ചര്‍ച്ച് ബില്ലിനു പിന്നില്‍ സഭയെ തകര്‍ക്കാനുള്ള ഗൂഡാലോചന: മാനന്തവാടി രൂപത

രാജ്യത്തിന്റെയും സഭയുടെയും നിയമങ്ങള്‍ക്ക് വിധേയമായി സുതാര്യമായ രീതിയില്‍ കൈകാര്യം ചെയ്യപ്പെട്ടു വരുന്ന സഭാ സ്വത്തിന്റെ നടത്തിപ്പിനു മേല്‍ ഭരണഘടനാ വിരുദ്ധമായാണ് ബില്‍ കൊണ്ടുവരുന്നതെന്ന് മാനന്തവാടി രൂപത ആരോപിച്ചു.

Update: 2019-03-03 11:49 GMT

കല്‍പ്പറ്റ: ചര്‍ച്ച് (പ്രോപ്പര്‍ട്ടീസ്) ബില്‍ 2019 എന്ന പേരില്‍ കേരള നിയമ സഭാ പരിഷ്‌ക്കരണ കമ്മീഷന്‍ അവതരിപ്പിച്ച വിജ്ഞാപനത്തിനു പിന്നില്‍ ഗൂഡാലോചനയെന്ന് മാനന്തവാടി രൂപത. ബില്ലിനെതിരേ രൂപതയുടെ കീഴില്‍ നേതൃത്വത്തില്‍ കരിദിനം ആചരിച്ചു. ഇടവകകള്‍ തോറും പ്രതിഷേധ കൂട്ടായ്മകളും നടത്തി.

രാജ്യത്തിന്റെയും സഭയുടെയും നിയമങ്ങള്‍ക്ക് വിധേയമായി സുതാര്യമായ രീതിയില്‍ കൈകാര്യം ചെയ്യപ്പെട്ടു വരുന്ന സഭാ സ്വത്തിന്റെ നടത്തിപ്പിനു മേല്‍ ഭരണഘടനാ വിരുദ്ധമായാണ് ബില്‍ കൊണ്ടുവരുന്നതെന്ന് മാനന്തവാടി രൂപത ആരോപിച്ചു. ബില്‍ ഉടന്‍ പിന്‍വലിക്കണം. അല്ലാത്ത പക്ഷം ശക്തമായമായ പ്രതിഷേധത്തിന് വിശ്വാസികള്‍ നിര്‍ബന്ധിതരാകേണ്ടി വരുമെന്നും രൂപത അറിയിച്ചു.

കല്‍പ്പറ്റയില്‍ പ്രതിഷേധ യോഗത്തില്‍ ഫെറോനാ പള്ളി വികാരി ഫാ. മാത്യൂ പെരുമാട്ടിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഫെറോന കൗണ്‍സില്‍ പ്രസിഡണ്ട് ജോണി പാറ്റാനി ഉദ്ഘാടനം ചെയ്തു,

കൈക്കാരന്മാരുടെയും കമ്മറ്റിക്കാരുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. തുടര്‍ന്ന് ചര്‍ച്ച് ബില്ലിനെതിരെ ഒപ്പുശേഖരണം നടത്തി. കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും കെ.സി. വൈ. എമ്മിന്റെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികള്‍ നടത്തി.

Tags: