സിപിഒ വിനീതിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്; മരണ കാരണം മേലുദ്യോഗസ്ഥരുടെ പീഡനം

Update: 2024-12-16 07:17 GMT

മലപ്പുറം: അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് കാംപില്‍ ആത്മഹത്യ ചെയ്ത ഹവില്‍ദാര്‍ വിനീതിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്. വിനീത് കടുത്ത മാനസിക സംഘര്‍ഷം നേരിട്ടിരുന്നുവെന്നാണ് സൂചന. ശാരീരിക ക്ഷമതാ പരിശോധനയില്‍ പരാജയപ്പെട്ടതും, ഗര്‍ഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാന്‍ അവധി നല്‍കാത്തതുമെല്ലാം വിനീതിന്റെ മരണത്തിന് കാരണമെന്നാണ് നിഗമനം.

മരിക്കുന്നതിന് മുന്‍പ് വിനീത് താന്‍ നേരിടുന്ന പ്രശ്‌നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിന് ഒരു കുറിപ്പ് നല്‍കിയിരുന്നു. ഈ കുറിപ്പ് തന്റെ രണ്ട് സുഹൃത്തുക്കളെയും, ട്രെയിനിങ്ങിന്റെ ചുമതലയുള്ള അജിത് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും കാണിക്കണമെന്ന് വിനീത് ആവശ്യപ്പെടുന്നുണ്ട്. വിനീത് ശാരീരിക ക്ഷമതാ പരിശോധനയുടെ ഭാഗമായ ഓട്ടമത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍, മേലുദ്യോഗസ്ഥര്‍ കടുത്ത ശിക്ഷ നല്‍കിയിരുന്നു.

ഇതും, ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാന്‍ അവധി നല്‍കാത്തതുമാണ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ബന്ധുവിന് അയച്ച കത്തില്‍ ഓട്ടത്തിന്റെ സമയം വര്‍ധിപ്പിക്കണമെന്നും ചിലര്‍ ചതിച്ചുവെന്നും, പണി കൊടുക്കുന്നവരെ മാറ്റാന്‍ പറയണമെന്നും വിനീത് പറയുന്നുണ്ട്.

വിനീതിന്റെ മരണത്തില്‍ ടി സിദ്ദിഖ് എംഎല്‍എയും പ്രതികരണവുമായി രംഗത്തെത്തി. കൊടും പീഡനത്തിന്റെ ഇരയാണ് വിനീത് എന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായാണ് പോലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും വിനീതിന് അവധി അനുവദിച്ചിരുന്നില്ല. റിഫ്രഷ്‌മെന്റ് കോഴ്‌സുകളില്‍ പരാജയപ്പെടുന്ന പോലിസുകാര്‍ നേരിടുന്നത് കൊടും പീഡനമെന്നും വലിയ സമ്മര്‍ദ്ദത്തിലാണ് കേരളത്തിലെ പോലിസ് സേന പ്രവര്‍ത്തിക്കുന്നത് എന്നും എംഎല്‍എ പറഞ്ഞു.

വയനാട് കല്‍പ്പറ്റ ചെങ്ങഴിമ്മല്‍ വീട്ടില്‍ ഹവില്‍ദാര്‍ വിനീതിനെ കഴിഞ്ഞ ദിവസം രാത്രി 8:50നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വയം വെടിയുതിര്‍ത്തതാണെന്നാണ് നിഗമനം. കാംപിലെ ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. നേരത്തെ, ഒരു കമാന്‍ഡോ ജോലി സമ്മര്‍ദ്ദം കാരണം കാംപ്് വിട്ട് പോയിരുന്നു. മറ്റൊരു വനിത കമാന്‍ഡോ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.

Tags: