അങ്ങനെ ഒരാളാണ് ഇപ്പോള്‍ കൊടുംഭീകരന്‍...; സിദ്ദീഖ് കാപ്പനെ കുറിച്ച് കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം മുന്‍ സെക്രട്ടറി പി കെ മണികണ്ഠന്റെ കുറിപ്പ്

ഇന്ന് സിദ്ദിഖെങ്കില്‍ നാളെ നമ്മളില്‍ ആരെങ്കിലുമാവാം ഇര. ഒരു വ്യക്തിയുദ്ധമല്ല,

Update: 2020-10-10 04:47 GMT
കോഴിക്കോട്: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ നാടിനെ നടുക്കിയ ഒരു ബലാല്‍സംഗക്കൊല അരങ്ങേറി. പ്രദേശത്ത സവര്‍ണ വിഭാഗത്തില്‍പെട്ട ഠാക്കൂര്‍ സമുദായത്തില്‍പെട്ട ഏതാനും പേര്‍ ദലിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് നാവറുത്തു. എല്ലുകള്‍ പൊട്ടിയും ഗുരുതര പരിക്കേറ്റും പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി. യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപി പോലിസാവട്ടെ മൃതദേഹം ബന്ധുക്കളെ ഒരുനോക്ക് കാണാന്‍ പോലും വിടാതെ ദഹിപ്പിച്ചു. പിന്നീട് രാജ്യമെങ്ങും കണ്ടത് പ്രതിഷേധത്തിന്റെ വേലിയേറ്റമായിരുന്നു. ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതില്‍ നിന്നു രാഷ്ട്രീയനേതാക്കളെയും മാധ്യമങ്ങളെയും പോലിസ് വിലക്കേര്‍പ്പെടുത്തി. ലോകം മുഴുക്കെ ഇതെല്ലാം തല്‍സമയം കണ്ടു. ഒടുവില്‍ യോഗി പോലിസിനു മുട്ടുമടക്കേണ്ടി വന്നു. എന്നാല്‍, പ്രദേശം സന്ദര്‍ശിച്ച് വാര്‍ത്ത നല്‍കാനുള്ള യാത്രാമധ്യേ മലയാളി മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി സിദ്ദീഖ് കാപ്പനെ ഉള്‍പ്പെടെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചു. ഈ പശ്ചാത്തലത്തിലാണ് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം മുന്‍ സെക്രട്ടറിയും മാതൃഭൂമി ദിനപത്രം സ്റ്റാഫ് റിപോര്‍ട്ടറുമായ പി കെ മണികണ്ഠന്‍ സിദ്ദീഖ് കാപ്പനെ കുറിച്ചും ഡല്‍ഹി പോലിസിനെ കുറിച്ചും 'കൂട്ടത്തിലിരുന്ന് കല്ലെറിയുന്നവര്‍ക്കു'മെതിരേ തന്റേ ഫേസ് ബുക്കിലൂടെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നത്.


പി കെ മണികണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

     പത്രപ്രവര്‍ത്തകരുടെ വാര്‍ത്തകളും അവര്‍ സ്വീകരിക്കുന്ന പൊതുനിലപാടുകളും മാത്രമേ പലപ്പോഴും കൂട്ടത്തിലുള്ളവര്‍ പോലും ശ്രദ്ധിക്കാറുള്ളൂ. വാര്‍ത്താമല്‍സരങ്ങളുടെ വര്‍ത്തമാനകാലത്ത് മനസു തുറന്നു സംസാരിക്കുന്നവര്‍ അധികമില്ല. ജോലിയുടെ വേവലാതികള്‍ക്കപ്പുറം സ്വന്തം ജീവിതത്തെക്കുറിച്ച് പരിമിതമായി മാത്രം പരസ്പരം ഉള്ളു തുറക്കുന്നവര്‍. അരക്ഷിതാവസ്ഥ ഏറെയുണ്ടെങ്കിലും വര്‍ഗബോധം അധികമില്ലാത്തവരാണ് മാധ്യമപ്രവര്‍ത്തകര്‍ എന്നതൊരു രഹസ്യമല്ല. ഇത്രയും ആമുഖമായി പറഞ്ഞത്, തൊഴിലിനിടെ തുറുങ്കിലടയ്ക്കപ്പെട്ട, ചുറ്റിലുമുള്ള കൊലവിളികള്‍ക്കിടയില്‍ നിസ്സഹായനായി നെടുവീര്‍പ്പിടാന്‍ മാത്രം വിധിക്കപ്പെട്ട സിദ്ദിഖ് കാപ്പന്‍ എന്ന പത്രപ്രവര്‍ത്തകനെ പരിചയപ്പെടുത്താനാണ്. ആറു വര്‍ഷത്തിലേറെയായി അയാള്‍ ഡല്‍ഹിയിലുണ്ട്. ആരോടും മുഖം കറുത്തു സംസാരിക്കുന്നതു കണ്ടിട്ടില്ല. ആരെയും വാക്കു കൊണ്ടൊന്നു കുത്തി നോവിച്ചെന്നും കേട്ടിട്ടില്ല. അങ്ങനെ ഒരാളാണ് ഉത്തര്‍പ്രദേശ് പോലിസിന്റെയും മറ്റു ചിലരുടെയും കണ്ണിലിപ്പോള്‍ കൊടുംഭീകരന്‍. മഥുര കോടതിയില്‍ ഹാജരാക്കുമ്പോള്‍ കണ്ടു, വിലങ്ങണിയിച്ചും കയറു കൊണ്ടു കെട്ടി വരിഞ്ഞുമുള്ള പോലിസ് തേര്‍വാഴ്ചയുടെ ആഘോഷം.

    'കാപ്പന്‍ പലപ്പോഴും ഉച്ചഭക്ഷണം സ്‌കിപ്പ് ചെയ്യുന്നതു കണ്ടിട്ടുണ്ട്. ചോദിച്ചാല്‍ വിശപ്പില്ലെന്നാണ് പറയാറ്' - കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് വെളിപ്പെടുത്തിയതാണ്. അതൊരു സ്‌കിപ്പ് ചെയ്യലായിരുന്നില്ല. അയാള്‍ വിശപ്പു സഹിച്ചതാണ്. പ്രമേഹരോഗിയായ ആ മനുഷ്യന്‍ മാസശമ്പളം കിട്ടിയിട്ടില്ലെന്നു പറഞ്ഞതൊക്കെ പുഞ്ചിരിച്ചു കൊണ്ടായിരുന്നു. തേജസ് പത്രം പൂട്ടി ജോലി പോയപ്പോഴും പിന്നീട് തല്‍സമയത്തില്‍ ശമ്പളം മുടങ്ങി ജോലി ചെയ്യുമ്പോഴുമൊക്കെ സ്വന്തം സങ്കടം പറഞ്ഞ് മറ്റുള്ളവരെ വേദനിപ്പിക്കാത്ത ചെറുപ്പക്കാരന്‍. മൂന്നു മാസം മുമ്പ് നാട്ടില്‍ പോയതും കഴിഞ്ഞ മാസം തിരിച്ചെത്തിയതുമൊക്കെ ട്രെയിനിലായിരുന്നു. ഇങ്ങനെ കിട്ടുന്ന ശമ്പളം ജീവിതച്ചെലവിനു തികയാതെ നെട്ടോട്ടമോടുന്ന ഒരാളാണ് പോലിസിന്റെ കണക്കില്‍ കലാപങ്ങള്‍ക്കു പണമൊഴുക്കുന്ന ഭീകരദല്ലാള്‍. പോലിസിന്റെ കുറ്റാരോപണം അതേപടി വിഴുങ്ങി അവനെ ആക്ഷേപിക്കുന്നവര്‍ക്ക് ആ വീടിനെക്കുറിച്ചറിയാമോ? എട്ടു വര്‍ഷം മുമ്പ് തുടങ്ങിയ വീടുപണി ഇന്നും തീര്‍ന്നിട്ടില്ല. ശമ്പളത്തില്‍ സ്വരുക്കൂട്ടി വച്ച തുക ഇക്കാലമത്രയും അതിനു തികഞ്ഞിട്ടില്ല. ഉള്ളതു സൂക്ഷിച്ചു ചെലവാക്കി വീടു പൂര്‍ത്തിയാക്കണം എന്നു ഭാര്യയോട് ഇടക്കിടെ ശ്രദ്ധിക്കാന്‍ ഉപദേശിക്കാറുള്ള ഒരു സാധുമനുഷ്യനാണോ നിങ്ങള്‍ക്കു കുറ്റവാളി? കൂട്ടുകാര്‍ കളിയാക്കി ചിരിക്കുമ്പോഴും ഒരു പരിഭവം പോലും കാട്ടാതെ അവര്‍ക്കൊപ്പം ചിരിച്ചു ചേരാറുള്ള ഒരാളെക്കുറിച്ചാണോ ഹാഥ്‌റസില്‍ ജാതി വേര്‍തിരിച്ചു നാട്ടുകാരെ തമ്മിലടിപ്പിക്കാന്‍ പോയെന്നു നിങ്ങള്‍ പറയുന്നത്? അയാള്‍ ജോലി ചെയ്യാന്‍ പോയതാണ് സര്‍. ചുറ്റിലൊരു സംഭവം നടന്നാല്‍ അവിടെ നേരിട്ടെത്തി കാര്യങ്ങളറിഞ്ഞു വാര്‍ത്തയാക്കി ജനങ്ങളെ അറിയിക്കാന്‍ ശ്രമിച്ച പത്രപ്രവര്‍ത്തകന്‍. അങ്ങനെയൊരാളാണിന്ന് രാജ്യദ്രോഹിയാക്കപ്പെട്ട് ജയിലില്‍. കൂട്ടത്തിലിരുന്നു കല്ലെറിയുന്നവര്‍ ഒന്നോര്‍ത്തോളൂ.. ഇന്ന് സിദ്ദിഖെങ്കില്‍ നാളെ നമ്മളില്‍ ആരെങ്കിലുമാവാം ഇര. ഒരു വ്യക്തിയുദ്ധമല്ല, നിര്‍ഭയമായി മാധ്യമപ്രവര്‍ത്തനം നടത്താന്‍ വേണ്ടിയുള്ളതാണ് സിദ്ദിഖിനെ മോചിപ്പിക്കാനുള്ള സമരം. നമുക്കതു തിരിച്ചറിയാനാവട്ടെ, നമുക്കതില്‍ ഒന്നിക്കാനുമാവട്ടെ!


ഒന്നിച്ചു നിൽക്കേണ്ട സമരം, സമയം!

പത്രപ്രവർത്തകരുടെ വാർത്തകളും അവർ സ്വീകരിക്കുന്ന പൊതുനിലപാടുകളും മാത്രമേ പലപ്പോഴും...

Posted by Pk Manikandan on Friday, 9 October 2020









Tags:    

Similar News