വൈദികര്‍ക്കെതിരെ വിവാദ പരാമര്‍ശം; വയനാട് ബിജെപി അധ്യക്ഷനെ നീക്കി

Update: 2024-02-29 06:03 GMT
കല്‍പ്പറ്റ: പുല്‍പ്പള്ളിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വൈദികര്‍ക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ വയനാട് ജില്ലാ പ്രസിഡന്റിനെതിരെ നടപടി. ജില്ലാ പ്രസിഡന്റായ കെപി മധുവിനെ മാറ്റി പകരം ചുമതല നിലവിലെ സെക്രട്ടറി പ്രശാന്ത് മലവയലിന് കൈമാറി. കുറുവാ ദ്വീപിലെ താത്ക്കാലിക വനംവാച്ചറായിരുന്ന പോളിനെ കാട്ടാന കൊലപ്പെടുത്തിയതിന് പിന്നാലെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇത് പിന്നീട് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ പ്രതിഷേധിച്ചവര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു വിവാദപരാമര്‍ശം. പുല്‍പ്പള്ളി സംഘര്‍ഷത്തിന് കാരണ ളോഹ ഇട്ടവരാണെന്ന പരാമര്‍ശമാണ് ഇദ്ദേഹം നടത്തിയത്.

ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഏകപക്ഷീയമായാണ് പോലിസ് കേസെടുത്തതെന്നും ളോഹയിട്ട ചിലരാണ് പുല്‍പ്പള്ളിയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതെന്നുമായിരുന്നു മധുവിന്റെ പ്രസ്താവന. എന്നാല്‍ താനങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു മധുവിന്റെ നിലപാട്. സംഭവത്തില്‍ മധുവിനോട് പാര്‍ട്ടി സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് നടപടി.


Tags: