എലിമടകളിലെ മനുഷ്യര്‍

മേഘാലയയിലെ കിഴക്കന്‍ ജൈന്‍തിയ കുന്നുകളില്‍ കല്‍ക്കരി ഖനനത്തിടെ ശ്വാസം മുട്ടി മരിച്ച 15 മനുഷ്യരെ കുറിച്ച് പ്രഫ. പി കോയ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്...

Update: 2019-02-17 17:53 GMT

">

മേഘാലയയിലെ കിഴക്കന്‍ ജൈന്‍തിയ കുന്നുകളില്‍ കല്‍ക്കരി ഖനനത്തിടെ ശ്വാസം മുട്ടി മരിച്ച 15 മനുഷ്യരെ കുറിച്ച പ്രഫ. പി കോയ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്...

കഴിഞ്ഞവര്‍ഷം തായ്‌ലന്റിലെ ഒരു ഗുഹയില്‍ പെട്ടുപോയ 12 സ്‌കൂള്‍ വിദ്യാര്‍ഥികളെയും അവരെ നയിച്ചിരുന്ന കോച്ചിനെയും രക്ഷിക്കാനായി ലോകം മുഴുവന്‍ കൈകോര്‍ത്തു പിടിച്ചത് നാം കണ്ടു. ഗുഹയിലെ ജലനിരപ്പ് താഴ്ത്തുന്നതിനായി ഇന്ത്യയില്‍ നിന്നു വരെ വലിയ കുതിരശക്തിയുള്ള പമ്പ് സെറ്റുകളുമായി വിദഗ്ദര്‍ പറന്നു. തായ്‌ലന്റിലെ പട്ടാള ഭരണാധികാരികള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

സമാനമായ ഒരു സംഭവം ഇന്ത്യയിലുണ്ടായത് ലോകമറിഞ്ഞതു തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഒരു ട്വീറ്റില്‍ നിന്നാണ്. എന്നാല്‍ മേഘാലയയിലെ കിഴക്കന്‍ ജൈന്‍തിയ കുന്നുകളിലെ എലിമടകളില്‍ കല്‍ക്കരി ഖനനം നടത്തുന്ന 15 നിര്‍ഭാഗ്യവാന്‍മാര്‍ വെള്ളപ്പൊക്കം മൂലം കുടുങ്ങിപോയപ്പോള്‍ രാജ്യം നടുങ്ങി നിന്നില്ല. 113 അടി താഴെയുള്ള എലിമടകളിലാണ് 15 പേര്‍ ശ്വാസം മുട്ടി മരിച്ചത്.

എലിമടകള്‍ എന്നത് അലങ്കാര പ്രയോഗമല്ല. കുന്നിന്റെ മുകളില്‍ നിന്നും കുത്തനെ താഴോട്ട് ഒരു തുരങ്കം നിര്‍മിച്ച് അതിലൂടെ തൊഴിലാളികളെ താഴോട്ടിറക്കുന്നു. പിന്നെ പാര്‍ശ്വങ്ങളിലേക്ക് ഒരാള്‍ക്ക് മാത്രം നൂണ്ടു കയറാവുന്ന മടകളിലൂടെ സഞ്ചരിച്ച് തൊഴിലാളികള്‍ കല്‍ക്കരി ശേഖരിക്കുന്നു. മടകളില്‍ പെട്ടവര്‍ പരമദരിദ്രരായിരുന്നു. ദിവസം 2000-3000 കൂലി വാങ്ങിയാണ് അത്യന്തം അപകടകരമായി ജോലിക്കായ് അവര്‍ ഭൂമിക്കടിയിലേക്ക് പോയത്. നിയമവിരുദ്ധമായി നടക്കുന്ന ഖനനത്തില്‍് അവര്‍ക്ക് പ്രത്യേകമായ സംരക്ഷണമൊന്നുമില്ല. കടുത്ത പട്ടിണിയാണ് പലയിടത്തും. വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും ഖനിയില്‍ ശ്വാസം മുട്ടി മരിച്ച ഒരു തൊഴിലാളിയുടെ അമ്മ ജസ്തീന ദക്കറും മക്കളും അരിയില്ലാത്തത് കാരണം പലപ്പോഴും വിശപ്പ് അകറ്റിയിരുന്നത് കാട്ടു കനികള്‍ ഭക്ഷിച്ചുകൊണ്ടായിരുന്നു.

2014ല്‍ നാഷനല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ മേഘാലയയിലെ കല്‍ക്കരിഖനനം നിരോധിച്ചിരുന്നു. നിയമവിരുദ്ധമായ ഇത്തരം ഖനനങ്ങളില്‍ മുമ്പും അപകടങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ ഈ അപകടം വ്യത്യസ്തമായിരുന്നു. ഖനിയിലേക്കിറങ്ങിയവരെ രക്ഷിക്കാന്‍ വലിയ ശ്രമങ്ങളൊന്നുമുണ്ടായില്ല. രാജ്യം ഉല്‍കണ്ഠയോടെ തായ്‌ലന്റില്‍ കണ്ട പോലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചില്ല.

സാങ്കേതിക വിദ്യയിലും രക്ഷാപ്രവര്‍ത്തനത്തിലും ബഹുമിടുക്കന്‍മാരാണെന്ന നാട്യം നമുക്കുണ്ട്. എലിമടകളില്‍ പാവം മനുഷ്യര്‍ ശ്വാസം മുട്ടി മരിക്കുമ്പോള്‍ മേഘാലയത്തിലെ ഒരു മന്ത്രിയും അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ശുഭ്രവസ്ത്ര ധാരികള്‍ അവിടെ പ്രത്യക്ഷപ്പെട്ടത്. പല ഏജന്‍സികള്‍ക്കിടയിലെ ഏകോപനം സാധ്യമാവാതിരുന്നത് ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ ക്രിസ്മസ് കഴിഞ്ഞ ഉടനെ കുടുംബക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിനു വേണ്ടി 'മെഡിക്കല്‍ ലീവ്' എടുത്തതുകൊണ്ടാണ്. തായ്‌ലന്റില്‍ വന്‍ശക്തിയുള്ള 40 പമ്പുകള്‍ വെള്ളം അടിച്ച് കളയാന്‍ ഒന്നിച്ചു പ്രവര്‍ത്തിപ്പിച്ചപ്പോള്‍ ആദ്യത്തെ ഒരാഴ്ച രണ്ട് പമ്പുകളാണ് ഖനിയില്‍ നിന്ന് ഏങ്ങിവലിച്ച് വെള്ളം പുറത്തേക്കൊഴുക്കിയത്. ഒറീസയില്‍ നിന്നുള്ള ഫയര്‍ ബ്രിഗേഡ് വാഹനങ്ങള്‍ക്കായ് ഒരാഴ്ച കാത്തു നിന്നു. പുറത്ത് കെട്ടിയ ഗോപുരത്തില്‍ നല്ല ദൃശ്യങ്ങള്‍ക്ക് വേണ്ടി മാധ്യമ പ്രവര്‍ത്തകര്‍ ക്യാമറകള്‍ സൂം ചെയ്തുകൊണ്ടിരുന്നു.

രാഷ്ട്രീയ നേതാക്കളില്‍ പലരും ഖനനത്തില്‍ മുതലിറക്കിയവരാണ്. ഒരു സന്നദ്ധ സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് 13 മന്ത്രിമാരോ എം.എല്‍.എമാരോ ഖനനവുമായി ബന്ധമുള്ളവരാണ്. ഗോത്രവര്‍ഗക്കാരെ ആട്ടിയോടിച്ചാണ് ഖനനം. 2011ലെ സെന്‍സസ് പ്രകാരം മേഘാലയയിലെ ഗോത്രവര്‍ഗക്കാരില്‍ 70 ശതമാനത്തിനും ഭൂമിയില്ല. ഇത്തരം ഖനനത്തില്‍ ലാഭമായി ഖനി മുതലാളിമാര്‍ക്ക് മാസം പ്രതി അഞ്ചു തൊട്ട് പത്ത് ലക്ഷം വരെ ലഭിക്കുന്നുണ്ട്. അതിലൊരു ഭാഗം മന്ത്രിമാര്‍ക്കും ദിവ്യമാര്‍ക്കും പോകും. സിന്റക്‌സ് ടാങ്കുകളിലാണത്രെ അവര്‍ പണം സൂക്ഷിക്കുന്നത്. മോദി വലിയ കറന്‍സികള്‍ നിരോധിച്ചപ്പോള്‍ നോട്ടെണ്ണുന്നതിന് തൊഴിലാളികളെ നിയോഗിച്ചവര്‍ വരെ അവരിലുണ്ട്. ജസ്തിന ദക്കര്‍ അവരില്‍ പെടില്ല. ഖനിയില്‍ മരിച്ച മകന്‍ മേലംബക്കും അവരില്‍ പെടില്ല. മരിച്ച, പേരറിയാത്ത ബംഗാളി മുസ്‌ലിംകളും അതില്‍ പെടില്ല.

രാത്രി സുഹൃത്തുമായി നടന്നു പോവുകയായിരുന്ന ഡല്‍ഹി പെണ്‍കുട്ടിയെ അതിഹീനമായി ബലാല്‍സംഗം ചെയ്ത സംഭവം നാടിനെ പിടിച്ചു കുലുക്കി. പാര്‍ലമെന്റ് ഏകകണ്ഠമായി പുതിയ നിയമം പാസ്സാക്കി. പ്രതികളില്‍ ചിലര്‍ തൂക്കുമരം കാത്തുകിടക്കുന്നുണ്ട്. മേഘാലയയില്‍ മരിച്ചവര്‍ അകലങ്ങളിലെ പേരില്ലാത്ത മനുഷ്യരാണ്. ഖത്‌വയിലെ പെണ്‍കുട്ടിയെ പോലെ, നമ്മുടെ ഹൃദയത്തെ തൊടാത്തവര്‍. എലിമനുഷ്യര്‍.



Full View



Full View


Tags:    

Similar News