വയനാട് ദേവര്‍ഗദ്ധയില്‍ വീണ്ടും കടുവ; കാല്‍പ്പാടുകള്‍ കണ്ടതായി നാട്ടുകാര്‍
വയനാട്: പുല്‍പ്പള്ളി ദേവര്‍ഗദ്ധയില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാര്‍. കന്നാരംപുഴയില്‍ ആണ് വീണ്ടും കടുവാ സാന്നിധ്യം. കടുവാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട വണ്ടിക്കടവില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് വീണ്ടും കടുവയെ കണ്ടത്. ഇന്ന് രാവിലെ കന്നുകാലികളെ കഴുകാനായി കന്നാരം പുഴയിലേക്ക് പോയ പ്രദേശവാസിയാണ് കടുവയെ കണ്ടതായി പറയുന്നത്. ഇതേ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പരിശോധനയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. ഒന്നില്‍ കൂടുതല്‍ കടുവകള്‍ ഉണ്ട് എന്നാണ് വിവരം. പുല്‍പ്പള്ളിയുടെ പല ഭാഗത്തും കഴിഞ്ഞ ദിവസങ്ങളിലായി കടുവ സാന്നിധ്യം ഉണ്ടായിരുന്നു. ഇതോടെ ഭീതിയിലാണ് നാട്ടുകാര്‍.
ദേവര്‍ഗദ്ധ ഉന്നതിയില്‍ മാരന്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട വണ്ടിക്കടവ് പ്രദേശത്തുനിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് വീണ്ടും കടുവയെ കണ്ടിരിക്കുന്നത്. നാലു കൂടുകള്‍ വനം വകുപ്പ് പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ക്യാമറ ട്രാപ്പുകളും നിരീക്ഷണവും നടക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കടുവകളെ കര്‍ണാടക വനംവകുപ്പ് വയനാടിന്റെ അതിര്‍ത്തിയില്‍ ഉപേക്ഷിക്കുന്നതായുള്ള ആരോപണവും ഉയരുകയാണ്.