വിവിധ കോണുകളില്‍നിന്ന് രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. രാജ്യത്തെ ഫെഡറല്‍ ഘടനയെ തകര്‍ക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയമെന്നും വിദ്യാഭ്യാസത്തിന്റെ വര്‍ഗീയവല്‍ക്കരണത്തിനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നുമാണ് രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലുള്ളവര്‍ അഭിപ്രായപ്പെടുന്നത്.

സാമ്രാജ്യത്വ ശക്തികളുടെയും അവരുടെ പിണിയാളുകളുകളായ ബ്രാഹ്മണിക്കല്‍- ഹിന്ദു ഫാഷിസിസ്റ്റ് ഭരണവര്‍ഗങ്ങളുടെയും നയമായ വിദ്യാഭ്യാസത്തിന്റെ ഹിന്ദുത്വവല്‍ക്കരണ- കച്ചവടപ്രക്രിയകള്‍ക്കു വേഗതയും തീവ്രതയും വര്‍ധിപ്പിക്കാന്‍ മാത്രമാണ് ദേശീയ വിദ്യാഭ്യാസ നയം (2020) രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പുനസ്സംഘടന കമ്മിറ്റി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.


 കൊവിഡ് 19 മഹാമാരിയുടെ സാഹചര്യങ്ങള്‍ ഇന്ത്യയിലെ ഹിന്ദുഫാഷിസ്റ്റ് ഭരണകൂടം അവരുടെ സ്വപ്‌നപദ്ധതികള്‍ നടപ്പാക്കാനുള്ള സുവര്‍ണാവസരമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ അടിച്ചേല്‍പ്പിക്കലും പല സംസ്ഥാനങ്ങളിലെയും തൊഴില്‍ നിയമഭേദഗതികളും പൊതുമേഖലാ സ്ഥാപനങ്ങള്‍ തുരുതുരാ വിറ്റഴിക്കുന്നതുമൊക്കെ ഇതിന്റെ ഭാഗമായാണെന്ന് അസോസിയേഷന്‍ അഭിപ്രായപ്പെടുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ജൂലൈ 29ന്, സാമ്രാജ്യത്വത്തിന്റെ ഏറ്റവും നല്ല ദാസനും ഇന്ത്യന്‍ ഭരണവര്‍ഗങ്ങളുടെ പ്രിയതോഴനുമായ കെ കസ്തൂരിരംഗന്‍ അധ്യക്ഷനായുള്ള സമിതി സമര്‍പ്പിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടിന് വലിയ ഭേദഗതികളൊന്നും കൂടാതെ തന്നെ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നു. സാമ്രാജ്യത്വശക്തികളുടെയും അവരുടെ പിണിയാളുകളുകളായ ബ്രാഹ്മണിക്കല്‍- ഹിന്ദു ഫാഷിസിസ്റ്റ് ഭരണവര്‍ഗങ്ങളുടെയും നയമായ വിദ്യാഭ്യാസത്തിന്റെ ഹിന്ദുത്വവല്‍ക്കരണ- കച്ചവടപ്രക്രിയകള്‍ക്കു വേഗതയും തീവ്രതയും വര്‍ധിപ്പിക്കാന്‍ മാത്രമാണ് ദേശീയ വിദ്യാഭ്യാസ നയം (2020) രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ ജലവും, കാടുകളും, ഭൂമിയും, പ്രകൃതിവിഭവങ്ങള്‍ ആകെത്തന്നെയും സ്വദേശി- വിദേശി കുത്തകകള്‍ക്ക് കൊള്ളയടിക്കാന്‍ തീറെഴുതിക്കൊടുക്കുന്ന ഇന്ത്യന്‍ ഭരണവര്‍ഗങ്ങളുടെ ആശയങ്ങളെ കസ്തൂരിരംഗന്‍ വിശ്വസ്തദാസനായി നിലകൊണ്ടുസംരക്ഷിച്ചതും പശ്ചിമഘട്ടത്തെപ്പറ്റിയുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ടില്‍ വെള്ളം ചേര്‍ത്തതും ആരും മറന്നിട്ടുണ്ടാവില്ല. പുത്തന്‍ വിദ്യാഭ്യാസനയം 2014 ല്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട ആയിരുന്നു. 2016 ല്‍ സുബ്രമണ്യന്റെ നേതൃത്വത്തിലുള്ള ഒന്നാം ദേശീയ വിദ്യാഭ്യാസ നയരൂപീകരണ കമ്മിറ്റി അവരുടെ കരട് നയരേഖ സമര്‍പ്പിച്ചെങ്കിലും അത് എംഎച്ച്ആര്‍ഡി പ്രസിദ്ധീകരിക്കുകപോലും ചെയ്തില്ല. പകരം കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ വീണ്ടും കരട് നയരേഖ തയ്യാറാക്കാന്‍ പുതിയൊരു കമ്മിറ്റിയെ നിയമിക്കുകയായിരുന്നു.

കസ്തൂരിരംഗനെ തന്നെ ഈ കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിച്ചതിനു പിന്നിലുള്ളത് കൃത്യമായും ഭരണവര്‍ഗങ്ങളുടെ രാഷ്ട്രീയതാല്‍പര്യമാണെന്നത് വ്യക്തമാണ്. നിയോ- ലിബറല്‍ ആശയങ്ങളില്‍ അധിഷ്ടിതമാണ് എന്‍ഇപി 2020. 21ാം നൂറ്റാണ്ടിലെ നാലാം വ്യാവസായികവിപ്ലവം സൃഷ്ടിച്ചതും ഭാവിയില്‍ സാങ്കേതിക രംഗങ്ങളിലുണ്ടായേക്കാവുന്ന മാറ്റങ്ങള്‍ക്കനുസൃതമായി പുതിയ സ്‌കില്ലുകള്‍ സ്വയം പഠിച്ചെടുക്കാന്‍ ശേഷിയുള്ള, ബഹുമുഖ വൈദഗ്ധ്യമുള്ള തൊഴില്‍സേനയെ സൃഷ്ടിച്ചെടുക്കുക എന്നതാണ് എന്‍ഇപി 2020 ന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളില്‍ ഒന്ന്. സാമ്രാജ്യത്വത്തിന്റെ ലാഭതാല്‍പര്യങ്ങള്‍ക്കനുസരിച്ചു വ്യത്യസ്തമേഖലകളില്‍ നിക്ഷേപിക്കുന്ന മൂലധനങ്ങളുടെ ഏറ്റക്കുറവുകള്‍ക്കനുസരിച്ച് തൊഴില്‍ വിപണിയിലുണ്ടായേക്കാവുന്ന പ്രതിസന്ധികളെ തരണംചെയ്യുന്നതിനാണ് ഇത്.

ഈ ലക്ഷ്യം നടപ്പാക്കുന്നതിനായി പൊതുവിദ്യാഭ്യാസ മേഖലയിലെയും ഉന്നതവിദ്യാഭ്യാസ മേഖലയിലെയും ഘടനയിലും ഉള്ളടക്കത്തിലും സമൂലമായ അഴിച്ചുപണികളും മാറ്റങ്ങളും നയരേഖ നിര്‍ദേശിക്കുന്നു. സാമൂഹ്യ-അടിസ്ഥാന ശാസ്ത്ര വിഷയങ്ങള്‍ക്ക് നിലവില്‍ നല്‍കിവരുന്ന പ്രാധാന്യത്തെ വെട്ടിക്കുറച്ചുകൊണ്ട്, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസത്തില്‍ ലയിപ്പിച്ചുചേര്‍ത്ത് മുഖ്യധാരവല്‍ക്കരിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ലിബറല്‍ ആര്‍ട്‌സ്-സയന്‍സ് വിദ്യാഭ്യാസ സങ്കല്‍പ്പത്തെ അപ്പാടെ അട്ടിമറിച്ച് മള്‍ട്ടി ഡിസിപ്ലിനറി യൂനിവേഴ്‌സിറ്റികള്‍, തൊഴിലധിഷ്ഠിത ബിരുദത്തെ മുഖ്യധാരാ ബിരുദവുമായി ലയിപ്പിക്കല്‍, എപ്പോള്‍ വേണമെങ്കിലും കൊഴിഞ്ഞുപോവാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്ന നാലുവര്‍ഷ ബിരുദം എന്നിവയും പ്രശ്‌നങ്ങള്‍ നിറഞ്ഞവയാണ്.

ഇന്ത്യന്‍ സാഹചര്യത്തില്‍, സാമൂഹ്യമായും- സാമ്പത്തികമായും പ്രിവിലേജ് അനുഭവിക്കന്നവര്‍ക്കുമാത്രം ഡിഗ്രി കംപ്ലീറ്റ് ചെയ്യാന്‍ പറ്റുകയും, സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ ഒന്നോ രണ്ടോ വര്‍ഷം വര്‍ഷം മാത്രം പഠിച്ച് സ്‌കില്‍ സര്‍ട്ടിഫിക്കറ്റോ, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റോ മാത്രം നേടുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലേക്കാണ് ഇത് നയിക്കുക. സമൂഹത്തിലെ വരേണ്യവിഭാഗങ്ങളില്‍നിന്ന് മാനേജീരിയല്‍ ക്ലാസിനെയും പിന്നാക്ക വിഭാഗങ്ങളില്‍നിന്നും വര്‍ക്കിങ് ക്ലാസിനെയും രൂപപെടുത്തിയെടുത്തു നിലനില്‍ക്കുന്ന സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങളെ പുനഃസൃഷ്ടിക്കുക, കൂടുതല്‍ തീവ്രമാക്കുക എന്നീ ഭരണവര്‍ഗ ആശയങ്ങള്‍ നടപ്പാക്കാന്‍ മാത്രമാണിത് സഹായിക്കുക.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സാമൂഹ്യശാസ്ത്ര വിഷയങ്ങള്‍ക്ക്, പ്രധാന്യംകുറച്ചു തൊഴിലധിഷ്ഠിതമാകുന്നതും മള്‍ട്ടി ഡിസിപ്ലിനറിയാവുന്നതും വിമര്‍ശനാത്മകവും സാമൂഹ്യവുമായി ചിന്തിക്കുന്ന പൗരരെയല്ല, മറിച്ച് വിധേയത്വവും വൈദഗ്ധ്യവുമുള്ള തൊഴില്‍സേനയെ മാത്രമാണ് സൃഷ്ടിക്കുക. എന്‍ഇപി 2020 പൊതു-ഉന്നത വിദ്യാഭ്യാസമേഖലയില്‍ നടത്താനുദ്ദേശിക്കുന്ന വലിയ തോതിലുള്ള ഘടനാപരമായ അഴിച്ചുപണികള്‍ക്കും അതിന്റെ ഭാഗമായുണ്ടാവുന്ന പശ്ചാത്തല വികസനങ്ങള്‍ക്കും എങ്ങനെ പണം കണ്ടെത്തുമെന്ന് നയരേഖയില്‍ പറയുന്നില്ല. സര്‍ക്കാര്‍ ഈ നിക്ഷേപങ്ങളൊന്നുംതന്നെ നടത്താന്‍ പോവുന്നില്ലെന്നും കോര്‍പറേറ്റ് ഫണ്ടിങ്ങും സ്വകാര്യ, വിദേശമൂലധന നിക്ഷേപങ്ങളും വഴിയാണ് ഇവയൊക്കെ നടപ്പാക്കാന്‍ പോവുന്നതെന്നും ഏത് ചെറിയ കുട്ടിക്കുമറിയാം.

എന്‍ഇപി 1986/1992 തുടങ്ങിവച്ച വിദ്യാഭ്യാസമേഖലയുടെ സ്വകാര്യവല്‍ക്കരണ-കച്ചവടവല്‍ക്കരണ പ്രക്രിയകളെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തുകയാണിവിടെ. വിദ്യാഭ്യാസത്തിന്റെ 'ഇന്ത്യാവല്‍ക്കരണം' എന്ന ആര്‍എസ്എസ് അജണ്ടയുമായി വൈരുധ്യത്തിലാവുന്നുണ്ടെങ്കില്‍ പോലും നൂറോളം വിദേശ യൂനിവേഴ്‌സിറ്റികള്‍ക്കു ഇന്ത്യയിലേക്ക് വാതില്‍ തുറന്നുകൊടുക്കാനുള്ള നീക്കത്തെ ഇതോടൊപ്പം ചേര്‍ത്തുവച്ചുവേണം വായിക്കാന്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണവല്‍ക്കരണവും അക്രഡിറ്റേഷന്‍ സമ്പ്രദായം സൃഷ്ടിക്കാന്‍ പോവുന്ന ഗ്രാമ-നഗര അസമത്വങ്ങളും എന്‍ഇപി 2020 ന്റെ ഉപോല്‍പ്പന്നങ്ങളാണ്.

ലിബറല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് വിദ്യാഭ്യാസത്തെ, അതുത്പാദിപ്പിക്കുന്ന മൂല്യങ്ങളെ ഇന്ത്യയുടെ പാരമ്പര്യവുമായി കൂട്ടിക്കെട്ടാന്‍ നടത്തുന്ന ശ്രമം ഇന്ത്യയുടെ പാരമ്പര്യം ബ്രാഹ്മണ്യം മാത്രമായിരുന്നുവെന്നു സ്ഥാപിക്കുന്നു. ബ്രഹ്മണ്യവും അതിന്റെ രാഷ്ട്രീയ പദ്ധതിയായ ഹിന്ദുത്വവുമാണ് എന്‍ഇപി 2020 മുന്നോട്ടുവയ്ക്കുന്ന മൂല്യമെന്ന് ഇതിലൂടെ വ്യക്തമാക്കുന്നു. മതേതരത്വവും, സോഷ്യലിസവും പോലുള്ള ഭരണഘടനാമൂല്യങ്ങളെപ്പറ്റി നയരേഖ പരാമര്‍ശിക്കുന്നുപോലുമില്ല. സിലബസ് പരിഷ്‌കരണങ്ങളിലൂടെയും വെട്ടിക്കുറക്കലുകളിലൂടെയും ആര്‍എസ്എസ് തുടങ്ങിവച്ച വിദ്യാഭ്യാസത്തിന്റെ ഹിന്ദുത്വവല്‍ക്കരണപ്രക്രിയ എന്‍ഇപി 2020 ലൂടെ സമഗ്രമായി നടപ്പാക്കാന്‍ പോവുന്നു. സംസ്‌കൃതവും, ഹിന്ദിയുമൊക്കെ അടിച്ചേല്‍പ്പിക്കുന്നത് ഇതിന്റെ ഭാഗമായാണ്.

നിലവിലുള്ള യുജിസി, എഐസിടി സംവിധാനങ്ങളില്ലാതാക്കി പകരം പ്രധനമന്ത്രി അധ്യക്ഷനായുള്ള ഉന്നതവിദ്യാഭ്യാസ കമ്മീഷനില്‍, സാമ്പത്തികവും, അക്കാദമികവും, ഗുണനിലവാരപരിശോധന അധികാരവും, ഭരണപരമായതുമായ സര്‍വ അധികാരങ്ങളും നിക്ഷിപ്തമാവുന്നതോടു കൂടി ഇന്ത്യന്‍ ഭരണവര്‍ഗങ്ങള്‍ക്കു അവരുടെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ സുഗമമായി നടപ്പാക്കന്‍ സാധിക്കും. കൊവിഡ് 19 മഹാമാരിയുടെ സാഹചര്യങ്ങള്‍ ഇന്ത്യയിലെ ഹിന്ദുഫാഷിസ്റ്റ് ഭരണകൂടം അവരുടെ സ്വപ്‌നപദ്ധതികള്‍ നടപ്പാക്കാനുള്ള സുവര്‍ണാവസരമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ അടിച്ചേല്‍പ്പിക്കലും പല സംസ്ഥാനങ്ങളിലെയും തൊഴില്‍ നിയമ ഭേദഗതികളും പൊതുമേഖലാ സ്ഥാപനങ്ങള്‍ തുരുതുരാ വിറ്റഴിക്കുന്നതുമൊക്കെ ഇതിന്റെ ഭാഗമായാണ്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇത്ര തിടുക്കത്തില്‍ ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ഈ ജനവിരുദ്ധ-വിദ്യാര്‍ഥി വിരുദ്ധ ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കുക. വിദ്യാഭ്യാസരംഗത്തെ ഹിന്ദുത്വവല്‍ക്കരണവും കച്ചവടവല്‍ക്കരണവും അവസാനിപ്പിക്കുക. ശാസ്ത്രീയ-സോഷ്യലിസ്റ്റ് വിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികളും ബഹുജനങ്ങളും പോരാട്ടത്തിനിറങ്ങുക.

ഡെമോക്രാറ്റിക് സ്റ്റുഡന്റസ് അസോസിയേഷന്‍, സംസ്ഥാന പുനസ്സംഘടനാ കമ്മിറ്റി. 

Tags: