കെട്ടിട വാടക ഉളവ്: സര്‍ക്കാര്‍ പ്രഖ്യാപനം വെറും വാക്കാകുന്നു; വ്യാപാരികള്‍ പ്രത്യക്ഷ സമരത്തിന്

Update: 2021-09-07 07:29 GMT

തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് വാടക ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും വാടക ഈടാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് സെപ്റ്റംബര്‍ വരേയുള്ള 6 മാസത്തെ വാടക ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് വ്യാപാരി സമൂഹത്തിന് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ പ്രസ്തുത പ്രഖ്യാപനത്തിന് വിരുദ്ധമായി ടി കാലയളവിലെ വാടക ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ബന്ധപൂര്‍വം ഈടാക്കുന്നത് പ്രതിഷേധാര്‍ഹമാണ്.

പ്രതിസന്ധി മൂലം നട്ടം തിരിഞ്ഞ വ്യാപാരികള്‍ക്കായി ആകെ പ്രഖ്യാപിച്ച ഇളവ് പോലും നടപ്പിലാക്കാതെ മുന്നോട്ട് പോകുന്നത് വഞ്ചനയാണ്. സര്‍ക്കാര്‍ പ്രഖ്യാപനങ്ങളെ ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണ്. അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ സമര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്നും സമിതി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കമലാലയം സുകു, ജില്ലാ പ്രസിഡന്റ് കെഎസ് രാധാകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എസ്എസ് മനോജ്, ജില്ലാ ഖജാന്‍ജി നെട്ടയം മധു എന്നിവര്‍ പറഞ്ഞു.


Tags: