വയനാട്ടില്‍ തിരിച്ചെത്തുന്ന ചരക്ക് ലോറി ഡ്രൈവര്‍മാര്‍ നിരീക്ഷണത്തില്‍ കഴിയണം

Update: 2020-05-03 14:10 GMT

കല്‍പറ്റ: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരികെയെത്തുന്ന ചരക്കുലോറി ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീലാ അബ്ദുല്ല. ഇവര്‍ പൊതു ഇടങ്ങളില്‍ സമ്പര്‍ക്കം നടത്താന്‍ പാടില്ല. ഡ്രൈവറായി വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നതിന് തടസ്സമുണ്ടാവില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുലോറികളില്‍ എത്തുന്ന ഡ്രൈവര്‍മാരെ മുത്തങ്ങ ചെക്‌പോസ്റ്റില്‍ പരിശോധന നടത്തും. സ്വന്തം വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കാനുള്ള സൗകര്യമുള്ളവര്‍ക്ക് വീട്ടിലേക്ക് പോവാന്‍ സാധിക്കും. അല്ലാത്തവരെ കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് അയക്കും. ഇത് നിരീക്ഷണ കാലമായി പരിഗണിക്കില്ല. പൊതു ഇടപെടല്‍ ഒഴിവാക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.

    ചരക്കുലോറി ചെക്‌പോസ്റ്റില്‍ അണുനശീകരണത്തിന് വിധേയമാക്കിയ ശേഷം മറ്റൊരു ഡ്രൈവറെ ജോലിക്കു നിയോഗിച്ച് സാധനങ്ങള്‍ ലക്ഷ്യ സ്ഥാനത്തെത്തിക്കും. ഡ്രൈവര്‍മാരെ മുത്തങ്ങ ചെക്‌പോസ്റ്റില്‍ നിന്ന് വീടുകളിലെത്തിക്കാന്‍ ആവശ്യമായ വാഹന സൗകര്യവും അധികമായി വേണ്ടി വരുന്ന ഡ്രൈവറെയും അതത് വ്യാപാര സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം കലക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ ഉണ്ടാവും. മാനന്തവാടി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കുന്നതിന് വിവിധ സ്ഥലങ്ങളില്‍ ചെക്കിങ് പോയിന്റുകള്‍ സ്ഥാപിച്ചതായി കലക്ടര്‍ പറഞ്ഞു.

    മൊബൈല്‍ പട്രോളിങ് ഉണ്ടാവും. മാനന്തവാടി-നാലാം മൈല്‍, മാനന്തവാടി-കാട്ടിക്കുളം, മാനന്തവാടി-കണ്ണൂര്‍ എന്നീ റോഡുകളിലെ ചെക്കിങ് പോയിന്റുകളില്‍ പരിശോധന നടത്തിയ ശേഷമാണ് വാഹനങ്ങള്‍ മാനന്തവാടിയിലേക്ക് കടത്തിവിടുക. മറ്റ് റോഡുകളിലൂടെ ഗതാഗതം അനുവദിക്കില്ല. മാനന്തവാടി പോലിസ് സ്‌റ്റേഷന്‍ പരിധി കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയതിനാല്‍ അവശ്യസാധനങ്ങളായ പഴം, പച്ചക്കറി, പലവ്യഞ്ജനം, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവു.

    അതിനിടെ, വയനാട്ടില്‍ ഇന്ന് 92 പേര്‍ കൂടി നിരീക്ഷണത്തില്‍ കൊവിഡ് 19 രോഗ പശ്ചാത്തലത്തില്‍ ജില്ലയില്‍ 92 പേര്‍ കൂടി നിരീക്ഷണത്തിലായി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 841 ആയി. ഒരു കൊവിഡ് 19 രോഗ ബാധിതന്‍ ഉള്‍പ്പെടെ ആറ് പേരാണ് നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 41 പേരുടെ നിരീക്ഷണ കാലം പൂര്‍ത്തിയായി. ജില്ലയിലെ 438 സാംപിളുകള്‍ പരിശോധിച്ചതില്‍ 413 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 18 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്.




Tags:    

Similar News