കൊറഗേറ്റഡ് ബോക്സ് നിര്‍മാണ വ്യവസായം പ്രതിസന്ധിയില്‍; സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം- കെസിബിഎംഎ

കൊവിഡിന്റെ പശ്ചാത്തലത്തില്‍ അവശ്യ സാധനങ്ങളുടെയും മരുന്നുകളുടെയും സാനിറ്റൈസറുകളുടെയും വിതരണം യാതൊരു തടസവും കൂടാതെ നടക്കുന്നതിനായി മികച്ച സേവനം നടത്തിയവരാണ് ബോക്സ് നിര്‍മാണ മേഖല.നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും കൊറഗേറ്റഡ് ബോക്സ് നിര്‍മാണ വ്യവസായത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ യാതൊരു നടപടികളും സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് കെസിബിഎംഎ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Update: 2020-12-04 12:35 GMT

കൊച്ചി: കൊറഗേറ്റഡ് ബോക്സ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്‌കൃത വസ്തുവായ ക്രാഫ്റ്റ് പേപ്പറിന്റെ ക്രമാതീതമായ വര്‍ധനവ് കാരണം പ്രതിസന്ധിയിലായ കൊറഗേറ്റഡ് ബോക്സ് നിര്‍മാണ വ്യവസായത്തെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള കൊറഗേറ്റഡ് ബോക്സ് മാനുഫാക്ച്ചറേഴ്സ് അസോസിയേഷന്‍ (കെസിബിഎംഎ) ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിക്കിടയില്‍ അവശ്യ സാധനങ്ങളുടെയും മരുന്നുകളുടെയും സാനിറ്റൈസറുകളുടെയും വിതരണം യാതൊരു തടസവും കൂടാതെ നടക്കുന്നതിനായി മികച്ച സേവനം നടത്തിയവരാണ് ബോക്സ് നിര്‍മാണ മേഖല. ലോക്ഡൗണിന് ശേഷമുള്ള പുതിയ വ്യവസ്ഥയുമായി ഈ വ്യവസായ മേഖല പൂര്‍ണതോതില്‍ ഇണങ്ങിച്ചേരുകയും കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പരിപാടിക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും ഭൂരിഭാഗവും സൂക്ഷ്മ, ചെറുകിട, ഇടത്തര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൊറഗേറ്റഡ് ബോക്സ് നിര്‍മാണ വ്യവസായത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ യാതൊരു നടപടികളും സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് കെസിബിഎംഎ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊറഗേറ്റഡ് ബോക്സ് നിര്‍മാണത്തില്‍ 90% ഉപയോഗിക്കുന്ന ക്രാഫ്റ്റ് പേപ്പറിന്റെ വിലയില്‍ ഈ അടുത്തകാലത്തായി 30-35% വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇതിന് പുറമേ വ്യവസ്ഥയില്ലാത്തതും അനിശ്ചിതവുമായ ക്രാഫ്റ്റ് പേപ്പറിന്റെ വിതരണവും ഈ വ്യവസായത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.തങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഒരു ഭാഗത്ത് വന്‍കിടക്കാരായ പേപ്പര്‍ മില്ലുകളെയും മറുഭാഗത്ത് ഉപഭോക്താക്കളായ വന്‍കിട കമ്പനികളെയുമാണ്. ഇവരുമായി വിലപേശാനുള്ള ശേഷിയില്ലാത്തത് കാരണം ഇവര്‍ക്കിടയില്‍പ്പെട്ട് ഞരിഞ്ഞമരുകയാണ് ഈ വ്യവസായ മേഖലയെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാണിച്ചു. തൊഴിലാളി വേതനം, വൈദ്യുതി നിരക്ക്, ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങിയവയില്‍ ഉണ്ടായിട്ടുള്ള വര്‍ധനവും പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളില്‍ പലരും തിരിച്ചുവരാത്തത് മൂലമുണ്ടായിട്ടുള്ള തൊഴിലാളിക്ഷാമവും ഈ മേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് കെസിബിഎംഎ ഭാരവാഹികള്‍ പറഞ്ഞു.

തൊഴിലെടുക്കാന്‍ ആളെ കിട്ടാന്‍ കൂടുതല്‍ കൂലി നല്‍കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ഗുരുതര പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ ജിഎസ്ടി, ബാങ്ക് പലിശ തുടങ്ങിയവ അടയ്ക്കാന്‍ ഏറെ പാടുപെടുകയാണ് നിര്‍മാതാക്കള്‍. ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ പല ബോക്സ് നിര്‍മാണ യൂനിറ്റുകളും അടച്ചുപൂട്ടേണ്ടി വരുമെന്നും കെസിബിഎംഎ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.കെസിബിഎംഎ പ്രസിഡന്റ് സേവ്യര്‍ ജോസ്, സെക്രട്ടറി പി ജെ മാത്യു, ഖജാന്‍ജി ബിജോയ് സിറിയക്, കോര്‍ഡിനേറ്റര്‍ രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: