കേരളത്തെ മറ്റൊരു കശ്മീരാക്കാനാണോ കേന്ദ്രത്തിന്റെ ശ്രമം?

Update: 2021-03-05 08:39 GMT

കെ കെ ബാബുരാജ്

ഫെഡറല്‍ സംവിധാനത്തിലും ഭരണ കക്ഷിയെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ സ്വാതന്ത്രത്തിനും മേല്‍ കടന്നുകയറ്റം നടത്തുക മാത്രമല്ല, ഭീകരമായ ഗുണ്ട അക്രമമാണ് കേന്ദ്ര ഏജന്‍സികളെ കരുവാക്കിക്കൊണ്ടു കേന്ദ്രത്തിലെ ഹിന്ദുത്വ ഭരണകൂടം കേരളത്തില്‍ നടപ്പിലാക്കുന്നത്. ഇടതുപക്ഷത്തോടുള്ള രാഷ്ട്രീയ വിയോജിപ്പിന്റെ പേരില്‍ ഈ കടന്നാക്രമണത്തെ കാണാതിരിക്കുന്നത് സിവില്‍ സമുദായ രാഷ്ട്രീയത്തെ ബലി കൊടുക്കുന്നതിന് സമാനമായ കാര്യമാണെന്നു തോന്നുന്നു.

എല്ലാത്തരത്തിലുള്ള പിന്തിരിപ്പന്‍ ശക്തികളും പാര്‍ലമെന്ററി സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ഉപയോഗിക്കുന്ന വാദങ്ങളാണ് ക്രമസമാധാന പ്രശ്‌നവും അഴിമതിയും. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടത് ക്രമസമാധാനത്തിന്റെ പേരിലാണ്. യുപിഎ സര്‍ക്കാരിനെ വീഴ്ത്തിയത് അഴിമതി ആരോപണങ്ങളിലൂടെയാണ്. ഈ രണ്ടു വിഷയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുന്നതിലൂടെ ഭരണവര്‍ഗം എന്ന ആശയം തന്നെ റദ്ദാക്കപ്പെടുകയാണ് ഫലം.

വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ മുപ്പതോ നാല്പതോ സീറ്റുകള്‍ കിട്ടുമെന്നു വ്യാമോഹിക്കുന്ന ബിജെപിക്ക് ഒരു സീറ്റുപോലും കിട്ടാനുള്ള സാധ്യത അടക്കുക തന്നെയാണ് ഈ വൃത്തികെട്ട കളിയിലൂടെ അവര്‍ നടത്തുന്നത്. കാരണം, അവരുടെ വോട്ടു ഷെയറില്‍ വലിയ പങ്ക് ബി.ഡി.ജെ.എസിലൂടെ കിട്ടുന്നതാണ്. ശക്തമായ ഈഴവ വികാരത്തില്‍ ആ വോട്ടുകളില്‍ കുറെയെങ്കിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനാണ് സാധ്യത.

കുറച്ചു ദിവസം മുന്‍പ് ബാലചന്ദ്രന്‍ ചുള്ളിക്കാട് വിളിച്ചിരുന്നു. അദ്ദേഹം പറഞ്ഞ ഒരു കാര്യം ഇവിടെ കുറിക്കുകയാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ അണികള്‍ കൂടുതലും അവര്‍ണ്ണ ഹിന്ദുക്കള്‍ ആയതിനാലും, മുസ്‌ലിംകള്‍ക്കു ശക്തമായ രാഷ്ട്രീയ പ്രാതിനിധ്യം ഉള്ളതിനാലും അവയെ തകര്‍ക്കാന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു ദീര്‍ഘകാലം കേരളത്തില്‍ പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇതിനര്‍ത്ഥം കേരളം മറ്റൊരു കശ്മീര്‍ ആവുക എന്നതാണ്. അദ്ദേഹം പറഞ്ഞ ഈ കാര്യം ചിന്തിക്കേണ്ടതാണെന്നു തന്നെ തോന്നുന്നു.