ഓപറേഷന്‍ റെയ്‌സ്: വയനാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 221 കേസുകള്‍

ജൂണ്‍ 22 മുതല്‍ ജൂലൈ 5 വരെയാണ് ഒപ്പറേഷന്‍ റെയ്‌സ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്തവരുടെ ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍, കോടതി നടപടികള്‍ തുടങ്ങിയവ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Update: 2022-07-12 11:11 GMT

പ്രതീകാത്മക ചിത്രം

കല്‍പറ്റ: നിരന്തരമുള്ള വാഹനങ്ങളുടെ മത്സര ഓട്ടം, അപകട മരണം എന്നിവയ്ക്ക് തടയിടാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് ഓപ്പറേഷന്‍ റെയ്‌സില്‍ ജില്ലയില്‍ 221 വാഹനങ്ങള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ നിന്നും 2,39,750 രൂപ പിഴ ചുമത്തി. ജൂണ്‍ 22 മുതല്‍ ജൂലൈ 5 വരെയാണ് ഒപ്പറേഷന്‍ റെയ്‌സ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്തവരുടെ ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍, കോടതി നടപടികള്‍ തുടങ്ങിയവ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

വാഹന പരിശോധനയുള്ള റോഡുകളില്‍ നിന്നും വ്യതിചലിച്ച് മറ്റൊരു റോഡുമാര്‍ഗ്ഗം വഴി നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് കടക്കുന്നതിനെതിരേയും നടപടി സ്വീകരിച്ചു.

പൊതുജനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും നിയമലംഘനം ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വാഹന ഉടമകള്‍ മൊബൈല്‍ നമ്പര്‍ വിവരങ്ങള്‍ സോഫ്റ്റ് വെയറുകളില്‍ അപ്‌ലോഡ് ചെയ്യാത്ത സാഹചര്യത്തില്‍ കേസ് സംബന്ധമായ ഇ ചലാനുകള്‍ മെസേജ് വഴി വാഹന ഉടമകള്‍ക്ക് ലഭിക്കില്ല. ഇത്തരം കേസുകളില്‍ ആര്‍സി ഓണറുടെ പേരില്‍ പിഴ തുക കെട്ടിക്കിടക്കാനുള്ള വഴിയൊരുങ്ങുന്നതായും അധികൃതര്‍ പറയുന്നു. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട സാരഥി സോഫ്റ്റ് വെയറിലും വാഹന്‍സ് സോഫ്റ്റുവെയറിലുമാണ് നിലവില്‍ വാഹനങ്ങളുമായും ലൈസന്‍സുമായും ബന്ധപ്പെട്ട വിവരങ്ങള്‍ വാഹന ഉടമകള്‍ അപ്‌ലോഡ് ചെയ്യേണ്ടത്. മൊബൈല്‍ നമ്പര്‍ അപ്‌ലോഡ് ചെയ്യാത്തവര്‍ ഉടന്‍ സോഫ്റ്റ് വെയറില്‍ വിവരങ്ങള്‍ നല്‍കി വകുപ്പുമായി സഹകരിക്കണം. റോഡിലെ അപകട സാധ്യതകള്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി വകുപ്പ് മുന്നോട്ട് പോകുകയാണെന്നും ജില്ലയില്‍ മുഴുവനും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയായി വരികയാണെന്നും അധികൃതര്‍ അറിയിച്ചു.

Tags: