ഇ ഡിയുടെ സമന്‍സ് സ്റ്റേ ചെയ്ത നടപടി ജനാധിപത്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ നിര്‍ണായകം

Update: 2022-10-10 11:20 GMT

അഡ്വ ഹരീഷ് വാസുദേവന്‍

കൊച്ചി: ഇ ഡിയുടെ സമന്‍സ് സ്‌റ്റേ ചെയ്ത നടപടി ജനാധിപത്യാവകാശങ്ങള്‍ക്കുവേണ്ടി നടത്തുന്ന പോരാട്ടത്തില്‍ നിര്‍ണായകമാണെന്ന് പ്രശസ്ത അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഡോ. തോമസ് ഐസക്കിനെതിരേ ഇ ഡി അയച്ച സമന്‍സ് ഹൈക്കോടതി റദ്ദാക്കിയതിനെക്കുറിച്ച് എഴുതിയ കുറിപ്പിലാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

''കൊട്ടേഷന്‍ ഗ്യാങിന്റെ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇ ഡിയുടെ സമന്‍സ് സ്‌റ്റേ ചെയ്തുകൊണ്ടുള്ള ബഹു കേരളാ ഹൈക്കോടതിയുടെ ഇടക്കാല വിധി ഇന്ത്യയിലെ ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സമരങ്ങളില്‍ നിര്‍ണ്ണായകമാണ്. ഇന്ത്യയിലുടനീളം ബിജെപിയുടെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഇ ഡി നടത്തുന്ന അധികാര ദുര്‍വിനിയോഗങ്ങള്‍ക്ക് എതിരായ നിലവിലെ ഏറ്റവും വലിയ തിരിച്ചടി.

തെറ്റു ചെയ്തിട്ടില്ലെങ്കില്‍ ഒരു കേസ് അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്ന ചോദ്യമാണ് നിയമജ്ഞനം ഇല്ലാത്തവര്‍ ചോദിക്കുക. പ്രഥമദൃഷ്ട്യാ കേസില്ലെങ്കില്‍ അന്വേഷണം പോലും പാടില്ലെന്നാണ് ക്രിമിനല്‍ നിയമം.

അതുകൊണ്ടാണ് എഫ്‌ഐആര്‍ സ്‌റ്റേജില്‍ തന്നെ പലകേസും കോടതികള്‍ക്ക് ക്വാഷ് ചെയ്യേണ്ടി വരുന്നത്. അന്വേഷണത്തിനുള്ള കേസ് പോലുമില്ല. ഇവിടെ സമന്‍സ് ആണ് സ്‌റ്റേ ചെയ്തത്. കിഫ്ബിയുമായി ബന്ധപ്പെട്ട പണമിടപാടുകളില്‍ ആര്‍ബിഐയുടെ നിയമം ലംഘിക്കപ്പെട്ടതായി ആര്‍ബിഐക്ക് ഒരു പരാതിയില്ല എന്നിരിക്കെയാണ് ഇ ഡി കേസെടുത്തത്. വസ്തുത മനസിലാക്കാതെ ഇഡിയുടെ മണ്ടത്തരം മഹത്തരമായി അവതരിപ്പിക്കുകയായിരുന്നു പല മാധ്യമങ്ങളും..

ഇ ഡി കേസ് എന്നത് ഡോ.തോമസ് ഐസക്കിന്റെ മാത്രമോ സിപിഐഎമ്മിന്റെ മാത്രമോ പ്രശ്‌നമല്ല. രാഷ്ട്രീയമായ വിയോജിപ്പുള്ളവരും കിഫബിയോട് യോജിപ്പില്ലാത്തവര്‍ പോലും ഇഡിയുടെ തോന്നിയവാസത്തോട് ശക്തമായി പ്രതികരിക്കണം. കാരണം, ഇഡി കാണിക്കുന്നത് ജനാധിപത്യത്തെ കൊല്ലലാണ്, അധികാരം ദുരുപയോഗം ചെയ്തു വേട്ടയാടലാണ്. മുളയിലേ നുള്ളേണ്ട ഒന്നാണത്. അതാണ് ഈ രാജ്യത്തെ ഭരണഘടനാ കോടതികളുടെ ധര്‍മ്മം. മൗലികാവകാശം ലംഘിക്കപ്പെടുമ്പോള്‍ മുഖമോ പാര്‍ട്ടിയോ നോക്കിയല്ല ഇടപെടേണ്ടത്. നീതി നല്കാനാവണം.

മറ്റു ഹൈക്കോടതികളില്‍ ഇപ്പോള്‍ നടക്കുന്നതും വരാനിരിക്കുന്നതുമായ ഇ ഡിക്കെതിരായ കേസുകള്‍ക്ക് ഊര്‍ജ്ജമാകാം ഈ ഇടക്കാലവിധി. ആ അര്‍ത്ഥത്തില്‍, താല്‍ക്കാലികമെങ്കിലും ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. ജനാധിപത്യ വിശ്വാസികളൊക്കെ ആഘോഷിക്കേണ്ട വിജയം.

Full View

Tags:    

Similar News