ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ 45 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തും; ജാഗ്രതാ നിര്‍ദേശം

Update: 2020-09-21 08:18 GMT

കല്‍പറ്റ: ജലനിരപ്പ് ഉയരുന്നതിനാല്‍ ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ 45 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തും. ഇന്ന് ഉച്ചക്ക് 2 മണി, 3 മണി, 3.30 മണി എന്നീ സമയങ്ങളില്‍ 15 സെന്റിമീറ്റര്‍ വീതം ഷട്ടര്‍ ഉയര്‍ത്തി ആകെ 45 സെന്റിമീറ്റര്‍ കൂടി അധികമായാണ് ഉയര്‍ത്തുക.

നിലവില്‍ 45 സെന്റീമീറ്റര്‍ തുറന്നു സെക്കന്‍ഡില്‍ 37.50 കുബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്കു ഒഴുക്കുന്നത്. ഇത് ആകെ 90 സെന്റീമീറ്റര്‍ ആക്കുന്നതോടെ പുറത്തു വിടുന്ന ജലം സെക്കന്‍ഡില്‍ 75 കുബിക് മീറ്റര്‍ ആയി വര്‍ധിക്കും. പുഴകളില്‍ ജലനിരപ്പ് ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നും 60 സെന്റിമീറ്റര്‍ കൂടി വര്‍ധിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ ബാണാസുരസാഗര്‍ ഡാമിന്റെ താഴ്ഭാഗത്തുള്ള കരമാന്‍ തോട്, പനമരം പുഴ എന്നിവയുടെ ഇരുകരകളിലും വെള്ളം കയറാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ താമസിക്കുന്നവര്‍, മാറി താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല നിര്‍ദേശം നല്‍കി.




Similar News