കോക്കനട്ട് പേസ്റ്റ് വിപണയില്‍ അവതരിപ്പിച്ച് എം എം ഒറിജിനല്‍സ്

തിരക്കിട്ട നിത്യജീവിതത്തില്‍ നാളികേരം ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി കുറഞ്ഞ സമയത്തില്‍ നിരവധി ഭക്ഷണ വിഭവങ്ങളില്‍ നാളികേരം ഉപയോഗിക്കുവാനുള്ള അവസരമൊരുക്കുകയാണ് ഈ റെഡി ടു യൂസ് കോക്കനട്ട് പേസ്റ്റ് എന്ന് മെഴുകാട്ടില്‍ മില്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഉബൈസ് അലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

Update: 2021-02-23 11:48 GMT

കൊച്ചി: നാളികേര വ്യവസായത്തില്‍ 40 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മെഴുക്കാട്ടില്‍ മില്‍സിന്റെ ഉടമസ്ഥതയിലുള്ള എം എം ഒറിജിനല്‍സ് ഇത് ആദ്യമായി കോക്കനട്ട് പേസ്റ്റ് വിപണിയിലെത്തിക്കുന്നു.ബി 2 ബി വിഭാഗത്തില്‍ 22 ഓളം ആഗോള ബ്രാന്‍ഡുകളുമായുള്ള വിജയകരമായ സഹകരണത്തിന് ശേഷം 'എംഎം ഒറിജിനല്‍സ് ' എന്ന ബ്രാന്‍ഡ് നാമത്തില്‍ കോക്കനട്ട് പേസ്റ്റ് വിപണിയിലെത്തിച്ച് മെഴുക്കാട്ടില്‍ മില്‍സ് ബി 2 സി വിഭാഗത്തിലേക്ക് കൂടി ചുവടുവയ്ക്കുകയാണെന്ന് മെഴുകാട്ടില്‍ മില്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഉബൈസ് അലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തിരക്കിട്ട നിത്യജീവിതത്തില്‍ നാളികേരം ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി കുറഞ്ഞ സമയത്തില്‍ നിരവധി ഭക്ഷണ വിഭവങ്ങളില്‍ നാളികേരം ഉപയോഗിക്കുവാനുള്ള അവസരമൊരുക്കുകയാണ് ഈ റെഡി ടു യൂസ് കോക്കനട്ട് പേസ്റ്റ്.വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ അടങ്ങിയ നാളികേരത്തിന്റെ പേസ്റ്റ് രൂപമാണിത്. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ ഉല്‍പ്പന്നം തികച്ചും ആരോഗ്യപ്രദവുമാണ്. പേസ്റ്റ് രൂപത്തിലുള്ള ഇതിന്റെ സാന്ദ്രത മൂലം എല്ലാ വിഭവങ്ങളിലും ഇത് ഉപയോഗിക്കാന്‍ സാധിക്കും. ചിരകിയതോ അരച്ചതോ ആയ നാളികേരം, നാളികേരപ്പാല്‍, എന്തിന് വറുത്ത നാളികേരത്തിന് പകരമായി വരെ ഈ ഉല്‍പ്പന്നം ഉപയോഗിക്കാമെന്നും ഉബൈസ് അലി പറഞ്ഞു.

യാതൊരു തരത്തിലുള്ള പ്രിസര്‍വേറ്റീവുകളോ ആന്റിഒക്‌സിഡന്റുകളോ ചേര്‍ക്കാതെ മികച്ച ഉള്‍പ്പന്നം ഉപഭോക്താക്കളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെയും വര്‍ഷങ്ങളായുള്ള ഗവേഷണത്തിന്റെയും വിലപ്പെട്ട സമയത്തിന്റെയും ഫലമാണ് ഈ കോക്കനട്ട് പേസ്റ്റ്. തങ്ങളുടെ പേറ്റന്റ്് ഉളള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നാളികേരത്തിന്റെ എല്ലാ ഗുണങ്ങളും അടങ്ങുന്ന സൗകര്യപ്രദമായ രൂപത്തിലാണ് ഈ ഉല്‍പ്പന്നം നിര്‍മ്മിച്ചിരിക്കുന്നതെന്നും ഉബൈസ് അലി പറഞ്ഞു.വ്യത്യസ്ത ഉപയോഗത്തിന് അനുയോജ്യമായ രീതിയില്‍ പ്ലെയിന്‍ കോക്കനട്ട് പേസ്റ്റ്, റോസ്സ്റ്റഡ് കോക്കനട്ട് പേസ്റ്റ് എന്നിങ്ങനെ രണ്ട് വൈവിധ്യങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. റഫ്രിജറേഷനില്ലാതെ തന്നെ 12 മാസത്തോളം കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കുന്നതോടൊപ്പം വളരെ സുഗമമായ ഉപയോഗത്തിനായി മികച്ച പാക്കുകളിലുമാണ് കോക്കനട്ട് പേസ്റ്റ് ലഭിക്കുന്നത്.

അഞ്ച് നാളികേരത്തിന്റെ ഗുണം ഒരൊറ്റ പാക്കില്‍ ലഭിക്കുന്ന ഈ പേസ്റ്റ് നൂറു ശതമാനം പ്രകൃതിദത്തമാണ്. ജലാശം തീരെ ഇല്ലാത്തതിനാല്‍ പാചകം ചെയ്യുമ്പോള്‍ വളരെ കുറച്ചു മാത്രം ചേര്‍ത്താല്‍ മതിയാകുമെന്നും ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയ മുന്‍നിര ഇ - കോമേഴ്‌സ് സൈറ്റുകളിലും റീട്ടെയില്‍ ആയും ഉല്‍പ്പന്നം ലഭ്യമാണെന്നും ഉബൈസ് അലി പറഞ്ഞു.എം ബി മുഹമ്മദലി (മാനേജിങ് പാര്‍ട്ണര്‍ , മെഴുക്കാട്ടില്‍ മില്‍സ്), എം ബി കോയക്കുട്ടി(ഫൗണ്ടര്‍ പാര്‍ട്ണര്‍ മെഴുക്കാട്ടില്‍ മില്‍സ്), സന്ധ്യ കുമാര്‍( ഷെഫ് ആന്‍ഡ് റെസിപ്പി കണ്‍സല്‍ട്ടന്റ്) എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: