ഇടതുപക്ഷത്തിന്റെ മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍

രാഷട്രീയമായി മുസ്‌ലിംകള്‍ സ്വാധീനം വര്‍ധിപ്പിക്കാതെ നോക്കുകയും അതെ സമയം മുസ്‌ലിം നേതാക്കള്‍ കൂടെയുണ്ട് എന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യക്തിപരമായി ജയിക്കാന്‍ ശേഷിയുള്ള സ്വതന്ത്രരെ കണ്ടെത്തി കൂടെ നിര്‍ത്തുകയും ചെയ്യുക എന്നതാണ് പാര്‍ട്ടി തന്ത്രം

Update: 2021-03-11 13:14 GMT

ആബിദ് അടിവാരം

മുസ്‌ലിംകള്‍ക്ക് സ്വാധീനമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം വളര്‍ന്നു വരുന്നത് തടയുകയും അതേസമയം വിജയസാധ്യതയുള്ള മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ കൂടെ നിര്‍ത്തി തങ്ങള്‍ മുസ്‌ലിംകള്‍ക്കൊപ്പമാണെന്ന് വരുത്തിത്തീര്‍ക്കുകയുമാണ് സിപിഎമ്മിന്റെ ശ്രമമമെന്ന് ആബിദ് അടിവാരം. കയ്യില്‍ കാശുള്ളവനാണ് എന്നും സിപിഎമ്മില്‍ മുന്‍ഗണനയുള്ളത്. മഞ്ഞളാം കുഴി അലിയും, അബ്ദുറഹിമാനും, അന്‍വറും, പിടിഎ റഹീമും, കാരാട്ട് റസാക്കുമൊക്കെ അവരില്‍ പെട്ടവരാണ്. ഇവരെയൊക്കെ പാര്‍ട്ടിക്ക് ആവശ്യമുള്ളടിത്തോളം കാലം കൊണ്ട് നടക്കും, അത് കഴിഞ്ഞാല്‍ തള്ളിക്കളയും. അണികളെ രാഷ്ട്രീയമായി ആകര്‍ഷിച്ചു കൂടെ നിര്‍ത്താനുള്ള ശേഷി ഇല്ലാതിരിക്കുക എന്നതാണ് ഇത്തരം നേതാക്കളെ തിരഞ്ഞെടുക്കുന്നതിലെ പ്രധാന മാനദണ്ഡം.

അതേസമയം ഈ നയം എല്ലാവരോടും പാലിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നമെന്നും ആബിദ് പറയുന്നു.''മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി പ്രത്യേകിച്ചും ഏതെങ്കിലും മതവിഭാഗത്തിന് സ്വാധീനമുള്ള പാര്‍ട്ടികള്‍ വളര്‍ന്നു വരാതെ നോക്കേണ്ടത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആവശ്യമല്ലേ അതിലെന്താണ് തെറ്റ് എന്നൊരു ചോദ്യമുണ്ട്. മറ്റു മതവിഭാഗങ്ങളുടെ പാര്‍ട്ടികളോട് ഇടതിന് ഇങ്ങനെ ഒരു നയമില്ല എന്നതാണുത്തരം.''

പോസ്റ്റിന്റെ പൂര്‍ണരൂപം

മുസ്‌ലിംകള്‍ക്ക് സ്വാധീനമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം വളര്‍ന്നു വരുന്നത് തടയുക എന്ന നയം ഇടതുപക്ഷത്തിന് അഥവാ അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്ന സിപിഎമ്മിനുണ്ട്.

രാഷട്രീയമായി മുസ്‌ലിംകള്‍ സ്വാധീനം വര്‍ധിപ്പിക്കാതെ നോക്കുകയും അതെ സമയം മുസ്‌ലിം നേതാക്കള്‍ കൂടെയുണ്ട് എന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യക്തിപരമായി ജയിക്കാന്‍ ശേഷിയുള്ള സ്വതന്ത്രരെ കണ്ടെത്തി കൂടെ നിര്‍ത്തുകയും ചെയ്യുക എന്നതാണ് പാര്‍ട്ടി തന്ത്രം, കയ്യില്‍ കാശുള്ളവര്‍ക്ക് മുന്‍ഗണയുണ്ട്, മഞ്ഞളാം കുഴി അലിയും, അബ്ദുറഹിമാനും, അന്‍വറും, പിടിഎ റഹീമും, കാരാട്ട് റസാക്കുമൊക്കെ അവരില്‍ പെട്ടവരാണ്. ഇവരെയൊക്കെ പാര്‍ട്ടിക്ക് ആവശ്യമുള്ളടിത്തോളം കാലം കൊണ്ട് നടക്കും, അത് കഴിഞ്ഞാല്‍ തള്ളിക്കളയും. അണികളെ രാഷ്ട്രീയമായി ആകര്‍ഷിച്ചു കൂടെ നിര്‍ത്താനുള്ള ശേഷി ഇല്ലാതിരിക്കുക എന്നതാണ് ഇത്തരം നേതാക്കളെ തെരെഞ്ഞെടുക്കുന്നതിലെ പ്രധാന മാനദണ്ഡം.

മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി പ്രത്യേകിച്ചും ഏതെങ്കിലും മതവിഭാഗത്തിന് സ്വാധീനമുള്ള പാര്‍ട്ടികള്‍ വളര്‍ന്നു വരാതെ നോക്കേണ്ടത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആവശ്യമല്ലേ അതിലെന്താണ് തെറ്റ് എന്നൊരു ചോദ്യമുണ്ട്. മറ്റു മതവിഭാഗങ്ങളുടെ പാര്‍ട്ടികളോട് ഇടതിന് ഇങ്ങനെ ഒരു നയമില്ല എന്നതാണുത്തരം.

എതാനും മാസങ്ങള്‍ക്ക് മുമ്പ് ഇടതുമുന്നണിയിലേക്ക് കേരളാ കോണ്‍ഗ്രസ്സ് വലതു കാല്‍ വെച്ച് കയറിയത് ഓര്‍ക്കുന്നില്ലേ..? അഴിമതിക്കാരനെന്ന് വിളിച്ച് നിയമസഭ മുതല്‍ കേരളത്തിലെ തെരുവോരങ്ങള്‍ വരെ ഇളക്കി മറിച്ച, കേരളത്തിലുടനീളം പാര്‍ട്ടി കോലം കത്തിച്ച, കെ എം മാണിയുടെ മകനെയും പാര്‍ട്ടിയെയുമാണ് ഇരുകയ്യും നീട്ടി സ്വീകരിച്ചത്,

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടുത്ത വിമര്‍ശകനായിരുന്ന, അയാളെ ഈ പടി ചവിട്ടിക്കില്ല എന്ന് പിണറായി കട്ടായം പറഞ്ഞ വീരേന്ദ്രകുമാറും പാര്‍ട്ടിയുമെല്ലാം ഇരുട്ടിവെളുക്കുമ്പോള്‍ ഇടതു മുന്നണിയില്‍ എത്തിയിട്ടുണ്ട് എന്നാല്‍ രണ്ട് പതിറ്റാണ്ട് കൂടെ നടന്നിട്ടും ഇടതുമുന്നണിയില്‍ എടുക്കാത്ത ഒരു പാര്‍ട്ടിയുണ്ട്, ഐഎന്‍എല്‍..! ഈ അടുത്ത കാലത്താണ് ഐഎന്‍എലിന് വാതില്‍ പാതി തുറന്നു വെച്ച് അകത്തേക്ക് പാളിനോക്കാന്‍ അവസരം കിട്ടിയത്... !

ഇന്ത്യ മുഴുവനും അനുയായികളുള്ള ബഹുമാന്യനായ നേതാവായിരുന്ന ഇബ്‌റാഹീം സുലൈമാന്‍ സേട്ടിന്റെ പാര്‍ട്ടിയാണ് ഐഎന്‍എല്‍, അഞ്ചു തവണ കേരള നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട രണ്ടു തവണ മന്ത്രിയായിരുന്ന യു എ ബീരാനും,ആറു തവണ എംഎല്‍എയും മന്ത്രിയുമായിരുന്ന പിഎം അബൂബക്കറും, മലബാര്‍ രാഷ്ട്രീയത്തിലെ പ്രഗത്ഭനേതാവായിരുന്ന ചെറിയമമ്മുക്കേയിയും ഉള്‍പ്പടെ എണ്ണം പറഞ്ഞ നേതാക്കളുള്ള പാര്‍ട്ടിയായിരുന്നു നാഷണല്‍ ലീഗ്, പക്ഷെ സിപിഎം അവരെ ഇടതു മുന്നണിയിലേക്ക് അടുപ്പിച്ചില്ല. തമിഴ്‌നാട്ടിലും കര്‍ണാടകയിലും എംഎല്‍എമാരുണ്ടായിരുന്ന, മഹാരാഷ്ട്രയിലും ബംഗാളിലും യുപിയിലുമെല്ലാം രാഷ്ട്രീയ സാന്നിധ്യമുണ്ടായിരുന്ന ഐഎന്‍എലിനെ അന്ന് ഇടതു മുന്നണിയില്‍ എടുത്തിരുന്നുവെങ്കില്‍ ഇന്ന് യുഡിഎഫില്‍ മുസ്‌ലിം ലീഗ് ഉള്ളത് പോലെ ശക്തമായ ഒരു മുസ്‌ലിം പാര്‍ട്ടി ഇടതു മുന്നണിയിലും ഉണ്ടാകുമായിരുന്നു, അതായിരുന്നു സിപിഎമ്മിന്റെ പ്രശ്‌നവും, മുസ്‌ലിംകള്‍ രാഷ്ട്രീയമായി ശക്തിപ്രാപിക്കുന്നതിന് തടയിടുക എന്നത് സിപിഎം നയമാണ്, മാണിയുടെ മോന് കിട്ടുന്ന പരിഗണന ഇബ്രാഹീം സുലൈമാന്‍ സേട്ട്‌ന് കിട്ടാതെ പോയത് അത് കൊണ്ടാണ്. തിരഞ്ഞെടുപ്പ് കാലത്ത് കേരളമാകെ കൊണ്ട് നടന്ന് ആഘോഷിക്കുന്ന മഅദനിയും പിഡിപിയും കാല്‍ നൂറ്റാണ്ടായി കറി വേപ്പിലയാണ്.

ഇടത് വലത് മുന്നണികളിലായി നിരന്തരം ചാടിക്കളിക്കുന്ന, രാഷ്ട്രീയ വിശ്വാസ്യത തൊട്ടു തീണ്ടിയിട്ടില്ലാത്ത കേരളാ കോണ്‍ഗ്രസുകളില്‍ ഒന്ന് എപ്പോഴും കൂടെയുണ്ട് എന്ന് ഉറപ്പാക്കുന്ന സിപിഎം, കുമ്മനത്തെ വെല്ലുന്ന വര്‍ഗീയ പ്രസ്താവനകള്‍ നടത്തുന്ന ബിജെപിയുടെ ഘടക കക്ഷിയായ ബിഡിജെഎസ്സിന്റെ നേതാവ് വെള്ളാപ്പള്ളിയെ വീട്ടില്‍ പോയി കണ്ട് പിന്തുണ തേടുന്ന സിപിഎം, മുസ്‌ലിം രാഷട്രീയ കക്ഷികളെ തീണ്ടാപ്പാടകലെ നിര്‍ത്തുകയും രാഷട്രീയമായി ശക്തിപ്പെടാന്‍ ശേഷിയില്ലാത്ത സമുദായത്തിലെ പ്രാഞ്ചിയേട്ടന്‍മാര്‍ക്ക് സീറ്റ് കച്ചവടം നടത്തി മുസ്‌ലിം സമുദായത്തെ 'പരിഗണിക്കുകയും' ചെയ്യുന്നത് ആര്‍ക്കും മനസ്സിലാവുന്നില്ല എന്ന് ധരിക്കരുത്.

ഇടതു പക്ഷത്തിന്റെ മുസ്ലിം സ്ഥാനാർത്ഥികൾ = = = = == = = == = == = == = = മുസ്ലിംകൾക്ക് സ്വാധീനമുള്ള ഒരു രാഷ്ട്രീയ...

Posted by Abid Adivaram on Wednesday, March 10, 2021