വയനാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും; തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് അധികാരം നല്‍കി ജില്ലാ കലക്ടറുടെ ഉത്തരവ്

Update: 2021-05-26 10:21 GMT

കല്‍പറ്റ: അവശ്യ സര്‍വീസ് ഒഴികെയുള്ള വകുപ്പുകളിലെ ജീവനക്കാരെ കൊവിഡ് നിയന്ത്രണ ജോലികള്‍ക്ക് നിയോഗിക്കാന്‍ പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാര്‍ക്ക് അധികാരം നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പെഴ്‌സണായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ ഉത്തരവ്. അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെടാത്ത വകുപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരെയും അധ്യാപകരെയുമാണ് വിവിധ കോവിഡ് ജോലികള്‍ക്കായി അവര്‍ താമസിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ നിയോഗിക്കുക.

കൊവിഡ് കണ്‍ട്രോള്‍ റൂമുകള്‍, സിഎഫ്എല്‍ടിസികള്‍, സിഎസ്എല്‍ടിസികള്‍, ഡിസിസികള്‍, ജില്ലാ ആശുപത്രി, സാമൂഹികാരോഗ്യകേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവയിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും മറ്റ് അവശ്യസ്ഥാപനങ്ങളിലുമാണ് ഇവരെ നിയോഗിക്കുക. കോവിഡ് അനുബന്ധ ജോലിക്കായി ഇതിനകം നിയോഗിച്ച പലരും അന്യജില്ലക്കാരായതിനാല്‍ ഇവിടങ്ങളില്‍ ജോലിക്കെത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഓരോ തദ്ദേശ സ്ഥാപന പരിധിയിലും സ്ഥിരതാമസക്കാരായ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും അധ്യാപകരുടെയും വിവരങ്ങള്‍ ശേഖരിച്ച് ആവശ്യമായ സ്ഥലങ്ങളില്‍ ജോലിക്കായി ക്രമീകരിക്കുന്നത്.

മറ്റ് ജില്ലകളില്‍ ജോലി ചെയ്യുന്ന, എന്നാല്‍ ലോക്ഡൗണ്‍ മൂലം ജോലി സ്ഥലത്ത് എത്താന്‍ കഴിയാത്ത ജീവനക്കാരെയും അതത് തദ്ദേശ സ്ഥാപന പരിധിയില്‍ ജോലിക്ക് നിയോഗിക്കാം. ചെക്ക് പോസ്റ്റുകളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജീവനക്കാരുടെ ചാര്‍ജ്ജ് ഓഫിസര്‍ അതത് താലൂക്കിലെ തഹസില്‍ദാര്‍മാര്‍ നിയോഗിക്കുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ക്കായിരിക്കും. ജോലിക്ക് നിയോഗിക്കുന്ന ജീവനക്കാരുടെ വിവരങ്ങള്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ജീവനക്കാരുടെ ഓഫീസ് മേധാവിയെ അറിയിക്കേണ്ടതാണ്. വിടുതല്‍ ചെയ്യുമ്പോള്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റും അനുവദിക്കണം.

ജോലിക്ക് നിയോഗിക്കപ്പെടുന്ന ജീവനക്കാര്‍ ജോലിക്ക് ഹാജരാകാതിരിക്കുകയോ കൃത്യവിലോപം കാണിക്കുകയോ ചെയ്യുന്ന പക്ഷം വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്ത നിവാരണ നിയമം വകുപ്പ് (51) ബി പ്രകാരം നടപടിയെടുക്കും.

Tags:    

Similar News