കൊവിഡ് 19: വയനാട്ടില്‍ 353 പേര്‍ കൂടി നിരീക്ഷണത്തില്‍

Update: 2020-04-03 15:10 GMT

കല്‍പറ്റ: വയനാട് ജില്ലയില്‍ 353 പേര്‍ കൂടി കൊവിഡ് നിരീക്ഷണത്തില്‍. ഇതോടെ നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10,842 ആയി. കൊവിഡ് 19 സ്ഥിരീകരിച്ച 3 പേര്‍ ഉള്‍പ്പെടെ 7 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 8 സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതുവരെ അയച്ച 143 സാംപിളുകളില്‍ 123 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 14 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

    സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചതോടെ കമ്മ്യൂണിറ്റി കിച്ചനുകളുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്ന് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല അറിയിച്ചു. സഹായ വിലയ്ക്ക് നല്‍കുന്ന ഭക്ഷണം കുടുംബശ്രീ കൗണ്ടറുകള്‍ വഴിയും സൗജന്യ ഭക്ഷണം കമ്മ്യൂണിറ്റി കിച്ചണ്‍ വഴിയും ലഭ്യമാക്കും. ജില്ലയില്‍ ഇന്ന് 2027 പേര്‍ക്ക് സൗജന്യ ഭക്ഷണവും 1279 പേര്‍ക്ക് സഹായ വിലയ്ക്കുള്ള ഭക്ഷണവും കമ്മ്യൂണിറ്റി കിച്ചണ്‍ വഴി നല്‍കി.

    അതിര്‍ത്തി കടന്ന് 26 വാഹനങ്ങള്‍ ജില്ലയിലേക്ക് എത്തിയിട്ടുണ്ട്. അതിര്‍ത്തിയില്‍ ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. നിരീക്ഷണത്തില്‍ കഴിയുന്നതിനായി ആരോഗ്യ വകുപ്പിന്റെകര്‍ശന നിര്‍ദേശമുള്ളവര്‍ 28 ദിവസത്തെ നിരീക്ഷണ കാലയളവ് നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. കൊവിഡ് കെയര്‍ സെന്ററായി മാറ്റിയ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി.




Tags: