2019ല്‍ ഇരുചക്ര വാഹന വില്‍പ്പനയില്‍ 8 മുതല്‍ 10 ശതമാനം വളര്‍ച്ചയുണ്ടാവും

ആളോഹരി വരുമാനത്തിലെ വര്‍ധന, കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലെ സുസ്ഥിരമായ മണ്‍സൂണ്‍, ഉയര്‍ന്ന താങ്ങുവില, ചില സംസ്ഥാനങ്ങളിലെ കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ തുടങ്ങിയവയാണ് ആഭ്യന്തര ഇരുചക്ര വിപണിയെ മികച്ച വളര്‍ച്ച കൈവരിക്കാന്‍ സഹായിച്ചത്.

Update: 2018-12-26 16:30 GMT

വില വര്‍ധനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കിടയിലും 2018-19 കാലയളവില്‍ രാജ്യത്തെ ഇരുചക്ര വാഹന വില്‍പ്പന 8 മുതല്‍ 10 ശതമാനം ഉയരുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഇക്ര (ഐസിആര്‍എ) റേറ്റിങ്‌സ് ലിമിറ്റഡ്. ആളോഹരി വരുമാനത്തിലെ വര്‍ധന, കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലെ സുസ്ഥിരമായ മണ്‍സൂണ്‍, ഉയര്‍ന്ന താങ്ങുവില, ചില സംസ്ഥാനങ്ങളിലെ കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ തുടങ്ങിയവയാണ് ആഭ്യന്തര ഇരുചക്ര വിപണിയെ മികച്ച വളര്‍ച്ച കൈവരിക്കാന്‍ സഹായിച്ചത്. ഇന്ത്യന്‍ ഇരുചക്രവാഹന വ്യവസായം സ്ഥിരത കൈവരിച്ചതായും റേറ്റിങ് ഏജന്‍സി പറഞ്ഞു.ഏപ്രില്‍-ഒക്‌റ്റോബര്‍ മാസങ്ങളില്‍ ഈ മേഖലയില്‍ 11.1 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് റിപോര്‍ട്ട് ചെയ്തത്.

രാജ്യത്തുടനീളം ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചതും കേരളത്തിലുണ്ടായ മഹാ പ്രളയവും പശ്ചിമ ബംഗാളില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രം ഇരുചക്ര വാഹന വില്‍പ്പന പരിമിതപ്പെടുത്തിയതും വിപണിയെ പ്രതികൂലമായി ബാധിച്ചില്ലെന്നും ഏജന്‍സി വ്യക്തമാക്കി. ഗ്രാമീണ മേഖലയിലെ വരുമാനം മോട്ടോര്‍സൈക്കിളിനുള്ള ഡിമാന്റ് വര്‍ധിപ്പിച്ചപ്പോള്‍ ത്വരിത ഗതിയിലുള്ള നഗരവല്‍ക്കരണമാണ് സ്‌കൂട്ടര്‍ വിപണിക്ക് കൂട്ടായത്.

അതേസമയം, അസംസ്‌കൃത വസ്തുക്കളുടെ വിലയും ഇന്‍ഷൂറന്‍സ് പ്രീമയത്തിലെ വര്‍ധനവും മൂലം ഇരുചക്രവാഹനങ്ങളുടെ വില വര്‍ധിച്ചത് നേരിയ തിരിച്ചടിയായിട്ടുണ്ടെന്നും ഇക്ര പറയുന്നു.





Tags: