യൂസഫലി കൊച്ചി കോര്‍പ്പറേഷനില്‍ 20 - 20 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന കാര്യം ചിന്തിച്ചു നോക്കിയിട്ടുണ്ടോ ?

കിഴക്കമ്പലത്തെ പോലെ നിങ്ങളുടെ പഞ്ചായത്തിലും ഒരു കോര്‍പ്പറേറ്റ് ഇതുപോലെ വന്നാല്‍ , നിങ്ങളുടെ പഞ്ചായത്തിനെ അടുത്ത വര്‍ഷത്തെ ഏറ്റവും നല്ല പഞ്ചായത്താക്കി മാറ്റുമെന്നവര്‍ പ്രഖ്യാപിച്ചാല്‍ , ആ കോര്‍പ്പറേറ്റിന്റെ ശമ്പളം പറ്റുന്ന വാളന്ററി ഏജന്റുമാര്‍ വാര്‍ഡുകളിലെ തെരുവീഥികളില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയാല്‍ നിങ്ങളുടെ പഞ്ചായത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ആരായിരിക്കും സീറ്റുകള്‍ കയ്യടക്കുക?

Update: 2020-12-17 05:05 GMT
ജയരാജന്‍ ജയരാജന്‍ സി എന്‍


കിറ്റക്‌സിന്റെ ചാരിറ്റബിള്‍ വിഭാഗമായിരുന്ന 2020 , കിഴക്കമ്പലവും ഐക്കരനാടും വേറെ ഒന്നു രണ്ടു പഞ്ചായത്തുകളും തൂത്തു വാരിയെന്ന വാര്‍ത്ത വരുമ്പോള്‍ പ്രാദേശിക ഭരണ തലങ്ങളില്‍ കോര്‍പ്പറേറ്റ് മൂലധനം നേരിട്ടെത്തുന്നതിന്റെ പരീക്ഷണശാലയായി കേരളത്തിലെ ചില ഭൂപ്രദേശങ്ങള്‍ മാറിത്തീരുകയാണെന്ന് നാം കാണണം. ഒരു കമ്പനി തങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് പതിനയ്യായിരം രൂപ ശമ്പളം കൊടുക്കുന്നു പഞ്ചായത്ത് പ്രസിഡന്റിന് 25000 രൂപ ശമ്പളം കൊടുക്കുന്നു ..


സര്‍ക്കാര്‍ നിയമപ്രകാരം കമ്പനിയുടെ ചാരിറ്റബിള്‍ വിഭാഗം ചെലവഴിക്കേണ്ട പണം അധികാരത്തിനും ഭരണത്തിനും വേണ്ട മൂലധനമായി മാറിത്തീര്‍ന്നിരിക്കുന്നു. എന്താ, അവിടെയുള്ള ജനങ്ങള്‍ക്ക് ഒന്നും ബോധമില്ലെന്ന് കരുതുന്നുണ്ടോ? കിഴക്കമ്പലത്ത് ഒരു പദ്ധതി നടന്നില്ലെങ്കില്‍ അവര്‍ക്ക് ചൂണ്ടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും അവയുടെ 'അപര്യാപ്തതകളും ഉദാസീനതകളും ' ഉണ്ട്.


കിഴക്കമ്പലത്തെ പോലെ നിങ്ങളുടെ പഞ്ചായത്തിലും ഒരു കോര്‍പ്പറേറ്റ് ഇതുപോലെ വന്നാല്‍ , നിങ്ങളുടെ പഞ്ചായത്തിനെ അടുത്ത വര്‍ഷത്തെ ഏറ്റവും നല്ല പഞ്ചായത്താക്കി മാറ്റുമെന്നവര്‍ പ്രഖ്യാപിച്ചാല്‍ , ആ കോര്‍പ്പറേറ്റിന്റെ ശമ്പളം പറ്റുന്ന വാളന്ററി ഏജന്റുമാര്‍ വാര്‍ഡുകളിലെ തെരുവീഥികളില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയാല്‍ നിങ്ങളുടെ പഞ്ചായത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ആരായിരിക്കും സീറ്റുകള്‍ കയ്യടക്കുക?


വണ്‍ ഇന്ത്യാ വണ്‍ പെന്‍ഷന്‍ എന്ന സംഘടനയ്ക്ക് കേരളത്തില്‍ രണ്ടു സീറ്റുകള്‍ നേടാനായത് എങ്ങിനെയാണ്? നാളെ കൊച്ചി കോര്‍പ്പറേഷനില്‍ യൂസഫലി 2020 അവതരിപ്പിച്ചാല്‍ എന്തായിരിക്കും രാഷ്ട്രീയ ചിത്രം? വിമാനത്താവളവും തുറമുഖവും കൈക്കലാക്കിക്കഴിഞ്ഞ അദാനി അടുത്ത തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 2020 അവതരിപ്പിച്ചാല്‍ എന്തായിരിക്കും ഫലം? കോപ്പറേറ്റ് മൂലധനം പ്രാദേശിക ഭരണതലങ്ങളില്‍ സമര്‍ത്ഥമായി കടന്നു ചെല്ലുന്നു എന്നതു മാത്രമല്ല പ്രാദേശിക ഭരണകൂടങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന യാഥാര്‍ത്യം ഇടതു പക്ഷ രാഷ്ട്രീയ പ്രബുദ്ധത അവകാശപ്പെടുന്ന മലയാള ഭൂമിയില്‍ തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.


വടക്കേ ഇന്ത്യയിലെ കര്‍ഷകരുടെ പോരാട്ടം ആത്യന്തികമായി കോര്‍പ്പറേറ്റുകളുടെ കടന്നുവരവിനും മേധാവിത്തത്തിനും എതിരെയാണ്. കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളുടെ നടത്തിപ്പുകാര്‍ മാത്രമാണ്. മലയാളി ഇതില്‍ നിന്നും പാീങ്ങള്‍ പഠിക്കുന്നുണ്ടോ എന്നതാണ് വിഷയം. രാജഭരണകാലം ഐശ്വര്യ കാലമായിരുന്നു എന്നും ബ്രിട്ടീഷുകാര്‍ വന്നില്ലെങ്കില്‍ ഇവിടെ റെയില്‍വേ ഗതാഗതം ഉണ്ടാവില്ലായിരുന്നെന്നും അടക്കം ജനാധിപത്യത്തെയും പുരോഗമനാശയങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും ആക്ഷേപിക്കുന്ന ' അരാഷ്ട്രീയ ' വലതുപക്ഷ ചിന്തകള്‍ മദ്ധ്യവര്‍ഗ്ഗ മലയാളി കൂടുതല്‍ കൂടുതല്‍ ഏറ്റെടുക്കുമ്പോള്‍ കേരള മണ്ണ് കോര്‍പ്പറേറ്റ് മൂലധന കേന്ദ്രീകരണത്തിന് ഏറ്റവും നല്ല മണ്ണായി തീരുന്ന വലിയ അപകടത്തിലേക്കാവും അതു കൊണ്ടെത്തിക്കുക എന്ന വിഷയം ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.




Tags: