ശാന്തിവനത്തിന്റെ വേരറുക്കാന്‍ കെഎസ്ഇബി; ഒറ്റയാള്‍ പോരാട്ടവുമായി മീന

എറണാംകുളം നോര്‍ത്ത് പറവൂര്‍ വഴിക്കുളങ്ങര പെട്രോള്‍ പമ്പിന് സമീപം ഒരു ശാന്തിവനം ഉണ്ട്. ഒരു വീടിനു ചുറ്റുമായി പടര്‍ന്നു പന്തലിച്ച വന്‍വൃക്ഷങ്ങളും വള്ളിപടര്‍പ്പുകളും അതിനകത്ത് മൂന്ന് കാവുകളും മൂന്ന് കുളങ്ങളും അനേകം കിളികളും ആയിരകണക്കിന് സൂക്ഷ്മ ജീവജാലങ്ങളുമായി കാലാകാലങ്ങളായി ശാന്തഗംഭീരമായി നിലകൊള്ളുന്ന മഹാശാന്തിവനം!!.

Update: 2019-04-12 06:54 GMT

ട്രോള്‍ നോര്‍ത്ത് പറവൂര്‍ ഫേസ് ബുക്ക് പേജിലെ കുറിപ്പിന്റെ പൂര്‍ണരൂപം


എറണാംകുളം നോര്‍ത്ത് പറവൂര്‍ വഴിക്കുളങ്ങര പെട്രോള്‍ പമ്പിന് സമീപം ഒരു ശാന്തിവനം ഉണ്ട്. ഒരു വീടിനു ചുറ്റുമായി പടര്‍ന്നു പന്തലിച്ച വന്‍വൃക്ഷങ്ങളും വള്ളിപടര്‍പ്പുകളും അതിനകത്ത് മൂന്ന് കാവുകളും മൂന്ന് കുളങ്ങളും അനേകം കിളികളും ആയിരകണക്കിന് സൂക്ഷ്മ ജീവജാലങ്ങളുമായി കാലാകാലങ്ങളായി ശാന്തഗംഭീരമായി നിലകൊള്ളുന്ന മഹാശാന്തിവനം!!. നിങ്ങളാരെങ്കിലും പോയി കണ്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ എത്രയും പെട്ടന്ന് പോയി കാണണം. കാരണം അത് ഇനി അധികകാലം അങ്ങനെ ഉണ്ടാവില്ല.. കെഎസ്ഇബിയുടെ ഹെവിലൈന്‍ അതിനു മുകളിലൂടെയാണത്രെ കൊണ്ട് പോകുന്നത്.. നാടിന്റെ 'പുരോഗതി'ക്ക് വേണ്ടി അവശേഷിക്കുന്ന ആ പച്ചത്തുരുത്തിന്റെ കടക്കല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ കത്തി വച്ച് കഴിഞ്ഞു !! കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അവര്‍ പ്രകൃതിയുടെ ആ തണുത്ത കാവുകളില്‍ കയറിയിറങ്ങി 'പുരോഗമന'ത്തിനു വിഘ്‌നം നില്‍ക്കുന്ന പച്ചപ്പിനെ ഇല്ലായ്മചെയ്യുകയാണ് !!. ശാന്തിവനത്തിലെ അസംഖ്യം ജീവജാലങ്ങളില്‍ ഒന്നായി അതിനു കാവലാളായി വനത്തിനകത്ത് കഴിയുന്ന മീന എന്ന സ്ത്രീയുടെ ഒറ്റപ്പെട്ട നിലവിളികള്‍ മരം മുറിക്കുന്ന യന്ത്രത്തിന്റെ മുരള്‍ച്ചയുടെ ഇടയിലൂടെ ശ്രദ്ധിച്ചു കാതോര്‍ത്താല്‍ നിങ്ങള്‍ക്കും കേള്‍ക്കാം. നാളെ (08/04/2019 ) ശാന്തിവനത്തിനുള്ളില്‍ പൈലിങ് തുടങ്ങുകയാണ്. പൈലിങ് എന്നാല്‍ അറിയാമല്ലോ. വനത്തിനുള്ളിലെ ശാന്തതയെ ഭേദിച്ചുകൊണ്ട് യന്ത്രസഹായത്തോടെ ഭൂമി കുലുങ്ങുമാറ് മണ്ണിടിക്കാന്‍ പോവുകയാണ്....

നാടിന് ഉന്നമനം ഉണ്ടാവേണ്ടത് അത്യാവശ്യം തന്നെയാണ്. ഒരിക്കലും നാമാരും അതിന് എതിരല്ല , പക്ഷെ ഇതുപോലെയുള്ള കുളിര്‍ത്തടങ്ങളെ ഇല്ലാതാക്കും മുന്‍പ് ഒന്ന് ചിന്തിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഒരു പ്രദേശത്തിന്റെ പ്രാണന്‍ നിലനിര്‍ത്തുന്ന ശ്വാസകോശമായി ഇത്തരം പച്ചത്തുരുത്തുകള്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ ഇത്തരമൊരു വനാന്തരീക്ഷം ഉണ്ടായി വരാന്‍ നൂറ്റാണ്ടുകളെടുക്കും എന്നത് ഓര്‍ക്കുന്നതും നല്ലതാണ്. കേരളത്തിന്റെ കാലാവസ്ഥ വ്യതിയാനങ്ങള്‍ നാം ഭയപ്പാടോടെ നോക്കിക്കാണുന്ന സമയമാണല്ലോ ഇത്. നാല്പത്തിനാല് നദികളുള്ള ഈ ദൈവത്തിന്റെ സ്വന്തം നാട് പൊള്ളി പഴുക്കുന്നത് നാം അറിഞ്ഞുകൊണ്ടിരിക്കുകയുമാണ്. നദികളും കിണറുകളും വറ്റിവരളുന്നതും ഭൂഗര്‍ഭജലം താഴോട്ട് പോകുന്നതും വാര്‍ത്തകളില്‍ നിറയുന്നുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ തണലുള്ള ഒരിടവും നമ്മള്‍ അവഗണിക്കരുതെന്നും കാവുകളും കാടുകളും ജലാശയങ്ങളും സംരക്ഷിക്കപ്പെടണമെന്നുമെല്ലാം ആരും പഠിപ്പിക്കാതെ തന്നെയുള്ള തിരിച്ചറിവ് നമ്മള്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടാവേണ്ടതുണ്ട്, ആരും പ്രേരിപ്പിക്കാതെ തന്നെ നമ്മുടെ ഭരണകൂടം ഇത്തരം 'ശാന്തിവനങ്ങളിലെ' ഒരു പുല്‍ക്കൊടിക്ക് പോലും കോട്ടം തട്ടാതെ സംരക്ഷിക്കാന്‍ മുന്‍പോട്ട് വരേണ്ടതുമുണ്ട്.

ശാന്തിവനം സംരക്ഷിക്കപെടുന്നതിനായി മീന എന്ന സ്ത്രീ കോടതി വരാന്തകള്‍ ഒറ്റയ്ക്ക് കയറിയിറങ്ങുകയാണ്. ശാന്തിവനം മീനയുടെ പേഴ്‌സണല്‍ പ്രോപ്പര്‍ട്ടി എന്നതില്‍ നിന്ന് ആ സമൂഹത്തിന്റെ പൊതുസ്വത്ത് എന്ന തരത്തിലേക്ക് സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ വളരേണ്ടിയിരിക്കുന്നു. കാരണം അങ്ങനെയൊരു പച്ചപ്പ് അവിടെ നില്‍ക്കുന്നതിന്റെ ഗുണഫലം ആ നാടൊട്ടുക്ക് അനുഭവിക്കുന്നുണ്ട് എന്നതു തന്നെ... ആ കാടിന്റെ ശ്വാസം നിങ്ങളുടെ മുന്‍ തലമുറകള്‍ ശ്വസിച്ചിട്ടുണ്ട്.... ഇനി വരാനിരിക്കുന്ന തലമുറയ്ക്കും അത് ആവശ്യമുണ്ട്.... കെഎസ്ഇബി അധികൃതര്‍ക്ക് ഏതെങ്കിലും വിധത്തില്‍ ശാന്തിവനത്തെ സംരക്ഷിക്കാന്‍ കഴിയുമെങ്കില്‍ മുന്‍ഗണന അതിനു കൊടുത്തുകൊണ്ട് നിങ്ങളുടെ ലൈനുകള്‍ മറ്റു വഴികളിലൂടെ കൊണ്ട് പോകണമെന്നതാണ് ഈ നാടിന്റെ ആവശ്യം..ഈ പ്രകൃതിയുടെ ആവശ്യം...ഇനി വരാനിരിക്കുന്ന ഹതഭാഗ്യരായ തലമുറകളുടെ ഏറ്റവും വിനീതമായ ആവശ്യം...

NB : പറവൂരിലെ ഒട്ടനവധി പൊതുപ്രവര്‍ത്തകരെ അറിയാവുന്നതാണ്. ഇത്തരമൊരു പ്രാധാന്യം അര്‍ഹിക്കുന്ന വിഷയത്തില്‍ മീനയുടെ ഒറ്റയ്ക്കുള്ള തളര്‍ന്ന രോദനങ്ങള്‍ മാത്രമേ കേള്‍ക്കുന്നുള്ളു എന്നത് ആശ്ചര്യവും വിഷമവുമുണ്ടാക്കുന്നു. നാട്ടില്‍ തന്നെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് ഈ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടാനാകും എന്ന് തന്നെ വിശ്വസിക്കുന്നു.

#save_santhivanam

Full View




Tags:    

Similar News