'അവര്‍ ആത്മഹത്യ ചെയ്തത് എന്റെ കൂടി കുറ്റമാണ്'
അന്ന് രാത്രി അവള്‍ വിളിക്കുമ്പോള്‍ ഞാന്‍ ആ ഫോണ്‍ എടുത്തില്ലായിരുന്നുവെങ്കില്‍ എന്നോര്‍ത്തപ്പോള്‍ ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി. പിന്നെ വിളിക്കാം എന്നു പറഞ്ഞ് ഫോണ്‍ വെച്ചിരുന്നെങ്കില്‍ എന്നൊക്കെയോര്‍ത്തപ്പോഴേക്കും തലകറങ്ങാന്‍ തുടങ്ങി.
ലെസ്‌ലി അഗസ്റ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അന്നൊരിക്കല്‍ ടെറസിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ അവസാനമായി ഒരാളെ വിളിക്കാം എന്നു തോന്നി എന്നെ ഫോണ്‍ വിളിച്ച സംഭവം പറയുകയുണ്ടായി. പറയുമ്പോള്‍ അവള്‍ കരയുകയായിരുന്നു. ഇതുവരെ കാണാത്ത വിധം ഉറക്കെ ഉറക്കെ അവള്‍ കരഞ്ഞു. ഇത്ര ദിവസം കഴിഞ്ഞും അന്നത്തെ വേദന അവളെ ഇങ്ങനെ പിന്തുടരുന്നുവെങ്കില്‍ അന്നാ നിമിഷം അവള്‍ കടന്നു പോയ വേദന ഞാന്‍ ഊഹിക്കാന്‍ ശ്രമിച്ചു.
അടിമുടി വിറച്ചുകൊണ്ടാണ് അവള്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നത്. ചേച്ചി അന്ന് അങ്ങനെ എനിക്ക് ധൈര്യം തന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ടാവില്ല എന്ന് പറയുമ്പോള്‍ ഞാന്‍ തരിച്ചിരുന്നു. അന്ന് രാത്രി അവള്‍ വിളിക്കുമ്പോള്‍ ഞാന്‍ ആ ഫോണ്‍ എടുത്തില്ലായിരുന്നുവെങ്കില്‍ എന്നോര്‍ത്തപ്പോള്‍ ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി. അന്നു പറഞ്ഞ കാര്യങ്ങളല്ല ഞാന്‍ പറഞ്ഞിരുന്നതെങ്കില്‍, പിന്നെ വിളിക്കാം എന്നു പറഞ്ഞ് ഫോണ്‍ വെച്ചിരുന്നെങ്കില്‍ എന്നൊക്കെയോര്‍ത്തപ്പോഴേക്കും തലകറങ്ങാന്‍ തുടങ്ങി. അവളെന്നോട് വളരെ പ്രിയപ്പെട്ടതായതു കൊണ്ടും അടുത്തിടെ രണ്ടു മൂന്ന് മറ്റ് സംഭവങ്ങള്‍ ഉണ്ടായതു കൊണ്ടും ആണെന്നു തോന്നുന്നു എന്നെ മാനസികമായി അതു ബാധിച്ചിരിക്കുന്നത്. ഒരു ഫോണ്‍ പോലും ഇപ്പോള്‍ ഞാന്‍ എടുക്കാതെ മാറ്റിവയ്ക്കുന്നില്ല. ഒറ്റയ്ക്കിരിക്കുന്ന ആരെ കണ്ടാലും മുഖം അല്‍പമൊന്നു വാടിക്കണ്ടാല്‍ ഉള്ളില്‍ ഒരാന്തലാണ്. സാഹിത്യ അക്കാദമിക്ക് അടുത്തുള്ള ഫോണ്‍ റീച്ചാര്‍ജിങ് ഷോപ്പിലെ രാജീവേട്ടന്‍ ആത്മഹത്യ ചെയ്തു എന്ന് പെട്ടന്നൊരു ദിവസം കേട്ടപ്പോള്‍ വല്ലാതെ സങ്കടമായിരുന്നു.
പക്ഷേ പിന്നീട് ഞാനോര്‍ത്തു എന്റെ ചുറ്റിലുമുള്ള ആളുകളിലൊരാള്‍, എനിക്ക് പരിചയമുള്ള ആരെങ്കിലും ആത്മഹത്യ ചെയ്യുന്നുണ്ടെങ്കില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എന്റെ കൂടി കുറ്റമാണ്. അവരെ കേള്‍ക്കാനോ അവരുടെ അവസ്ഥ പങ്കുവയ്ക്കാനോ പറ്റിയ ഒരാളായി നമ്മളെ അവര്‍ക്ക് തോന്നാത്തത് ചിലപ്പോള്‍ നമ്മുടെ തന്നെ പെരുമാറ്റത്തില്‍ നിന്നായിരിക്കും.
തുറന്ന മനസ്സോടെ ആള്‍ക്കാരെ കേള്‍ക്കാനായി ഇരിക്കുന്നവരുടെ എണ്ണം ഇന്ന് കുറഞ്ഞു കൊണ്ടേയിരിക്കുകയാണ്. മൊബൈലിലേക്ക് ഏറുകണ്ണിടാതെ മുന്നിലിരുന്ന് സംസാരിക്കുന്നവരുടെ മുഖത്തേക്ക് മാത്രം നോക്കിയിരിക്കുമ്പോള്‍ ഭൂരിഭാഗം പേര്‍ക്കും അസ്വസ്ഥതയാണ്. മനഃപൂര്‍വ്വം നമ്മള്‍ ശ്രമിക്കേണ്ടതുണ്ട് ഒരു ദിവസം ഒരു മണിക്കൂറെങ്കിലും മൊബൈല്‍ തൊടാതെയും അതിനേക്കുറിച്ച് ആലോചിക്കാതെയും.
