വ്യവസായങ്ങള്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ കൊവിഡ് ദുരന്ത നിവാരണ കമ്മീഷന്‍ രൂപീകരിക്കണം: വിഡി സതീശന്‍

Update: 2021-07-06 11:40 GMT


തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കിടയില്‍ തകര്‍ന്നടിയുന്ന വ്യവസായങ്ങളെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ കൊവിഡ് ദുരന്ത നിവാരണ കമ്മീഷന്‍ രൂപീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ (എകെസിഎ) സംസ്ഥാന ഭാരവാഹികള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച്നടത്തിയ ഇരുപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊവിഡിന്റെ ഒന്നാം ഘട്ടത്തില്‍ സര്‍ക്കാര്‍ ചില പാക്കേജുകള്‍ നടപ്പിലാക്കി. ധനകാര്യ സ്ഥാപനങ്ങള്‍ വായ്പകള്‍ക്ക് മൊറട്ടേറിയം പ്രഖ്യാപിച്ചു. ആ സമയത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്,നിയമസഭാ തിരഞ്ഞെടുപ്പ് കാലഘട്ടമായിരുന്നു. തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ സര്‍ക്കാര്‍ എല്ലാം മറന്ന മട്ടാണ്.

കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണ്. എന്നാല്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാകണം. പ്രതിരോധ ഭാഗമായി ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പല നിയന്ത്രണങ്ങളും യുക്തിക്ക് നിരക്കാത്തതാണ്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രത്യക്ഷമായും, പരോക്ഷമായും തൊഴില്‍ നല്‍കുന്ന കാറ്ററിങ് മേഘലയുള്‍പ്പടേയുള്ള വ്യവസായ സംരംഭങ്ങള്‍ കൊവിഡ് മഹാമാരിക്കിടയില്‍ തകരുന്നത് വലിയ സാമൂഹ്യ വിപത്താണ് സൃഷ്ടിക്കുക.

ഈ സാഹചര്യത്തില്‍ ഇത്തരം സംരംഭങ്ങളുടെ നിലനില്‍പ്പിന് ഗുണകരമാകുന്ന കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളും,സാമ്പത്തിക പാക്കേജുകളും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Tags: