ചുങ്കപ്പാതകൾ സിപിഎമ്മിന് വിനയാകുന്നു; ഒരു ഭാ​ഗത്ത് അനുമതി മറുഭാ​ഗത്ത് ചുങ്കപ്പിരിവിനെതിരേ സമരം

ദേശീയ പാത 66 ലെ കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ തിരുവല്ലത്ത് ടോൾ പിരിക്കുന്നത് നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചത് കഴിഞ്ഞ ദിവസമാണ്.

Update: 2021-08-26 05:47 GMT

കോഴിക്കോട്: ചുങ്കപ്പാതകൾക്കെതിരേ ശക്തമായ പ്രക്ഷോഭം നടന്ന സംസ്ഥാനമാണ് കേരളം. ലക്ഷക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിച്ചാണ് ഓരോ ദേശീയപാതാ വികസനവും യാഥാർത്ഥ്യമാകുന്നത്. സിപിഎം അധികാരത്തിലേറിയ 2016 മുതൽ ദേശീയപാതാ വികസനത്തിന്റെ പേരിലുള്ള സ്ഥലമേറ്റെടുപ്പും കുടിയൊഴിപ്പിക്കലും വേ​ഗം കൈവരിച്ചിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമർത്തിയാണ് മിക്കയിടങ്ങളിലും സർക്കാർ ഈ വേ​ഗത കൈവരിച്ചത്. എന്നാൽ ഇതേ സർക്കാർ ഭരിക്കുമ്പോൾ തന്നെ ചുങ്കപ്പിരിവിനെതിരേ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുകയാണ് സിപിഎം.

പണി പൂർത്തിയാകാത്ത ദേശീയ പാത 66 ലെ കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ തിരുവല്ലത്ത് ടോൾ പിരിക്കുന്നത് നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചത് കഴിഞ്ഞ ദിവസമാണ്. കോവളം മുതൽ കാരോട് വരെയുള്ള 21 കിലോമീറ്റർ റോഡ് നിർമാണം പകുതിപോലും പൂർത്തിയാക്കിയിട്ടില്ല. ടോൾ പ്ലാസക്ക് സമീപം താമസിക്കുന്നവരുടെ ആശങ്കകൾ ഇനിയും പരിഹരിച്ചിട്ടില്ല. നിത്യവും യാത്രചെയ്യുന്ന പ്രദേശത്തുള്ളവർക്ക് മറ്റ് സൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടില്ലെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ടോൾ പിരിവിനെതിരേ പ്രദേശത്ത് ജനകീയ പ്രക്ഷോഭം ഉയർന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ഈ നീക്കം.

ജനങ്ങളുടെ പ്രതിഷേധം കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കരുത് എന്ന് മന്ത്രി വി ശിവൻകുട്ടി കത്തിൽ പറഞ്ഞു. ഒരാഴ്ചയായി പ്രദേശത്ത് ജനകീയസമരങ്ങൾ നടക്കുകയാണ്. വിഷയത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരനും തിരുവനന്തപുരം എംപി ശശി തരൂരും ഇടപെട്ട് പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കണം. തിരുവല്ലം-കൊല്ലംതറ ഭാഗത്തെ ടോൾ ബൂത്തിൽ നിന്ന് നാല് കിലോമീറ്റർ ഭാഗം മാത്രമാണ് ഇപ്പോൾ ഗതാഗതയോഗ്യമായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനവാസ മേഖലയിലൂടെയാണ് ദേശീയപാത കടന്നു പോകുന്നത്. പ്രദേശവാസികൾക്ക് അത്യാവശ്യ സർവീസുകൾക്ക് പോലും ടോൾ നൽകേണ്ട അവസ്ഥയാണ് ഉള്ളത്. അമിതമായ തുകയാണ് ടോൾ ആയി നൽകേണ്ടിവരുന്നത്. അശാസ്ത്രീയമായാണ് ടോൾ ബൂത്തുകൾ സ്ഥാപിച്ചിട്ടുള്ളത്. മഴ പെയ്താൽ പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകുകയാണ്. ഈ വിഷയത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നടപടികൾ ജനവിരുദ്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

റോഡ് നിർമാണം പൂർത്തിയാക്കാതെ ടോൾ പിരിക്കുന്നതിനെതിരെ തിരുവല്ലത്ത് പ്രതിഷേധങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം ടോൾ ബൂത്തിന് സമീപം സിപിഎം, കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. റോഡ് നിർമാണം പൂർത്തിയാക്കാതെ ടോൾ പിരിക്കുന്നത് അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധം ഈ നിലയ്ക്ക് മുന്നോട്ട് പോകേണ്ടി വന്നാൽ സംസ്ഥാന സർക്കാരിന് പ്രക്ഷോഭത്തിന് നേരെ അടിച്ചമർത്തൽ നടപടികളിലേക്ക് പോകേണ്ടി വരും. ഇത് സിപിഎമ്മിന് വിനയാകുമെന്നതിൽ സംശയം വേണ്ട.

43 കിലോമീറ്റര്‍ ദൂരമുള്ള കഴക്കൂട്ടം-കാരോട് ബൈപാസില്‍ കഴക്കൂട്ടത്ത് നിന്ന് വിഴിഞ്ഞം മുക്കോല വരെയുള്ള ഇരുപത്തിയാറര കിലോമീറ്റര്‍ ദൂരമുള്ള റോഡാണ് നിർമാണം പൂർത്തിയായത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും 2020 ഒക്ടോബർ 13 നാണ് സംയുക്തമായി ബൈപാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനത്തിന് മുമ്പ് ബൈപാസില്‍ റോഡിന് കുറുകെ ഏഴ് നടപ്പാത മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടെങ്കിലും നാലെണ്ണം മാത്രമാണ് ഉദ്ഘാടനത്തിന് മുമ്പ് പൂര്‍ത്തിയാക്കിയിരുന്നതെന്നും ശ്രദ്ധേയമാണ്.

ചുങ്കപ്പാതകൾ പിടുച്ചുപറി കേന്ദ്രങ്ങളാകുന്ന റിപോർട്ടുകൾ പാലിയേക്കര ടോൾ പ്ലാസയിൽ നിന്ന് തന്നെ നിരവധി തവണ കേരളം കേട്ടുകഴിഞ്ഞു. ഒരേസമയം സ്വകാര്യവൽകരണത്തെ എതിർക്കുകയും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികളുടെ പതാകാ വാഹകരാവുകയും ചെയ്യുന്ന വിചിത്ര നിിലപാടിലാണ് സിപിഎം നിൽക്കുന്നത്. അതുകൊണ്ട് തന്നെയാണ് ചുങ്കപ്പാതകൾക്ക് പച്ചക്കൊടി കാണിച്ചവർക്ക് ചുങ്കപ്പിരിവിനെതിരേ കേന്ദ്രത്തിന് കത്തയക്കേണ്ടി വരുന്നത്. 

Similar News