കരിപ്പൂര്‍ ദുരന്തം: അധ്യാപകന്റെ കണ്ണ് നനയിപ്പിക്കുന്ന അനുഭവകുറിപ്പ്

''ഒരു യാത്രക്കാരനെയെങ്കിലും രക്ഷിക്കാന്‍ തനിക്കായാല്‍ അതുതന്നെ ജീവിത സാഫല്യമെന്ന് കരുതുന്ന കുറേ പച്ച മനുഷ്യര്‍''

Update: 2020-08-08 11:59 GMT

മലപ്പുറം: കരിപ്പൂര്‍ വിമാനദുരന്തമുണ്ടായപ്പോള്‍ കൊവിഡ് ഭീതിക്കിടയിലും എല്ലാംമറന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയവരെ കുറിച്ചുള്ള അധ്യാപകന്റെ കുറിപ്പ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നു. കോഴിക്കോട് കല്ലായ് ഗണപത് ഗവ. ഹൈസ്‌കൂള്‍ അധ്യാപകനായ ജലീല്‍ കൊണ്ടോട്ടിയുടെ കുറിപ്പില്‍ അതിശയകരമായ രീതിയില്‍ നടന്ന പ്രവര്‍ത്തനങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ട്.

ജലീല്‍ കൊണ്ടോട്ടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

എയര്‍പോര്‍ട്ടില്‍ കൊവിഡ് ഡ്യൂട്ടി കിട്ടുമ്പോള്‍ ജീവിതത്തില്‍ ഇങ്ങനെയൊരു അനുഭവമുണ്ടാവുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. ഇതെഴുതുമ്പോഴും അപകടത്തിന്റെ നേര്‍സാക്ഷ്യത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തനായിട്ടില്ല. ഇന്നലെ വൈകീട്ട് 5 മണിക്കാണ് ഞാന്‍ എയര്‍പോര്‍ട്ടിലെത്തിയത്. 5 മണിക്കെത്തിയ ഷാര്‍ജ ഫ്‌ളൈറ്റിലെ യാത്രക്കാരെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് പറഞ്ഞയച്ച് 6.45ന് എത്തേണ്ട ദുബയ് വിമാനത്തിന് കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍. നാലഞ്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും അവരുടെ വാഹനത്തിന് അകമ്പടി പോവേണ്ട പോലിസുകാരും വിവിധ ജില്ലകളുടെ കൗണ്ടറിലുള്ള അധ്യാപകരും പോലിസുകാരുടെ വെടിപറച്ചിലുമായി സമയം കളയുകയായിരുന്നു.

    അപ്പോള്‍ വിളിച്ച പി സി ബാബു മാഷുമായി ഞാന്‍ ഇനി എനിക്ക് എയര്‍പോര്‍ട്ട് ഡ്യൂട്ടി മതി എന്ന തമാശ പങ്കുവച്ചപ്പോള്‍ മാഷ്‌ക്ക് ഇപ്പോ ടീച്ചര്‍മാരെ വേണ്ട എയര്‍ ഹോസ്റ്റസുമാരെ മതി എന്ന് പോലിസുകാര്‍ കളിയാക്കി. അങ്ങനെ തമാശകള്‍ പറഞ്ഞിരിക്കുമ്പോഴാണ് വിമാനം 7 മണിക്കാണെന്നും പിന്നെ 7.15 എന്നും പിന്നെ 7.30 എന്നും ഡിസ്‌പ്ലേ കാണിക്കുന്നത്. അപ്പോഴാണ് പോലിസുകാരുടെ ഹാന്‍ഡ് സെറ്റില്‍ വിമാനം ക്രാഷ് ലാന്റിങ് എന്ന വോയ്‌സ് മെസേജ് വരുന്നത്. ഉടനെ എല്ലാവരും എഴുന്നേറ്റോടി. അപ്പോഴേക്കും എമര്‍ജന്‍സി ഡോര്‍ തുറന്നുവച്ചിരുന്നു. കനത്ത മഴയില്‍ കുതിക്കുന്ന എയര്‍പോര്‍ട്ട് ഫയര്‍ഫോഴ്‌സ് വാഹനങ്ങളുടെ പിന്നാലെ റണ്‍വേയുടെ കിഴക്കേ അറ്റത്തേക്ക് എല്ലാവരും കുതിച്ചു. അവിടെ എത്തിയപ്പോഴാണ് നടുക്കുന്ന കാഴ്ച കണ്ടത്. റണ്‍വേയും അതു കഴിഞ്ഞുള്ള സ്ഥലവും കടന്ന് 20 മീറ്ററിലധികം കുത്തനെ താഴ്ചയുള്ള കരിങ്കല്‍ കെട്ടും കടന്ന് താഴെയുളള മതിലിലിടിച്ചാണ് വിമാനം നില്‍ക്കുന്നത്. (ജ്യേഷ്ഠന്റെ മകളുടെ നിക്കാഹിന് വന്നവര്‍ ഈ ഭാഗം കണ്ടതോര്‍ക്കുന്നുണ്ടാവും. റീന ടീച്ചര്‍ ഏത് അണക്കെട്ടിന്റെ ഭിത്തിയാണെന്ന് ചോദിച്ച് ചിരി പടര്‍ത്തിയ സ്ഥലം ചിലരെങ്കില്ലും ഓര്‍ക്കുന്നുണ്ടാവും)

    കനത്ത മഴ വിമാനം തീ പിടിക്കാതെ കാത്തു. ഒപ്പം ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ നിര്‍ത്താതെ വെള്ളം പമ്പ് ചെയ്യുന്നുണ്ടായിരുന്നു. ഉടനെ തന്നെ ഞങ്ങള്‍ എയര്‍പോര്‍ട്ട് ടാക്‌സിക്കാര്‍ക്ക് വിളിച്ച് മുഴുവന്‍ ടാക് ്‌സികളോടും റണ്‍വേയിലൂടെ വരാതെ പുറത്ത് വന്ന് എയര്‍പോര്‍ട്ട് ചുറ്റി പുറത്തെ റോഡിലെത്താന്‍ പറഞ്ഞു. കുത്തനെയുള്ള സ്ഥലം വഴി താഴൊട്ടിറങ്ങാന്‍ സാധിക്കുകയില്ല. അപ്പോഴേക്കും അപ്പുറത്തെ പ്രദേശവാസികള്‍ പൊളിഞ്ഞ മതില്‍ വഴി അകത്തു കടന്ന് ജീവന്‍ പണയംവച്ച് വിമാനത്തിനുള്ളില്‍ വലിഞ്ഞുകയറി കിട്ടുന്നവരെയെല്ലാം പുറത്തേക്കെത്തിച്ചു. കിട്ടിയവരെക്കൊണ്ട് ആശുപത്രികളിലേക്ക് കുതിച്ചു. അപ്പോഴേക്കും ഫയര്‍ഫോഴ്‌സ് വാതിലൊക്കെ കട്ട് ചെയ്ത് സ്‌ട്രെച്ചറുകള്‍ അകത്തെത്തിച്ചു. മൂന്ന് മണിക്കൂറിലെ കഠിന പ്രയത്‌നത്തിനൊടുവില്‍ മുഴുവന്‍ യാത്രക്കാരെയും ആശുപത്രികളിലെത്തിച്ചു. അല്ലെങ്കില്‍ മരണ സംഖ്യ മൂന്നക്കം എത്തിയേനെ.

ഇനിയാണ് പറയാതിരിക്കാനാവാത്ത കാഴ്ചകള്‍

    ആംബുലന്‍സുകളെത്തുന്നതിനു മുമ്പേ സ്വന്തം വാഹനങ്ങളിലെത്തി പരിക്കേറ്റവരെയും കൊണ്ട് കുതിക്കുന്ന ചെറുപ്പക്കാര്‍, യാത്രക്കാരോട് മീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് ഫേസ് ഷീല്‍ഡിനുള്ളിലൂടെ മാത്രം സംസാരിക്കുന്ന പോലിസും ഉദ്യോഗസ്ഥരും ഇവരെ വാരിയെടുത്ത് ചുമലിലിട്ട് വാഹനങ്ങളിലേക്ക് കയറ്റുന്ന കാഴ്ച. ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ കയറി പഞ്ഞിയെടുത്ത് രക്തം തുടച്ച് മാറ്റി മുറിവ് കെട്ടുന്ന ടാക്‌സി ഡ്രൈവര്‍മാര്‍.. രക്തം ദാനം ചെയ്യാന്‍ വേണ്ടി തയ്യാറായി വന്നവരുടെ നീണ്ട ക്യൂ, ഇനി ബ്ലഡ് ആവശ്യമില്ലെന്ന് അറിയിപ്പ് കേട്ടപ്പോള്‍ വാടാ വേറെ ആശുപത്രിയിലേക്ക് പോയി നോക്കാമെന്ന് പറഞ്ഞ് പറക്കുന്ന ഫ്രീക്കന്‍മാര്‍......ദുരന്ത മുഖത്തെ ഇങ്ങനത്തെ ചില കാഴ്ചകള്‍ മറക്കില്ല.

    കൊവിഡില്ല, സാമൂഹിക അകലമില്ല, ആര്‍ക്കും ഒരു പേടിയുമില്ല, ഒരു യാത്രക്കാരനെയെങ്കിലും രക്ഷിക്കാന്‍ തനിക്കായാല്‍ അതു തന്നെ ജീവിത സാഫല്യമെന്ന് കരുതുന്ന കുറെ പച്ച മനുഷ്യര്‍. ഇന്ന് രാവിലെ കൊണ്ടോട്ടിയിലെ ആശുപത്രിക്കു മുന്നില്‍ കണ്ട ഒരു കാഴ്ച കൂടി വിട്ടു പോയിക്കൂടാ. എന്റെ ഭാര്യ തന്നയച്ചതാണെന്ന് പറഞ്ഞ് കുറിയരിക്കഞ്ഞിയും ഫ്‌ളാസ്‌കില്‍ ചായയും നിറച്ച് ഏതൊക്കെയോ നാട്ടുകാര്‍ക്ക് വേണ്ടി വാര്‍ഡില്‍ ഓടി നടക്കുന്ന ഒരു മധ്യവയസ്‌കന്‍. ഇങ്ങനെ മനുഷ്യന്‍ എന്ന മഹാപദത്തിന്റെ മുഴുവന്‍ അര്‍ഥവും ആവാഹിച്ച കുറെ സാധാരണക്കാര്‍. നമിക്കണം അവരെ നാം ഒരു തത്വചിന്തകര്‍ക്കും ഇവര്‍ നല്‍കുന്ന ദര്‍ശനം പഠിപ്പിക്കാനാവില്ല.

    കൈകളുടെ വിറയല്‍ ഇപ്പോഴും മാറിയിട്ടില്ല. മുകളില്‍ സുഹൃത്തുക്കള്‍ പറഞ്ഞത് ഞാന്‍ ഏറ്റുപറയട്ടെ. ഒരു കൊണ്ടോട്ടിക്കാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇങ്ങനെയുള്ള 'മനുഷ്യര്‍' ഉള്ളിടത്തോളം കാലം എല്ലാ ദുരന്തങ്ങളെയും നാം അതിജീവിക്കും. പൂര്‍ത്തിയാവാത്ത മോഹങ്ങളുമായി ഇന്നലെ യാത്രയായ കരിപ്പൂരിലെയും മൂന്നാറിലെയും സഹോദരങ്ങള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.

Karipur plane crash: viral write up of a Teacher


Tags:    

Similar News