പനമരം പഞ്ചായത്ത് പ്രസിഡന്റിനെതിരെ വംശീയ അധിക്ഷേപം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കണം: മുസ് ലിം ലീഗ്
പനമരം: സി പി എം ജില്ലാ കമ്മിറ്റിയംഗത്തിന്റെ വിവാദ പരാമര്‍ശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്ന് മുസ് ലിം ലീഗ് പനമരം ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എസ് എം എസ് ഡി.വൈ.എസ്.പിക്ക് തിങ്കളാഴ്ച പരാതി നല്‍കും. സിപിഎം ജില്ലാ കമ്മിറ്റി അംഗം എ എന്‍ പ്രഭാകരന്‍ പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെതിരേ നടത്തിയ പ്രസ്്താവന ആര്‍ എസ് എസ്സിനെ നാണിപ്പിക്കുന്ന വര്‍ഗീയതയും ഗോത്രവിഭാഗം സ്ത്രീകളെ അവഹേളിക്കുന്നതുമാണ്. സുരേഷ് ഗോപി ഡല്‍ഹിയില്‍ നടത്തിയ പ്രസ്താവന ശരിവയ്ക്കുന്നതാണ്. ഇക്കാര്യത്തില്‍ മന്ത്രി ഒ ആര്‍ കേളു നിലപാട് വ്യക്തമാക്കണമെന്നും ലീഗ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
കൂടാതെ പഞ്ചായത്തിലെ ഇടത് എസ് ടി അംഗങ്ങളും നിലപാട് ജനങ്ങളെ ബോധിപ്പിക്കണം. 2020-ല്‍ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലക്ഷ്മി തന്നെയായിരുന്നു. നറുക്കെടുപ്പിലൂടെ അന്ന് പരാജയപ്പെട്ടു. എന്നാല്‍ അവിശ്വാസത്തിന് പിന്നാലെ ഇതേ ലക്ഷ്മിയെ തന്നെ സ്ഥാനാര്‍ഥിയാക്കാനുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനം ഐക്യകണ്‌ഠേന അംഗീകരിച്ചതാണ്. 20 വര്‍ഷത്തോളമായുള്ള പൊതു പ്രവര്‍ത്തനത്തിന് ശേഷമാണ് ലക്ഷ്മി പ്രസിഡന്റ് ആവുന്നത്. പാര്‍ട്ടിയെ വിശ്വസിച്ച് ഒപ്പം നില്‍ക്കുന്നവരെ ഉയര്‍ത്തി കൊണ്ടുപോവുന്നതാണ് ലീഗിന്റെ ചരിത്രം. ജനറല്‍ സീറ്റില്‍ എ ദേവഗിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കിയത് ഒരു ഉദാഹരണം മാത്രമാണ്.
ഇടത് മുന്നണിയിലെ ബെന്നി ചെറിയാന്‍ പാര്‍ട്ടി മാറുകയും ഇതേ തുടര്‍ന്നു യുഡിഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസ്സായതോടെ സിപിഎമ്മിലെ ആസിയ ടീച്ചര്‍ പുറത്താവുകയായിയിരുന്നു.തുടര്‍ന്ന് പാര്‍ട്ടി മാറിയ മെമ്പര്‍ ബെന്നി ചെറിയാന് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു.
ഈ കേസില്‍ 5സിപിഎം പ്രവര്‍ത്തകര്‍ ജയിലിലാണ്. പനമരം പോലിസിനെതിരെ നടത്തിയ പ്രകടനവും തുടര്‍ന്ന് നടത്തിയ പൊതുയാഗവും ഇപ്പോള്‍ പാര്‍ട്ടിയെ ഊരാ കുടുക്കിലാക്കി. ഈ യോഗത്തില്‍ വച്ചാണ് പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌നെതിരെ ആദിവാസി പെണ്ണെന്ന് വിളിച്ചു ആക്ഷേ പിച്ചത്. പത്രസമ്മേളനത്തില്‍ പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലക്ഷമി ആലക്കമുറ്റം, സ്ഥിരംസമിതിയധ്യക്ഷന്‍ കെ ടി സുബൈര്‍, വാര്‍ഡംഗം കെ.സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

